ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഇന്ത്യയിലുടനീളമുള്ള സഹകരണ ബാങ്കുകൾക്ക് പ്രയോജനം ലഭിക്കുന്നതിന് ആധാർ അധിഷ്ഠിത പ്രാമാണീകരണ ചട്ടക്കൂട് പുറത്തിറക്കി UIDAI
പുതിയ UIDAI ചട്ടക്കൂടിന് കീഴിൽ 380 സഹകരണ ബാങ്കുകൾ ആധാർ സേവനങ്ങൾ പ്രയോജനപ്പെടുത്തി സാമ്പത്തിക ഉൾച്ചേർക്കൽ ഉറപ്പാക്കും
Posted On:
21 AUG 2025 5:59PM by PIB Thiruvananthpuram
അന്താരാഷ്ട്ര സഹകരണ വർഷാചരണ ഭാഗമായി ആധാർ അധിഷ്ഠിത പ്രാമാണീകരണ സേവനങ്ങൾ നൽകാൻ സഹകരണ ബാങ്കുകളെ പ്രാപ്തരാക്കുന്നതിന് യൂണിക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഒരു പുതിയ ചട്ടക്കൂട് ആവിഷ്കരിച്ചു. ഇതിലൂടെ ബാങ്കിംഗ് സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനും ഡിജിറ്റൽ ഉൾച്ചേർക്കലിനും ശക്തമായ ഉത്തേജനം നൽകുന്നു.
സഹകരണ മന്ത്രാലയം, നബാർഡ്, നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI), സഹകരണ ബാങ്കുകൾ എന്നിവയുമായി കൂടിയാലോചിച്ചാണ് ഈ ചട്ടക്കൂട് വികസിപ്പിച്ചത്. രാജ്യത്തുടനീളമുള്ള 34 സംസ്ഥാന സഹകരണ ബാങ്കുകളേയും (SCBs) 352 ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളെയും (DCCBs) ഇത് ഉൾക്കൊള്ളുന്നു.
പുതിയ സംവിധാനത്തിന് കീഴിൽ ആധാർ സേവനങ്ങൾ സ്വീകരിക്കുന്നതിനുള്ള പ്രക്രിയ ലളിതവും ചെലവ് കുറഞ്ഞതുമാക്കി. സംസ്ഥാന സഹകരണ ബാങ്കുകൾ മാത്രമേ UIDAI യിൽ പ്രാമാണീകരണ ഉപയോക്തൃ ഏജൻസികളായും (AUA) eKYC ഉപയോക്തൃ ഏജൻസികളായും (KUA) രജിസ്റ്റർ ചെയ്യുകയുള്ളൂ.
DCCB കൾക്ക് അതത് SCB കളുടെ ആധാർ പ്രാമാണീകരണ ആപ്ലിക്കേഷനും ഐ ടി അടിസ്ഥാന സൗകര്യങ്ങളും തടസ്സമില്ലാതെ ഉപയോഗിക്കാൻ കഴിയും. ഇത് DCCB കൾക്ക് പ്രത്യേക ഐ ടി സംവിധാനങ്ങൾ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത ഇല്ലാതാക്കുകയും ചെലവ് ലാഭിക്കുകയും സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു.
ഈ ചട്ടക്കൂടിലൂടെ സഹകരണ ബാങ്കുകൾക്ക് ആധാർ അധിഷ്ഠിത സേവനങ്ങൾ പ്രയോജനപ്പെടുത്തി വേഗതയേറിയതും കൂടുതൽ സുരക്ഷിതവും തടസ്സരഹിതവുമായ ഉപഭോക്തൃ സേവനങ്ങൾ നൽകാൻ കഴിയും. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും അർദ്ധനഗര പ്രദേശങ്ങളിലും ബയോമെട്രിക് eKYC, മുഖ പ്രാമാണീകരണം തുടങ്ങിയ സേവനങ്ങൾ അക്കൗണ്ട് തുറക്കൽ എളുപ്പമാക്കും. സബ്‌സിഡികൾ, ക്ഷേമനിധി തുക മുതലായവ ഉപഭോക്താക്കളുടെ സഹകരണ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യാൻ കഴിയുന്നതിനാൽ അവർക്കും ഇതിലൂടെ പ്രയോജനം ലഭിക്കും.
കൂടാതെ, ആധാർ അധിഷ്ഠിത പേയ്മെൻ്റ് സംവിധാനം (AePS), ആധാർ പേയ്മെൻ്റ് ബ്രിഡ്ജ് തുടങ്ങിയ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ അതുവഴി കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഹകരണ മേഖലയിൽ സാമ്പത്തിക ഉൾച്ചേർക്കൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ ചട്ടക്കൂട് സഹകരണ ബാങ്കുകളെ പ്രാപ്തമാക്കുന്നു.
ഇന്ത്യയുടെ സാമ്പത്തിക ആവാസവ്യവസ്ഥയിൽ സഹകരണ ബാങ്കുകൾ നിർണായക പങ്ക് വഹിക്കുന്നത് തുടരുന്നുണ്ടെന്ന് ഉറപ്പാക്കി ആധാറിൻ്റെ വ്യാപ്തിയും സ്വാധീനവും വികസിപ്പിക്കുന്നതിൽ ഈ നടപടി ഒരു സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തുന്നു.
****************************
(Release ID: 2159472)