ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

ഇന്ത്യയുടെ 'അയല്‍പക്കം ആദ്യം' നയത്തിലും 'വിഷന്‍ സാഗറി'ലും ശ്രീലങ്ക മുഖ്യപങ്കാളി-ലോക്‌സഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള

Posted On: 28 AUG 2025 7:22PM by PIB Thiruvananthpuram
ലോക്സഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള ശ്രീലങ്ക-ഇന്ത്യ പാര്‍ലമെന്ററി സൗഹൃദ അസോസിയേഷന്റെ 24 അംഗ ഉന്നതതല പ്രതിനിധി സംഘവുമായി പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തില്‍ കൂടിക്കാഴ്ച നടത്തി.

ശ്രീലങ്കയുടെ ഹെല്‍ത്ത് ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ മന്ത്രിയും ശ്രീലങ്ക-ഇന്ത്യ പാര്‍ലമെന്ററി സൗഹൃദ അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. നളിന്ദ ജയതിസ്സയാണ് പ്രതിനിധി സംഘത്തെ നയിച്ചത്.

''ഇന്ത്യയും ശ്രീലങ്കയും ചരിത്രപരവും ആഴത്തിലുള്ള സാംസ്‌കാരികവും നാഗരികവുമായ ബന്ധങ്ങള്‍ പങ്കിടുന്നുവെന്ന് പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തുകൊണ്ട് സ്പീക്കര്‍ ശ്രീ ഓം ബിര്‍ള പറഞ്ഞു. ഇന്ന്, ഈ ബന്ധം ശക്തമായ, ബഹുമുഖ പങ്കാളിത്തമായി പരിണമിച്ചിരിക്കുന്നു. ഇന്ത്യയുടെ 'അയല്‍പക്കം ആദ്യം' നയത്തിലും 'വിഷന്‍ സാഗര്‍' നയത്തിലും ശ്രീലങ്കയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്.

2025 ഏപ്രിലിലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തെയും 2024 ഡിസംബറില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഇന്ത്യാ സന്ദര്‍ശനത്തെയും ഉഭയകക്ഷി ബന്ധങ്ങളിലെ നാഴികക്കല്ലുകളാണെന്ന് അടുത്തിടെ നടന്ന ഉന്നതതല വിനിമയങ്ങളെ പരാമര്‍ശിച്ചു കൊണ്ട് ശ്രീ ബിര്‍ള വിശേഷിപ്പിച്ചു.


ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ഇന്ത്യ-ശ്രീലങ്ക പാര്‍ലമെന്ററി സൗഹൃദ അസോസിയേഷന്‍ സ്ഥാപിച്ചതിനെ സ്വാഗതം ചെയ്ത  സ്പീക്കര്‍ ബിര്‍ള  ഇത് ഉഭയകക്ഷി ബന്ധത്തിന്റെ ശക്തിയുടെ തെളിവാണെന്നും വിശേഷിപ്പിച്ചു. ജനാധിപത്യ സമ്പ്രദായങ്ങളും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ അനുഭവങ്ങളും പങ്കുവെക്കുന്നതിന് ഇരു രാജ്യങ്ങളിലെയും പാര്‍ലമെന്റുകള്‍ തമ്മില്‍ സ്ഥാപനപരമായ സഹകരണത്തിന്റെയും പതിവ് സംവാദത്തിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത്തരം കൈമാറ്റങ്ങള്‍ ജനാധിപത്യ മൂല്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെയും ശ്രീലങ്കയുടെയും പൈതൃകം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്ന് അടിവരയിട്ട് പറഞ്ഞ ശ്രീ ബിര്‍ള ആഴത്തില്‍ വേരൂന്നിയ സാംസ്‌കാരികവും ജനങ്ങളും തമ്മിലുള്ള ബന്ധം ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന സ്തംഭങ്ങളായി മാറുന്നുവെന്നും പറഞ്ഞു. രാമായണ, ബുദ്ധ ടൂറിസം സര്‍ക്യൂട്ടുകളുടെ വികസനം, സാംസ്‌കാരിക വിനിമയം, വര്‍ദ്ധിച്ചുവരുന്ന ജനങ്ങള്‍ക്കിടയിലെ  അടുപ്പം എന്നിവ ഈ ബന്ധത്തിന് ശക്തമായ അടിത്തറ നല്‍കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ എഐ സാങ്കേതികവിദ്യയുടെയും ഡിജിറ്റല്‍ കണ്ടുപിടുത്തങ്ങളുടെയും ഉപയോഗം സുതാര്യതയും കാര്യക്ഷമതയും പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിച്ചതായും പേപ്പര്‍ രഹിത നടപടിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.110 ലധികം രാജ്യങ്ങളില്‍ നിന്നുള്ള നിയമസഭാ സാമാജികരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ നടത്തുന്നതില്‍ പ്രൈഡിന്റെ പങ്ക് ശ്രീ ബിര്‍ള പങ്കുവെക്കുകയും ഈ നൂതനാശയങ്ങള്‍ മറ്റ് രാജ്യങ്ങളുമായി പങ്കിടാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.

ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി കാലയളവിലെ ആദ്യപ്രതികരണത്തിന് ഡോ. നളിന്ദ ജയതിസ്സ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതില്‍ ഇന്ത്യയുടെ പങ്കിനെ പ്രശംസിച്ച അദ്ദേഹം ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ ഇന്ത്യയുടെ സഹകരണത്തെ ശ്രീലങ്കയുടെ ജീവനാഡിയായും വിശേഷിപ്പിച്ചു.

നിലവില്‍, ഇന്ത്യ-ശ്രീലങ്ക സഹകരണം നിക്ഷേപം നയിക്കുന്ന വികസനം, സാമ്പത്തിക സഹായം, വ്യാപാരം, ടൂറിസം, വിദ്യാഭ്യാസം, സാംസ്‌കാരിക വിനിമയം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രതിരോധം, ഊര്‍ജം, ആരോഗ്യം, വാര്‍ത്താവിനിമയം, മതപരമായ ടൂറിസം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പുവച്ചു.


ശ്രീലങ്കന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം 2025 ഓഗസ്റ്റ് 26 മുതല്‍ 30 വരെ ഇന്ത്യാ സന്ദര്‍ശനത്തിലാണ്. ഇതില്‍ 20 പാര്‍ലമെന്റ് അംഗങ്ങളും 4 പാര്‍ലമെന്ററി ജീവനക്കാരും ഉള്‍പ്പെടുന്നു.

*************************

(Release ID: 2161705) Visitor Counter : 19
Read this release in: Hindi , English , Urdu , Marathi , Odia