ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഫിജി പ്രധാനമന്ത്രി യുഐഡിഎഐ ആസ്ഥാനം സന്ദർശിച്ചു
ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ അടിത്തറയായ ആധാർ, നിരവധി നൂതന ഡിജിറ്റൽ പ്രതിവിധികളിൽ ഒന്നായ ഡിജിലോക്കർ എന്നിവ പ്രദർശിപ്പിച്ചു
Posted On:
26 AUG 2025 5:59PM by PIB Thiruvananthpuram
ഫിജി റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ശ്രീ സിതിവേനി ലിഗമമഡ റബുകയും ഉന്നതതല പ്രതിനിധി സംഘവും ചൊവ്വാഴ്ച ന്യൂഡൽഹിയിലെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ആസ്ഥാനം സന്ദർശിച്ചു. യുഐഡിഎഐയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ഭുവനേഷ് കുമാറും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെയും ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ ഊഷ്മളമായി സ്വാഗതം ചെയ്തു.
സന്ദർശന വേളയിൽ, ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ അടിത്തറയായ മുൻനിര ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനത്തെക്കുറിച്ച് ഫിജി പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
യുഐഡിഎഐയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീ. വിവേക് ചന്ദ്ര വർമ്മ, എൻ ഇ ജി ഡി പ്രസിഡന്റും സിഇഒയുമായ ശ്രീ. നന്ദ് കുമാരം എന്നിവർ യഥാക്രമം ആധാറിനെക്കുറിച്ചും ഡിജിലോക്കറിനെക്കുറിച്ചും വിശദമായ അവതരണങ്ങൾ നടത്തി. പൗരന്മാരെ ശാക്തീകരിക്കുന്നതിലും എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഭരണം പ്രാപ്തമാക്കുന്നതിലും അവയുടെ പങ്ക് എടുത്തുപറഞ്ഞു. രാജ്യത്ത് വിപുലമായ തോതിൽ ഡിജിറ്റൽ പരിവർത്തനവും സേവന വിതരണവും സാധ്യമാക്കുന്നതിൽ ഈ സംവിധാനങ്ങളുടെ രൂപകൽപ്പന, നിർവഹണം, സ്വാധീനം എന്നിവ അവർ വിശദീകരിച്ചു.
ആധാർ എൻറോൾമെന്റ് പ്രക്രിയയെക്കുറിച്ച് നടത്തിയ തത്സമയ പ്രദർശനവും പ്രതിനിധി സംഘം വീക്ഷിച്ചു. ഇത് ഇന്ത്യയുടെ ഡിജിറ്റൽ തിരിച്ചറിയൽ ആവാസവ്യവസ്ഥയുടെ വിപുലത, കാര്യക്ഷമത, സുരക്ഷ, സുഗമമായ പ്രവർത്തന രീതി എന്നിവയെക്കുറിച്ചുള്ള നേരിട്ടുള്ള ഉൾക്കാഴ്ചകൾ നൽകി.
നൂതന ഡിജിറ്റൽ പരിവർത്തന പ്രതിവിധികളുടെ വികസനത്തിലെ സഹകരണം ഉൾപ്പെടെ ഡിജിറ്റൽ പരിവർത്തന മേഖലയിൽ ഇന്ത്യയും ഫിജിയും തമ്മിൽ വളർന്നുവരുന്ന സഹകരണത്തെ ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നു. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിലെ വൈദഗ്ദ്ധ്യം ആഗോള പങ്കാളികളുമായി പങ്കുവയ്ക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെയും ഇത് പ്രതിഫലിപ്പിക്കുന്നു
SKY
****
(Release ID: 2161087)
Visitor Counter : 7