വ്യോമയാന മന്ത്രാലയം
1507 കോടി രൂപ പ്രതീക്ഷിത ചെലവിൽ രാജസ്ഥാനിലെ കോട്ട-ബുണ്ടിയിലെ ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന്റെ വികസനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
19 AUG 2025 3:14PM by PIB Thiruvananthpuram
1507 കോടി രൂപ പ്രതീക്ഷിത ചെലവിൽ രാജസ്ഥാനിലെ കോട്ട-ബുണ്ടിയിലെ ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന്റെ വികസനത്തിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) സമർപ്പിച്ച നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി.
ചമ്പൽ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കോട്ട (Kota), രാജസ്ഥാന്റെ വ്യാവസായിക തലസ്ഥാനമായാണ് അംഗീകരിക്കപ്പെട്ടിട്ടുളളത്. കൂടാതെ, ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്തെ കോച്ചിംഗ് കേന്ദ്രമായും കോട്ട അറിയപ്പെടുന്നു.
എ-321 വിമാനങ്ങളുടെ പ്രവർത്തനത്തിന് അനുയോജ്യമായ ഒരു ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന്റെ വികസനത്തിനായി രാജസ്ഥാൻ ഗവൺമെന്റ് 440.06 ഹെക്ടർ ഭൂമി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറി. 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 1000 പീക്ക് അവർ പാസഞ്ചേഴ്സിനെയും (PHP) പ്രതിവർഷം 2 ദശലക്ഷം യാത്രക്കാരേയും (MPPA) കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു ടെർമിനൽ കെട്ടിടത്തിന്റെ നിർമ്മാണം പദ്ധതിയിൽ ഉൾപ്പെടുന്നു. 3200 മീ x 45 മീറ്റർ അളവിലുള്ള റൺവേ 11/29, എ-321 വിമാനങ്ങൾക്ക് 07 പാർക്കിംഗ് ബേകളുള്ള ആപ്രോൺ, രണ്ട് ലിങ്ക് ടാക്സിവേകൾ, എടിസി കം ടെക്നിക്കൽ ബ്ലോക്ക്, ഫയർ സ്റ്റേഷൻ, കാർ പാർക്ക്, അനുബന്ധ ജോലികൾ എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
വിദ്യാഭ്യാസ, വ്യാവസായിക മേഖലകളിലെ കോട്ടയുടെ പ്രാധാന്യം ഗ്രീൻഫീൽഡ് വിമാനത്താവളത്തെ ഒരു നിർണായക അടിസ്ഥാന സൗകര്യ പദ്ധതിയാക്കി മാറ്റുന്നു, ഇത് മേഖലയിലെ പ്രതീക്ഷിത ഗതാഗത വർധനവിനെ അഭിസംബോധന ചെയ്യാൻ ലക്ഷ്യമിടുന്നു.
നിലവിലുള്ള കോട്ട വിമാനത്താവളം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) ഉടമസ്ഥതയിലാണ്. ഇതിൽ കോഡ് 'ബി' വിമാനങ്ങൾക്ക് (DO-228 പോലുള്ളവ) അനുയോജ്യമായ 1220 മീ x 38 മീറ്റർ അളവിലുള്ള ഒരു റൺവേ (08/26), അത്തരം രണ്ട് വിമാനങ്ങളെ ഉൾക്കൊള്ളാൻ കഴിവുള്ള ഒരു ആപ്രൺ എന്നിവ ഉൾപ്പെടുന്നു. 400 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ടെർമിനൽ കെട്ടിടത്തിന് തിരക്കേറിയ സമയങ്ങളിൽ 50 യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും. വിമാനത്താവളത്തിന് ചുറ്റുമുള്ള നഗരവൽക്കരണവും സ്ഥല ലഭ്യതയും കുറവായതിനാൽ നിലവിലുള്ള വിമാനത്താവളം വാണിജ്യ പ്രവർത്തനങ്ങൾക്കായി വികസിപ്പിക്കാൻ കഴിയില്ല.
***
SK
(Release ID: 2157934)