റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ടോൾ പ്ലാസ ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസ പിന്തുണയ്ക്കായി ദേശീയപാത അതോറിറ്റി (NHAI) ‘പ്രോജക്ട് ആരോഹൺ’ പദ്ധതി ആരംഭിച്ചു
Posted On:
26 AUG 2025 5:39PM by PIB Thiruvananthpuram
ടോൾ പ്ലാസ ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസപരമായ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി, ദേശീയപാത അതോറിറ്റി - NHAI, വെർട്ടിസ് ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റുമായി സഹകരിച്ച് 'പ്രോജക്ട് ആരോഹൺ' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ന്യൂഡൽഹിയിലെ ദേശീയപാത അതോറിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ NHAI ചെയർമാൻ ശ്രീ സന്തോഷ് കുമാർ യാദവും വെർട്ടിസ് ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ജോയിന്റ് സിഇഒയുമായ ഡോ. സഫർ ഖാനും NHAI-യിലെ മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്കും, ആദ്യ തലമുറ പഠിതാക്കൾക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗങ്ങൾ/മറ്റ് പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷ സമുദായങ്ങൾ എന്നിവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം വിവേചനരഹിതമായി ലഭ്യമാക്കുന്നതിനും സാമ്പത്തിക തടസ്സങ്ങൾ നീക്കുന്നതിനും സാമൂഹിക-സാമ്പത്തിക അന്തരം ഇല്ലാതാക്കുന്നതിനും ഈ ഉദ്യമം ലക്ഷ്യമിടുന്നു.
എസ്എംഇസി ട്രസ്റ്റിന്റെ ഭാരത് കെയേഴ്സ് ആണ് പദ്ധതി നടപ്പിലാക്കുന്നത്, ‘പ്രോജക്ട് ആരോഹണിന്റെ’ ആദ്യ ഘട്ടത്തിൽ 1 കോടി രൂപയുടെ സാമ്പത്തിക വിഹിതമുണ്ടാകും. 2025 ജൂലൈ മുതൽ 2026 മാർച്ച് വരെയാണ് ഇതിന്റെ കാലാവധി. 2025-26 സാമ്പത്തിക വർഷത്തിൽ 11-ാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള 500 വിദ്യാർത്ഥികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ വിദ്യാർത്ഥിക്കും പ്രതിവർഷം 12,000 രൂപ സ്കോളർഷിപ്പ് ലഭിക്കും. കൂടാതെ, ബിരുദാനന്തര ബിരുദത്തിനും ഉയർന്ന പഠനങ്ങൾക്കും താൽപ്പര്യമുള്ള 50 മിടുക്കരായ വിദ്യാർത്ഥികൾക്ക് ഓരോരുത്തർക്കും 50,000 രൂപയുടെ സ്കോളർഷിപ്പും നൽകി പിന്തുണ നൽകും. പദ്ധതി സാമ്പത്തിക സഹായത്തോടൊപ്പം ഘടനാപരമായ മാർഗ്ഗനിർദ്ദേശങ്ങൾ, നൈപുണ്യ വികസന ശില്പശാലകൾ, ഉന്നതവിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം എന്നിവയ്ക്കായി വിദ്യാർത്ഥികളെ സമഗ്രമായി തയ്യാറാക്കുന്നതിനുള്ള കരിയർ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയുമായി സംയോജിപ്പിക്കുന്നു.
“നമ്മുടെ ഹൈവേകൾ എല്ലാ ദിവസവും പ്രവർത്തിപ്പിക്കുന്ന ആളുകളോടും അവരുടെ കുടുംബങ്ങളുടെ അഭിലാഷങ്ങളോടുമുള്ള NHAI-യുടെ പ്രതിബദ്ധതയാണ് ‘പ്രോജക്ട് ആരോഹൺ’ പ്രതിഫലിപ്പിക്കുന്നത്" എന്ന് ചടങ്ങിൽ സംസാരിച്ച NHAl ചെയർമാൻ ശ്രീ സന്തോഷ് കുമാർ യാദവ് പറഞ്ഞു. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും മാർഗ്ഗനിർദ്ദേശത്തിലും മുതൽ മുടക്കുന്നതിലൂടെ ഇന്ത്യയുടെ അടുത്ത ദശകത്തിലെ വളർച്ചയ്ക്ക് കരുത്ത് പകരുന്ന പ്രതിഭകളെ നമ്മൾ പരിപോഷിപ്പിക്കുകയാണ്. ”
വെർട്ടിസ് ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ജോയിന്റ് സിഇഒയുമായ ഡോ. സഫർ ഖാനും തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു, “വെർട്ടിസിൽ, അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നത് മാനുഷിക കഴിവുകൾ വളർത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രോജക്ട് ആരോഹണിലൂടെ, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്താൻ NHAI, SMEC ട്രസ്റ്റ് എന്നിവരുമായി സഹകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. വാഗ്ദാനങ്ങളെ പ്രകടനങ്ങളാക്കി മാറ്റുന്ന വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിലൂടെ, കുടുംബങ്ങൾക്കും പ്രാദേശിക സമ്പദ് വ്യവസ്ഥകൾക്കും പ്രയോജനം ലഭിക്കുകയും, അതുവഴി ശക്തമായ ഒരു ഭാരതം സൃഷ്ടിക്കുകയും ചെയ്യുന്നു.” അദ്ദേഹം പറഞ്ഞു.
അക്കാദമിക് റെക്കോർഡുകൾ, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ തുടങ്ങിയ പ്രസക്തമായ രേഖകൾ സമർപ്പിക്കാൻ ആവശ്യമായ ഒരു ഓൺലൈൻ പോർട്ടൽ വഴിയായിരിക്കും അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടികൾ. സ്കോളർഷിപ്പുകൾ നൽകുന്നതിന് സുതാര്യതയും ഉൾച്ചേർക്കൽ ഉറപ്പാക്കുന്നതിനായി വ്യവസ്ഥാപിതമായ തിരഞ്ഞെടുപ്പ് പ്രക്രിയയും ഉണ്ടായിരിക്കും, അതോടൊപ്പം അർഹരായ വിദ്യാർത്ഥികളെ ദീർഘകാലത്തേക്ക് പിന്തുണയ്ക്കുന്നതിനുള്ള തുടർച്ചയായ മാർഗ്ഗനിർദ്ദേശവും പുരോഗതി അവലോകനവും ഉണ്ടായിരിക്കും.
രാജ്യവ്യാപകമായുള്ള ഈ പദ്ധതി ദേശീയപാതകളിലെ ടോൾ പ്ലാസകളുടെ വിപുലമായ ശൃംഖലയിൽ വിന്യസിച്ചിട്ടുള്ള ടോൾ പ്ലാസ ജീവനക്കാരിൽ എത്തിച്ചേരും. ദൂരവ്യാപകമായി സ്വാധീനം ചെലുത്തുന്ന ‘പ്രോജക്ട് ആരോഹൺ’ രാജ്യത്തുടനീളമുള്ള ടോൾ പ്ലാസ ജീവനക്കാരുടെ മിടുക്കരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം, കരിയർ അവബോധം, ഘടനാപരമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ നൽകുന്നതിന് വളരെയധികം സഹായിക്കും.
SKY
*****
(Release ID: 2161117)