യുവജനകാര്യ, കായിക മന്ത്രാലയം
ഖേലോ ഇന്ത്യ ജല കായിക മേളയുടെ ഭാഗ്യചിഹ്നവും ലോഗോയും ശ്രീനഗറിൽ അനാച്ഛാദനം ചെയ്തു
പ്രഥമ ഖേലോ ഇന്ത്യ ജല കായിക മേള ഓഗസ്റ്റ് 21 മുതൽ 23 വരെ ശ്രീനഗറിലെ ദാൽ തടാകത്തിൽ നടക്കും
Posted On:
14 AUG 2025 7:05PM by PIB Thiruvananthpuram
2025 ഓഗസ്റ്റ് 21 മുതൽ 23വരെ ശ്രീനഗറിന്റെ മുഖമുദ്രയായ ദാൽ തടാകത്തിൽ അരങ്ങേറുന്ന പ്രഥമ ഖേലോ ഇന്ത്യ ജല കായിക മേളയുടെ ഭാഗ്യചിഹ്നമായി ഹിമാലയൻ കിംഗ്ഫിഷർ ഇന്ന് ശ്രീനഗറിൽ അനാച്ഛാദനം ചെയ്തു.
ഖേലോ ഇന്ത്യ കായിക കലണ്ടർ വികസിപ്പിക്കുന്നതിൻ്റെ ഭാഗമാണ് ജല കായികമേള. ഈ വർഷം മെയ് മാസത്തിൽ ദിയുവിലാണ് ആദ്യത്തെ ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് നടന്നത്. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(SAI) എന്നിവയുമായി സഹകരിച്ച് ജമ്മു കശ്മീർ സ്പോർട്സ് കൗൺസിലാണ് ഖേലോ ഇന്ത്യ ജല കായിക മേള (KIWSF)യ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.

ഗുൽമാർഗിൽ മാർച്ചിൽ നടന്ന ഖേലോ ഇന്ത്യ വിൻ്റർ ഗെയിംസിൻ്റെ ഹിമ കായികയിനങ്ങൾക്ക് ആതിഥേയത്വം വഹിച്ചതിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഖേലോ ഇന്ത്യ പരിപാടിയാണ് ഇത്. മെഡൽ ഇനങ്ങളായി റോയിംഗ്, കനോയിംഗ്, കയാക്കിംഗ് എന്നിവ KIWSF ൽ ഉൾപ്പെടുത്തും. വാട്ടർ സ്കീയിംഗ്, ശിക്കാര റേസ്, ഡ്രാഗൺ ബോട്ട് റേസ് എന്നിവ പ്രദർശന ഇനങ്ങളായിരിക്കും. സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിങ്ങനെ 36 ഇടത്തുനിന്നും 400 ലധികം അത്‌ലറ്റുകൾ ശ്രീനഗറിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജമ്മു കശ്മീർ യുവജന സേവന, കായിക മന്ത്രി ശ്രീ സതീഷ് ശർമ്മയും നിയമസഭാംഗം (MLA) സാദിബൽ തൻവീർ സാദിഖും മേളയുടെ ഭാഗ്യചിഹ്നവും ലോഗോയും ഇന്ന് പ്രകാശനം ചെയ്തു. ഗെയിംസിൻ്റെ ഔദ്യോഗിക കിറ്റുകളും ചടങ്ങിൽ അനാച്ഛാദനം ചെയ്തു.
2025 ലെ ഖേലോ ഇന്ത്യ ജല കായിക മേളയുടെ വർണ്ണാഭ ഭാഗ്യചിഹ്നമായ ഹിമാലയൻ കിംഗ്ഫിഷർ, ഗെയിംസിലെ സാഹസിക ആവേശം, പ്രകൃതി, മത്സരം എന്നിവയുടെ ചൈതന്യം ഉൾക്കൊള്ളുന്നു. കടും ഓറഞ്ച്, നീല നിറങ്ങളിലുള്ള ഈ ചിഹ്നം ഊർജ്ജം, ശാന്തത, കശ്മീരിൻ്റെ സൗന്ദര്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഒരു പ്രതീകം എന്നതിലുപരി പരിസ്ഥിതി സൗഹൃദ കായിക വിനോദങ്ങൾ, വിനോദസഞ്ചാരം, യുവജന പങ്കാളിത്തം എന്നിവ രാജ്യവ്യാപകമായി പ്രോത്സാഹിപ്പിക്കുന്ന മേളയുടെ അംബാസഡർ കൂടിയാണിത്.
മഞ്ഞുമൂടിയ പർവതങ്ങളാലും പൈൻ മരങ്ങളാലും ചുറ്റപ്പെട്ട ദാൽ തടാകത്തിൽ ശിക്കാര തുഴച്ചിൽ അവതരിപ്പിക്കുന്ന ഖേലോ ഇന്ത്യ ജല കായിക മേളയുടെ ലോഗോ കശ്മീരിൻ്റെ മനോഹാരിത വിളിച്ചോതുന്നു. അതിൻ്റെ ശാന്തമായ പ്രതിഫലനങ്ങൾ കശ്മീരിൻ്റെ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നു. അതേസമയം ഖേലോ ഇന്ത്യ നിറങ്ങൾ പാരമ്പര്യത്തെയും പ്രകൃതിയെയും കായികരംഗത്തെ ഊർജ്ജത്തെയും ഒന്നിപ്പിക്കുന്നു.

******************
(Release ID: 2156705)