റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ഒഡിഷയിൽ ആറുവരി പ്രവേശന നിയന്ത്രിത തലസ്ഥാനമേഖല റിങ് റോഡിന്റെ (ഭുവനേശ്വർ ബൈപ്പാസ് - 110.875 കിലോമീറ്റർ) നിർമാണത്തിനു കേന്ദ്രമന്ത്രിസഭാംഗീകാരം ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) നടപ്പാക്കുന്ന പദ്ധതിയുടെ മൂലധനച്ചെലവ് 8307.74 കോടി രൂപ
Posted On:
19 AUG 2025 3:21PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതി ഒഡിഷയിൽ ആറുവരി പ്രവേശന നിയന്ത്രിത തലസ്ഥാനമേഖല റിങ് റോഡിന്റെ (ഭുവനേശ്വർ ബൈപ്പാസ് - 110.875 കിലോമീറ്റർ) നിർമാണത്തിന് അംഗീകാരം നൽകി. ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) 8307.74 കോടി രൂപയുടെ മൂലധനച്ചെലവിലാണു പാത നിർമിക്കുക.
നിലവിലുള്ള ദേശീയ പാതയിലെ രാമേശ്വർമുതൽ ടാംഗിവരെയുള്ള ഭാഗത്തു വലിയ ഗതാഗതക്കുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഖോർധ, ഭുവനേശ്വർ, കട്ടക്ക് പോലുള്ള നഗരങ്ങളുടെ അത്യന്തം നഗരവൽക്കരിച്ച പ്രദേശങ്ങളിലെ ഉയർന്ന ഗതാഗത വ്യാപ്തിയാണ് ഇതിനു പ്രധാന കാരണം. ഈ വെല്ലുവിളികളെ നേരിടാനാണ് ആറുവരി പ്രവേശന നിയന്ത്രിത ഗ്രീൻഫീൽഡ് ഹൈവേയായി ഈ പദ്ധതി വികസിപ്പിക്കാൻ നിർദേശിച്ചിട്ടുള്ളത്. കട്ടക്ക്, ഭുവനേശ്വർ, ഖോർധ നഗരങ്ങളിൽനിന്നുള്ള ഉയർന്ന തോതിലുള്ള വാണിജ്യ ഗതാഗതം വഴിതിരിച്ചുവിടുന്നതിലൂടെ ഒഡിഷയ്ക്കും മറ്റു കിഴക്കൻ സംസ്ഥാനങ്ങൾക്കും ഈ പദ്ധതി ഗണ്യമായ നേട്ടം നൽകും. ഇതു ചരക്കുനീക്കകാര്യക്ഷമത വർധിപ്പിക്കുകയും ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കുകയും മേഖലയിലെ സാമൂഹ്യ-സാമ്പത്തിക വളർച്ചയ്ക്കു കാരണമാകുകയും ചെയ്യും.
ഒഡിഷയിലുടനീളമുള്ള പ്രധാന സാമ്പത്തിക-സാമൂഹ്യ-ലോജിസ്റ്റിക് കേന്ദ്രങ്ങളിലേക്കു തടസ്സരഹിത സമ്പർക്കസൗകര്യം നൽകുന്ന മൂന്നു പ്രധാന ദേശീയ പാതകളുമായും (NH-55, NH-57, NH-655) ഒരു സംസ്ഥാന പാതയുമായും (SH-65) പദ്ധതി ബന്ധിപ്പിക്കും. കൂടാതെ, നവീകരിച്ച ഇടനാഴി 10 സാമ്പത്തിക കേന്ദ്രങ്ങൾ, 4 സാമൂഹ്യകേന്ദ്രങ്ങൾ, 5 ലോജിസ്റ്റിക് കേന്ദ്രങ്ങൾ എന്നിവയുമായി കൂട്ടിയിണക്കി ബഹുതല സംയോജനം ശക്തിപ്പെടുത്തും. പ്രധാന റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, നിർദിഷ്ട ബഹുതല ലോജിസ്റ്റിക്സ് പാർക്ക് (MMLP), രണ്ടു പ്രധാന തുറമുഖങ്ങൾ എന്നിവയുമായി മികച്ച രീതിയിൽ സമ്പർക്കസൗകര്യമൊരുക്കും. ഇതു മേഖലയിലുടനീളമുള്ള ചരക്കുകളുടെയും യാത്രക്കാരുടെയും വേഗത്തിലുള്ള ഗതാഗതം സാധ്യമാക്കും.
ബൈപ്പാസ് പൂർത്തിയാകുമ്പോൾ, പ്രാദേശിക സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുകയും പ്രധാന മത-സാമ്പത്തിക കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും വ്യാപാര-വ്യാവസായിക വികസനത്തിനു പുതിയ വഴികൾ തുറക്കുകയും ചെയ്യും. പദ്ധതി നേരിട്ടുള്ള ഏകദേശം 74.43 ലക്ഷം വ്യക്തി-ദിന തൊഴിലും പരോക്ഷമായി 93.04 ലക്ഷം വ്യക്തി-ദിന തൊഴിലും സൃഷ്ടിക്കും. കൂടാതെ സമീപമേഖലകളിൽ വളർച്ച, വികസനം, സമൃദ്ധി എന്നിവയുടെ പുതിയ മാർഗങ്ങൾ തെളിക്കുകയും ചെയ്യും.
ഇടനാഴിയുടെ ഭൂപടം

അനുബന്ധം - I: പദ്ധതിവിശദാംശങ്ങൾ
സവിശേഷത
|
വിശദാംശങ്ങൾ
|
പദ്ധതി
|
രാമേശ്വറിൽനിന്നു ടാംഗിവരെ ആറുവരി പ്രവേശന നിയന്ത്രിത ഗ്രീൻഫീൽഡ് തലസ്ഥാന മേഖല റിങ് റോഡ് (ഭുവനേശ്വർ ബൈപ്പാസ്)
|
ഇടനാഴി
|
കൊൽക്കത്ത-ചെന്നൈ
|
നീളം (കി.മീ)
|
110.875
|
ആകെ നിർമാണച്ചെലവ് (കോടി രൂപയിൽ)
|
4686.74
|
ഭൂമി ഏറ്റെടുക്കൽ ചെലവ് (കോടി രൂപയിൽ)
|
1029.43
|
ആകെ മൂലധനച്ചെലവ് (കോടി രൂപയിൽ)
|
8307.74
|
രീതി
|
ഹൈബ്രിഡ് ആന്വിറ്റി മോഡ് (HAM)
|
ബൈപ്പാസുകൾ
|
110.875 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പദ്ധതി
|
ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൾ
|
ദേശീയ പാതകൾ: NH-55, NH-655 & NH-57.
സംസ്ഥാന പാത – SH-65
|
ബന്ധിപ്പിക്കുന്ന സാമ്പത്തിക / സാമൂഹിക / ഗതാഗത കേന്ദ്രങ്ങൾ
|
വിമാനത്താവളം: ഭുവനേശ്വർ
റെയിൽവേ സ്റ്റേഷൻ: ഖോർധ
തുറമുഖങ്ങൾ: പുരി, അസ്തരംഗ
സാമ്പത്തിക മേഖലകൾ: SEZ, ബൃഹദ് ഭക്ഷ്യ പാർക്ക്, വസ്ത്രനിർമാണ-ഔഷധനിർമാണ മേഖല, മത്സ്യബന്ധനമേഖല
സാമൂഹ്യമേഖലകൾ: വികസനം കാംക്ഷിക്കുന്ന ജില്ല, ഗോത്ര ജില്ല, ഇടതുതീവ്രവാദബാധിത ജില്ല.
|
ബന്ധിപ്പിക്കുന്ന പ്രധാന നഗരങ്ങൾ / പട്ടണങ്ങൾ
|
ഖോർധ, ഭുവനേശ്വർ, കട്ടക്ക്, ഢെംകാനാൽ.
|
തൊഴിൽസൃഷ്ടി സാധ്യത
|
74.43 ലക്ഷം വ്യക്തി-ദിനങ്ങൾ (നേരിട്ട്), 93.04 ലക്ഷം വ്യക്തി-ദിനങ്ങൾ (പരോക്ഷമായി)
|
2025 സാമ്പത്തിക വർഷത്തിലെ ശരാശരി വാർഷിക പ്രതിദിന ഗതാഗതം (AADT)
|
യാത്രികരുടെ 28,282 കാർ യൂണിറ്റുകൾ (PCU) ആയി കണക്കാക്കപ്പെടുന്നു.
|
***
NK
(Release ID: 2157969)