ഭൗമശാസ്ത്ര മന്ത്രാലയം
azadi ka amrit mahotsav

5000 മീറ്റർ വരെ ആഴക്കടല്‍ പര്യവേക്ഷണം നടത്തി രാജ്യത്തെ ആദ്യ സമുദ്രയാത്രികർ; കമാൻഡർ ജതീന്ദർ പാൽ സിങിനെയും ശ്രീ രാജു രമേശിനെയും പ്രശംസിച്ച് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

ആഴക്കടല്‍ പര്യവേക്ഷണത്തില്‍ ഈ നേട്ടം കൈവരിച്ച അര ഡസനില്‍ താഴെ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി

Posted On: 14 AUG 2025 6:52PM by PIB Thiruvananthpuram
രണ്ട് ഇന്ത്യൻ സമുദ്ര പര്യവേക്ഷകര്‍ 2025 ഓഗസ്റ്റ് 5, 6 തീയതികളിൽ അറ്റ്ലാന്റിക് സമുദ്രത്തിൽ 4,025 മീറ്ററും 5,002 മീറ്ററും ആഴത്തില്‍ വിജയകരമായി പര്യവേഷണം നടത്തിയതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന സഹമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസ്, ഉദ്യോഗസ്ഥ - പൊതുജന പരാതി, പെൻഷന്‍, ആണവോര്‍ജ - ബഹിരാകാശ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചു. ഇതാദ്യമായാണ് രാജ്യം ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.
 
ഇന്ത്യൻ സമുദ്രപര്യവേക്ഷകരായ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ രാജു രമേശ്, വിരമിച്ച കമാൻഡർ ജതീന്ദർ പാൽ സിങ് എന്നിവരാണ് ഏഴ് മണിക്കൂർ നീണ്ട പ്രഥമ പര്യവേക്ഷണം പൂർത്തിയാക്കി വിലപ്പെട്ട അനുഭവങ്ങളും നിരീക്ഷണങ്ങളുമായി സുരക്ഷിതരായി മടങ്ങിയെത്തിയത്.
 
സമുദ്രത്തില്‍ ഇത്രയും ആഴത്തിൽ പര്യവേക്ഷണം നടത്തിയ ചുരുക്കം ചില രാജ്യങ്ങളില്‍ ഇപ്പോള്‍ ഇന്ത്യയുമുണ്ടെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഫ്രഞ്ച് സമുദ്ര ഗവേഷണ സ്ഥാപനമായ ഇഫ്രിമറുമായി സഹകരിച്ച് ഇഫ്രിമറിന്റെ നോട്ടൈല്‍ അന്തര്‍വാഹിനിയില്‍ അറ്റ്ലാന്റിക് സമുദ്രത്തിലെ ആഴക്കടലില്‍ ശാസ്ത്രീയ സഹകരണ ദൗത്യമായാണ് പര്യവേഷണം നടത്തിയത്. തദ്ദേശീയമായി വികസിപ്പിച്ച മത്സ്യ-6000 അന്തര്‍വാഹിനിയില്‍ 2027-ഓടെ 6,000 മീറ്റർ ആഴത്തില്‍ മൂന്ന് സമുദ്രപര്യവേക്ഷകരെ അയക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യയുടെ സമുദ്രയാൻ ദൗത്യത്തിന് കീഴിലെ പ്രവർത്തനങ്ങൾക്ക് മുന്നോടിയായാണ് റെക്കോഡ് നേട്ടം.  
 
ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ ബഹിരാകാശ യാത്രികന്‍ ശുഭാൻഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് തിരിച്ചെത്തി കേവലം നാലാഴ്ചയ്ക്കകമാണ് നേട്ടമെന്നും ഡോ. ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. "അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും ആഴക്കടലിലേക്കും ഇന്ത്യക്കാർ നടത്തിയ വിജയകരമായ കന്നിയാത്രകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത വികസിത ഭാരതമെന്ന കാഴ്ചപ്പാടിലേക്ക് മുന്നേറുന്ന രാജ്യത്തിന്റെ ശാസ്ത്രീയ അഭിലാഷവും വൈദഗ്ധ്യവും കഴിവും നമ്മൾ പ്രകടമാക്കി" -അദ്ദേഹം പറഞ്ഞു.
 
11,098 കിലോമീറ്റർ തീരമേഖലയും വിശാലമായ പ്രത്യേക സാമ്പത്തിക മേഖലയും (EEZ) സ്വന്തമായ ഇന്ത്യയില്‍ ജൈവ - അജൈവ സമുദ്ര വിഭവങ്ങൾക്ക് ഏറെ സാധ്യതകളുണ്ടെന്നും ഇത് മറ്റേതൊരു രാജ്യത്തെക്കാളും അതുല്യമായ സ്വാഭാവിക നേട്ടമാണെന്നും ഡോ. ജിതേന്ദ്ര സിംഗ് എടുത്തുപറഞ്ഞു. സമുദ്ര സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിലൂടെ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം വർധിപ്പിക്കാന്‍ ഇനിയും കണ്ടെത്താത്ത വിഭവങ്ങൾ പര്യവേക്ഷണം ചെയ്യാനും ഉപയോഗപ്പെടുത്താനും സംയോജിത ശ്രമങ്ങളുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 4,000 മുതൽ 5,500 മീറ്റർ വരെ ആഴത്തില്‍ സമുദ്ര ധാതുക്കളുടെ പര്യവേക്ഷണത്തിന് ഇന്ത്യ ഇതിനകം അന്താരാഷ്ട്ര സമുദ്രതട അതോറിറ്റിയുമായി കരാറിൽ ഒപ്പുവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
 
രണ്ട് സമുദ്ര പര്യവേക്ഷകരും ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയില്‍നിന്നുള്ളവരാണ്. മത്സ്യ-6000 വികസിപ്പിക്കാൻ ചുമതലപ്പെടുത്തിയ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ സ്ഥാപനമാണിത്. ഈ അന്തര്‍വാഹിനികൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ സ്വന്തമായി ആഴക്കടല്‍ മനുഷ്യ അന്തര്‍വാഹിനി വികസിപ്പിക്കുന്ന ലോകത്തെ ആറാമത് രാജ്യമായി ഇന്ത്യ മാറും.
 
നാലാം തലമുറ ശാസ്ത്രീയ അന്തര്‍വാഹിനിയായ മത്സ്യ-6000-ത്തിന് 12 മണിക്കൂർ പ്രവർത്തനക്ഷമതയും അടിയന്തര സാഹചര്യങ്ങളില്‍ 96 മണിക്കൂർ വരെ പ്രവര്‍ത്തനശേഷിയുമുണ്ട്. സാന്ദ്രതയേറിയ ലിഥിയം പോളിമര്‍ ബാറ്ററി, ജലാന്തര ശബ്ദനിയന്ത്രിത ടെലിഫോൺ, ഗുരുത്വാകര്‍ഷണാധിഷ്ഠിത അടിയന്തര രക്ഷാസംവിധാനങ്ങള്‍, സംഘാംഗങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യ നിരീക്ഷണത്തിനും ബയോ-വെസ്റ്റുകള്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
 
2025 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ തമിഴ്‌നാട് കാട്ടുപ്പള്ളിയിലെ എൽ ആൻഡ് ടി കപ്പല്‍നിര്‍മാണശാലയില്‍ വിജയകരമായി ജലപരീക്ഷണം പൂർത്തിയാക്കിയ മത്സ്യ-6000 2026-ഓടെ 500 മീറ്റർ ആഴത്തില്‍ ജല പരീക്ഷണങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
 
മത്സ്യ-6000 ഗ്രൂപ്പ് മേധാവിയും ജി ലെവൽ ശാസ്ത്രജ്ഞനുമായ ഡോ. രമേശ് സേതുരാമൻ്റെ നേതൃത്വത്തിൽ ശ്രീ. പളനിയപ്പൻ, ഡോ. ഡി. സത്യനാരായണൻ, ശ്രീ. ജി. ഹരികൃഷ്ണൻ എന്നിവരടങ്ങുന്ന എൻഐഒടി-യിലെ അഞ്ചംഗ സംഘം 2025 ഓഗസ്റ്റ് 3-ന് പോർച്ചുഗലിലെ ലിസ്ബണിന് സമീപം ഇഫ്രിമറിന്റെ ഗവേഷണ കപ്പലായ ലെ അറ്റ്ലാന്റെയിലെത്തി.  
 
നിർണായക പ്രവർത്തനങ്ങളിൽ സംഘത്തിന് വിപുലമായ പ്രായോഗിക അനുഭവം ലഭിച്ചുവെന്ന് പര്യവേഷണത്തിലെ വിലപ്പെട്ട ഉൾക്കാഴ്ചകൾ പങ്കുവെച്ച ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി ഡോ. എം. രവിചന്ദ്രൻ പറഞ്ഞു. പര്യവേക്ഷണത്തിന് മുന്നോടിയായി നടത്തുന്ന തയ്യാറെടുപ്പുകളും പൈലറ്റിംഗ് പ്രവർത്തനങ്ങളും അന്തര്‍വാഹിനി വാസയോഗ്യമാക്കുന്ന ക്രമീകരണങ്ങളും ഇറങ്ങാനും ഉയരാനും ക്രമീകരിക്കുന്ന നടപടിക്രമങ്ങളും പതാക സ്ഥാപിക്കലും സാമ്പിളുകൾ ശേഖരിക്കലുമടക്കം പ്രവർത്തനങ്ങൾക്ക് മാനിപ്പുലേറ്ററുകൾ ഉപയോഗിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, നാല് ഡൈവുകളിലെയും വാഹന വിന്യാസവും തിരികെയെത്തിക്കലും, കപ്പലിൽ നിന്ന് വാഹനത്തിൻ്റെ സഞ്ചാരപാത നിരീക്ഷണം, അന്തര്‍വാഹിനിയിലെ പിന്തുണാ സംവിധാനങ്ങളുടെ നിര്‍വഹണം, ശബ്ദനിയന്ത്രിത ടെലിഫോൺ വഴി ആശയവിനിമയ സംവിധാനങ്ങളുടെ പ്രവർത്തനം, പര്യവേക്ഷണത്തിന്റെ ആസൂത്രണവും അന്തര്‍വാഹിനി നിയന്ത്രണവും മറ്റ് പ്രധാന പ്രവർത്തന നടപടിക്രമങ്ങളും എന്നിവ ഇതിലുള്‍പ്പെടുന്നു.  
 
ആഴക്കടൽ ഖനനം, മനുഷ്യ അന്തര്‍വാഹിനി വികസനം, സമുദ്ര കാലാവസ്ഥാ വ്യതിയാന ഉപദേശക സേവനങ്ങൾ എന്നിവയടക്കം ആഴക്കടല്‍ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ അദ്ദേഹം ആവർത്തിച്ചു.
 
മുൻകാലങ്ങളിൽ സിഎസ്ഐആര്‍-എന്‍ഐഒ-യിലെ ഇന്ത്യൻ ശാസ്ത്രജ്ഞർ 1997-ലും 2002-ലും യഥാക്രമം ആൽവിൻ (യുഎസ്എ), നോട്ടൈൽ (ഫ്രാൻസ്) എന്നീ അന്തര്‍വാഹിനികളില്‍ 3,800 മീറ്ററും 2,800 മീറ്ററും പര്യവേക്ഷണം നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആഴക്കടൽ ശേഷിയിൽ റെക്കോഡ് നേട്ടമാണ് നിലവിലെ പര്യവേഷണം അടയാളപ്പെടുത്തുന്നത്.
 
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എന്‍ഐഒടി) ഡയറക്ടർ പ്രൊഫ. ബാലാജി രാമകൃഷ്ണൻ, ആഴക്കടല്‍ ദൗത്യം ഡയറക്ടർ ഡോ. എം.വി. രമണ മൂർത്തി, എന്‍ഐഒടിയിലെയും ഭൗമശാസ്ത്ര മന്ത്രാലയത്തിലെയും മുതിർന്ന ശാസ്ത്രജ്ഞർ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.
*****
 

(Release ID: 2156770) Visitor Counter : 13