ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഓപ്പറേഷൻ “റെയിൻബോ”യുടെ ഭാഗമായി ഡൽഹിയിൽ ഡിആർഐ ഉദ്യോഗസ്ഥർ ഏകദേശം 40 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ പിടിച്ചെടുത്തു

Posted On: 26 AUG 2025 8:43PM by PIB Thiruvananthpuram
മയക്കുമരുന്ന് കടത്തിനും വിതരണ സിൻഡിക്കേറ്റുകൾക്കുമെതിരായ ഒരു സുപ്രധാന നീക്കത്തിൽ, “റെയിൻബോ” എന്ന രഹസ്യ ഓപ്പറേഷനു കീഴിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ വലിയ അളവിൽ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു.

 മൃദുവായ കളിപ്പാട്ടങ്ങളിൽ ഒളിപ്പിച്ച് ആഭ്യന്തര കൊറിയർ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് ചെറിയ അളവിൽ കൊക്കെയ്ൻ കടത്തുന്ന രീതിയെക്കുറിച്ച് ന്യൂഡൽഹിയിലെ ഡിആർഐയുടെ പ്രത്യേക രഹസ്യാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇന്റലിജൻസ് സൂചനകളെത്തുടർന്ന് ന്യൂഡൽഹിയിലെ മെഹ്‌റൗളിയിലുള്ള വിവിധ സ്ഥലങ്ങളിൽ ഏകോപിപ്പിച്ച തിരച്ചിൽ പ്രവർത്തനങ്ങൾ നടന്നു. ഈ ഓപ്പറേഷനിൽ 3095.5 ഗ്രാം കൊക്കെയ്ൻ, 4421 ഗ്രാം ഹാഷിഷ്, ഗുളിക രൂപത്തിൽ 1305.5 ഗ്രാം എംഡിഎംഎ, 46 ഗ്രാം ആംഫെറ്റാമൈൻ എന്നിവ കണ്ടെടുത്തു.

അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 40 കോടി രൂപ വിലമതിക്കുന്ന ഏകദേശം 9 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കു മരുന്നുകളിൽ വലിയൊരു ഭാഗവും വിതരണത്തിന് തയ്യാറായ വിധത്തിൽ ഗുളികകളുടെയോ ചെറിയ പൊതികളുടെയോ രൂപത്തിലാണ് കണ്ടെത്തിയത്.

ഡൽഹിയിലെ ജനസാന്ദ്രതയും തിരക്കേറിയതുമായ പ്രദേശത്താണ് ഈ പ്രത്യേക ദൗത്യത്തിലൂടെ മയക്കുമരുന്ന് കണ്ടെത്തിയത്. 1985-ലെ എൻ‌ഡി‌പി‌എസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ഒരാളെ കേസിൽ ഇതുവരെ പിടികൂടിയിട്ടുണ്ട്. ഡൽഹിയിൽ താമസിക്കുന്ന വിദേശ പൗരന്മാരെ ഉപയോഗിച്ച് കൊറിയർ ശൃംഖലകൾ വഴി മയക്കുമരുന്ന് ഒളിപ്പിക്കുന്നതിനും കടത്തുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഒരു അന്താരാഷ്ട്ര സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുന്നു. രാജ്യത്ത് മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ ഭീഷണിയെ ചെറുക്കുന്നതിൽ ഡി‌ആർ‌ഐയുടെ പ്രതിജ്ഞാബദ്ധത ഈ ഓപ്പറേഷൻ ആവർത്തിച്ച് തെളിയിക്കുന്നു.
 
*****

(Release ID: 2161084)
Read this release in: English , Urdu , Hindi , Bengali