ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ആഗോള വിശപ്പ് പ്രതിസന്ധിക്കെതിരെ പോരാടുന്നതിന് ഇന്ത്യ ലോക ഭക്ഷ്യ പദ്ധതിയില്‍ പങ്കാളിയാകുന്നു

Posted On: 25 AUG 2025 5:03PM by PIB Thiruvananthpuram
ആഗോള വിശപ്പ് പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഉദ്ദേശ്യപത്രം (ലെറ്റര്‍ ഓഫ് ഇന്റന്റ്) ഒപ്പുവെച്ചുകൊണ്ട് ഇന്ത്യാ ഗവണ്‍മെന്റും ലോക ഭക്ഷ്യ പദ്ധതിയും (ഡബ്ല്യു.എഫ്.പി)  ഒരു സുപ്രധാന നാഴികക്കല്ല് ഇന്ന് പ്രഖ്യാപിച്ചു.
 
ആഗോളതലത്തില്‍ പ്രതിസന്ധി മേഖലകളിലെ ഏറ്റവും ദുര്‍ബല ജനവിഭാഗങ്ങളുടെ ഭക്ഷണ, പോഷക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതിന് വേണ്ടി, ഇന്ത്യയില്‍ നിന്ന് ഫോര്‍ട്ടിഫൈഡ് അരി വിതരണം ചെയ്യാനുള്ള അവസരം ഈ സംരംഭത്തിന്റെ കീഴില്‍ കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പ്, ഡബ്ല്യു.എഫ്.പിക്ക് നല്‍കുന്നു.
 
ആഗോള പങ്കാളിത്തത്തിന്റെ ശക്തിയെ ഈ സഹകരണം അടിവരയിടുന്നു. ഇന്ത്യയില്‍ നിന്ന് അരി ശേഖരിക്കുന്നതിലൂടെ, ഡബ്ല്യു.എഫ്.പി ഒരു കാര്‍ഷികമിച്ച രാജ്യത്തിന്റെ വിഭവങ്ങള്‍ ഉപയോഗിച്ച് ജീവരക്ഷാ സഹായം എത്തിക്കുകയും വിശപ്പിനെതിരെ പ്രകടമായ പുരോഗതി കൈവരിക്കുകയും ചെയ്യും.
 
'' ഭൂമി ഒരു കുടുംബമാണ് ' എന്ന വസുധൈവ കുടുംബക തത്വത്തിലും പാരസ്പര്യത്തോടും പൊതുഭാവിയോടുമുള്ള കൂട്ടുത്തരവാദിത്തത്തിലും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന, പരിഗണന ആവശ്യമുള്ള സമൂഹങ്ങള്‍ക്ക് രാജ്യം നല്‍കുന്ന മാനുഷിക പിന്തുണ ഈ സമീപനത്തിന്റെ ഭാഗമാണ്,' ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി ശ്രീ. സഞ്ജീവ് ചോപ്ര പറഞ്ഞു.
 
'ഭക്ഷ്യസുരക്ഷിതവും സമാധാനപരവുമായ ഒരു ലോകം വളര്‍ത്തിയെടുക്കുന്നതിനുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധതയെ ഞങ്ങള്‍ ആഴത്തില്‍ അഭിനന്ദിക്കുന്നു'' എന്ന് ഡബ്ല്യു.എഫ്.പി ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാള്‍ സ്‌കൗ പറഞ്ഞു. പ്രത്യേകിച്ചും മനുഷ്യത്വപരമായ ധനസഹായം പരിമിതപ്പെടുത്തുന്നതിനിടയില്‍ ലോകം വര്‍ദ്ധിച്ചുവരുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുമ്പോള്‍, വിശപ്പിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ നല്‍കുന്ന സംഭാവനകളെ ഡബ്ല്യു.എഫ്.പി ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൃതജ്ഞത പ്രകടിപ്പിച്ചുകൊണ്ട് പ്രശംസിച്ചു.
 
 
2025 ഫെബ്രുവരിയില്‍ റോമില്‍ നടന്ന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അനുബന്ധ പരിപാടിയിലെ ചര്‍ച്ചകളുടെ പര്യവസാനത്തെയാണ് ഈ സംരംഭം സൂചിപ്പിക്കുന്നത്. അവിടെവെച്ച് ഇന്ത്യാ ഗവണ്‍മെന്റിന്റെയും ഡബ്ല്യു.എഫ്.പിയുടെയും പ്രതിനിധികള്‍ സഹകരിക്കാനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞിരുന്നു. മനുഷ്യത്വപരമായ വിതരണത്തിന് ആശ്രയിക്കാവുന്ന ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കുന്നതിന് ഈ ഉദ്ദേശ്യപത്രം അടിത്തറയിടുന്നു.
 
വിതരണ ശ്യംഖലാ ഉത്തമവത്കരണം (വിതരണം/നിര്‍വഹണം), അരിവിപണന ശാക്തീകരണം, അന്നപൂര്‍ത്തി ഉപകരണങ്ങള്‍ (ധാന്യ എ.ടി.എമ്മുകള്‍), ജന്‍ പോഷന്‍ കേന്ദ്ര, നിപുണ സംഭരണ സാങ്കേതികവിദ്യ,  മൊബൈല്‍ സ്‌റ്റോറേജ് യൂണിറ്റുകൾ) തുടങ്ങിയ ഡബ്ല്യു.എഫ്.പിയുമായുള്ള മറ്റ് തുടര്‍ സഹകരണ ഉദ്യമങ്ങളും ഭാവിയില്‍ സഹകരണ സാധ്യതയുള്ള മേഖലകളും ചര്‍ച്ച ചെയ്തു.
 
 
******

(Release ID: 2160743)