ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
5 മുതൽ 15 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് വിവരം പുതുക്കൽ (MBU) സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് UIDAI ഇന്ത്യയിലെമ്പാടുമുള്ള സ്ക്കൂളുകൾക്ക് നിർദ്ദേശം നൽകി
Posted On:
27 AUG 2025 5:29PM by PIB Thiruvananthpuram
യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് (UDISE+) ആപ്ലിക്കേഷനിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് വിവരം പുതുക്കുന്നതിനായി (MBU) യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പുമായി കൈകോർക്കുന്നു - കോടിക്കണക്കിന് വിദ്യാർത്ഥികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് വിവരം പുതുക്കുന്നതിനുള്ള നടപടികൾ (MBU) ഇതോടെ സുഗമമാകും.
അഞ്ച് വയസ്സുള്ള കുട്ടികൾക്ക്, പതിനഞ്ച് വയസ്സാകുമ്പോൾ, നിർബന്ധിത ആധാർ ബയോമെട്രിക് വിവരം പുതുക്കൽ (MBU) സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ ആധാറിലുള്ള ബയോമെട്രിക് വിവരങ്ങളുടെ കൃത്യതയും വിശ്വാസ്യതയും നിലനിർത്തുന്നതിൽ ഇത് നിർണ്ണായകമാണ്. ആധാർ ബയോമെട്രിക് വിവരം പുതുക്കാത്ത ഏകദേശം 17 കോടി ആധാർ നമ്പറുകളുണ്ടെന്നാണ് കണക്ക്.
നിർബന്ധിത ആധാർ ബയോമെട്രിക് വിവരം പുതുക്കൽ (MBU) കുട്ടികളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അല്ലാത്തപക്ഷം പിന്നീട് വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ആധികാരികത ഉറപ്പാക്കുന്നതിലും, NEET, JEE, CUET തുടങ്ങിയ മത്സര, സർവകലാശാലാ പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്യുന്നതിലും കുട്ടികൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. പലപ്പോഴും വിദ്യാർത്ഥികളും രക്ഷിതാക്കളും അവസാന നിമിഷം ആധാർ പുതുക്കാൻ തിരക്കുകൂട്ടുന്നത് അനാവശ്യ ആശങ്കകളിലേക്ക് നയിക്കുന്നു. സമയബന്ധിത ആധാർ ബയോമെട്രിക് വിവരം പുതുക്കൽ മുഖേന ഇത് ഒഴിവാക്കാനാകും.
ഈ സംരംഭത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടും MBU ക്യാമ്പുകൾ നടത്തുന്നതിനുള്ള പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടും UIDAI CEO ശ്രീ. ഭുവനേഷ് കുമാർ എല്ലാ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതിയിട്ടുണ്ട്.
"സ്ക്കൂളുകളിൽ ഇതിനായുള്ള ക്യാമ്പ് സംഘടിപ്പിച്ച്, പുതുക്കാത്ത MBU വിവരങ്ങൾ എളുപ്പത്തിൽ പുതുക്കാൻ കഴിയുമെന്ന് കരുതുന്നു. ബയോമെട്രിക് വിവരം പുതുക്കാത്ത വിദ്യാർത്ഥികളെ സ്ക്കൂളുകൾ എങ്ങനെ തിരിച്ചറിയും എന്നതായിരുന്നു പ്രധാന ചോദ്യം. UIDAI യുടെയും ഭാരത സർക്കാരിന് കീഴിലുള്ള സ്ക്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റെയും സാങ്കേതിക സംഘങ്ങൾ UDISE+ ആപ്ലിക്കേഷൻ മുഖേനയുള്ള ഒരു പരിഹാരത്തിനായി വിജയകരമായി പ്രവർത്തിച്ചു. ഇപ്പോൾ എല്ലാ സ്ക്കൂളുകൾക്കും പുതുക്കാത്ത MBU-സംബന്ധിച്ച വിവരങ്ങൾ കാണാൻ കഴിയും." UIDAI CEO കത്തിൽ വ്യക്തമാക്കി.
UDISE+ നെക്കുറിച്ച്
യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് (UDISE+), സ്ക്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്ന, സ്ക്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന് കീഴിലുള്ള ഒരു വിദ്യാഭ്യാസ മാനേജ്മെന്റ് ഇൻഫോർമേഷൻ സിസ്റ്റം ആണ്.
കുട്ടികളുടെ ആധാർ ബയോമെട്രിക് വിവരം പുതുക്കുന്നത് സുഗമമാക്കാൻ UIDAI-യും സ്കൂൾ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിച്ച ഈ സംരംഭം ഏറെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
SKY
****
(Release ID: 2161442)
Visitor Counter : 9