വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ഡിജിറ്റൽ കണക്റ്റിവിറ്റി ഇൻ പ്രോപ്പർട്ടീസ് (അന്തർഗൃഹ ആവാസവ്യവസ്ഥയിലെ ഡിജിറ്റൽ കണക്റ്റിവിറ്റി) വിലയിരുത്തുന്നതിനുള്ള മാനുവൽ ട്രായ് പുറത്തിറക്കി

Posted On: 13 AUG 2025 3:41PM by PIB Thiruvananthpuram
മാനുവൽ ഫോർ റേറ്റിംഗ് ഓഫ് പ്രോപ്പർട്ടീസ് ഫോർ ഡിജിറ്റൽ കണക്റ്റിവിറ്റി, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഇന്ന് പുറത്തിറക്കി. അതിവേഗ, വിശ്വസനീയ ഡിജിറ്റൽ പ്രവേശനത്തിനായി അന്തർഗൃഹ ആവാസവ്യവസ്ഥ എത്രത്തോളം ഫലപ്രദമായി സജ്ജീകരിച്ചിരിക്കുന്നുവെന്ന് വിലയിരുത്തുന്നതിനുള്ള രാജ്യത്തെ ആദ്യ അംഗീകൃത ചട്ടക്കൂടാണിത്.

80% ത്തിലധികം മൊബൈൽ ഡാറ്റയും അന്തർഗൃഹ ആവാസവ്യവസ്ഥയിൽ ഉപയോഗിക്കപ്പെടുകയും, 4G, 5G എന്നിവയുടെ ഉയർന്ന ഫ്രീക്വൻസി ബാൻഡ് സിഗ്നലുകൾ പലപ്പോഴും ആധുനിക നിർമ്മാണ സാമഗ്രികൾ മൂലം ദുർബലമാകുകയും ചെയ്യുന്നതിനാൽ, ജോലി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ദൈനംദിന ഡിജിറ്റൽ സേവനങ്ങൾ എന്നിവയ്ക്ക് ശക്തമായ ഇൻ-ബിൽഡിംഗ് നെറ്റ്‌വർക്കുകൾ അത്യാവശ്യമായി മാറിയിരിക്കുന്നു. ദുർബലമായ അന്തർഗൃഹ കണക്റ്റിവിറ്റി ഉപഭോക്തൃ അനുഭവത്തെയും സേവനത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരത്തെയും നേരിട്ട് ബാധിക്കുന്നു.

റേറ്റിംഗ് ഓഫ് പ്രോപ്പർട്ടീസ് ഫോർ ഡിജിറ്റൽ കണക്റ്റിവിറ്റി റെഗുലേഷൻസ് 2024 പ്രകാരം തയ്യാറാക്കിയ മാനുവൽ:

ഡിജിറ്റൽ കണക്റ്റിവിറ്റി റേറ്റിംഗ് ഏജൻസികൾക്കായി (DCRA) ഒരു ഏകീകൃത വിലയിരുത്തൽ രീതിശാസ്ത്രം അവലംബിക്കുന്നു.

ഭാവിയിൽ ഉപയോഗിക്കാൻ സജ്ജമായ ഡിജിറ്റൽ കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചർ (DCI) ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും പരിപാലിക്കുന്നതിനുമായി പ്രോപ്പർട്ടി മാനേജർമാർക്കും (PM-കൾ) സേവന ദാതാക്കൾക്കും ഉള്ള മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി ഇത് വർത്തിക്കുന്നു.

ഫൈബർ റെഡിനസ്, ഇൻ-ബിൽഡിംഗ് മൊബൈൽ കവറേജ്, വൈ-ഫൈ കവറേജ്, ബ്രോഡ്‌ബാൻഡ് വേഗത, സമഗ്രമായ ഉപയോക്തൃ അനുഭവം എന്നിവയടക്കം പ്രോപ്പർട്ടി റേറ്റിംഗുകൾക്കായുള്ള സുതാര്യവും അംഗീകൃതവുമായ മാനദണ്ഡങ്ങൾ ഇത് നിർവചിക്കുന്നു.

യഥാർത്ഥ ഡിജിറ്റൽ കണക്റ്റിവിറ്റി പ്രകടനത്തെ അടിസ്ഥാനമാക്കി ഉപഭോക്താക്കൾ, വാടകക്കാർ, ബിസിനസ്‌ സ്ഥാപനങ്ങൾ അടക്കമുള്ളവരെ അവബോധ ജന്യമായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുന്നു.

രൂപകല്പന, നിർമ്മാണ ഘട്ടങ്ങളിൽ തന്നെ ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ സമന്വയിപ്പിക്കാൻ ഡെവലപ്പർമാരെ പ്രോത്സാഹിപ്പിക്കുന്നു.

"ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, ഡിജിറ്റൽ കണക്റ്റിവിറ്റി ഒരു ആഡംബരമല്ല - വൈദ്യുതിയോ വെള്ളമോ പോലെ അത്യാവശ്യമായ അടിസ്ഥാന സൗകര്യമാണത്. ഇന്ന്, ഇത് വളർച്ച, നൂതനാശയങ്ങൾ, അവസരങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നു. ഇന്ത്യയിലെ ഓരോ കെട്ടിടത്തെയും ഡിജിറ്റൽ ഇന്ത്യ ദർശനത്തിനനുസൃതമാം വിധം  സജ്ജമാക്കുന്നതിനുള്ള നിർണ്ണായക ചുവടുവയ്പ്പാണ് ഈ ചട്ടക്കൂട്. കൂടുതൽ പൗരന്മാരെ ബന്ധിതമായ നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ പൂർണ്ണതോതിൽ പങ്കാളികളാക്കാൻ പ്രാപ്തരാക്കുകയും എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയ വളർച്ചയ്ക്ക് അടിത്തറ പാകുകയും ചെയ്യുന്നു," ട്രായ് ചെയർമാൻ ശ്രീ അനിൽ കുമാർ ലഹോട്ടി പറഞ്ഞു.

കഴിഞ്ഞ ദശകത്തിൽ, ഇന്ത്യ ദ്രുത ഡിജിറ്റൽ പരിവർത്തനത്തിന് വിധേയമായി, പൗരന്മാർ എങ്ങനെ പ്രവർത്തിക്കുന്നു, പഠിക്കുന്നു, ആരോഗ്യ സംരക്ഷണം സ്വായത്തമാക്കുന്നു, പൊതു സേവനങ്ങളുമായി ഇടപഴകുന്നു എന്നിവയെ ഇത് പുനർനിർമ്മിച്ചു. വിശ്വസനീയമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ സാമ്പത്തിക വളർച്ചയ്ക്കും, നൂതനാശയങ്ങൾക്കും, സാമൂഹിക ക്ഷേമത്തിനും അടിത്തറയിടുന്നു. മിക്ക ഡാറ്റ ഉപയോഗവും കേട്ടിടങ്ങൾക്കുള്ളിൽ സംഭവിക്കുന്നതിനാൽ, ശക്തമായ ഇൻ-ബിൽഡിംഗ് ഡിജിറ്റൽ കണക്റ്റിവിറ്റി ഉറപ്പാക്കുകയെന്നത് നിർണ്ണായകമായി മാറിയിരിക്കുന്നു.

ഇത് പരിഹരിക്കുന്നതിനായി, 2024 ഒക്ടോബർ 25-ന് TRAI, DCI വിലയിരുത്തുന്നതിനുള്ള ഒരു അംഗീകൃത, സഹകരണ ചട്ടക്കൂട് സ്ഥാപിച്ചുകൊണ്ട്, 2024 ലെ പ്രോപ്പർട്ടീസ് റേറ്റിംഗ് ഓഫ് ഡിജിറ്റൽ കണക്റ്റിവിറ്റി റെഗുലേഷൻസ് പ്രഖ്യാപിച്ചു. 2025 മെയ് 13-ന്  പൊതുജനാഭിപ്രായ സ്വരൂപണത്തിനായി പുറത്തിറക്കിയ ഡിജിറ്റൽ കണക്റ്റിവിറ്റി വിലയിരുത്തൽ കരട് മാനുവലിൽ, സേവന ദാതാക്കൾ, അടിസ്ഥാന സൗകര്യ ദാതാക്കൾ, ഉപഭോക്തൃ സംഘടനകൾ, സാധ്യതയുള്ള DCRA-കൾ എന്നിവരുൾപ്പെടെ പതിനാല് പങ്കാളികളിൽ നിന്ന് പ്രതികരണങ്ങൾ ലഭിച്ചു - ഒരു ഉപഭോക്തൃ സംഘടന വ്യത്യസ്ത അഭിപ്രായം സമർപ്പിച്ചു. രാജ്യവ്യാപകമായി ന്യായവും വിശ്വസനീയവും സ്ഥിരതയാർന്നതുമായ റേറ്റിംഗുകൾ ഉറപ്പാക്കുന്നതിന്, അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും ഉചിതമായി പരിഗണിച്ച്, പരിഷ്‌ക്കരിച്ച നിർവ്വചനങ്ങൾ, വ്യക്തമായ വിലയിരുത്തൽ മാനദണ്ഡങ്ങൾ, ശക്തിപ്പെടുത്തിയ നിർവ്വഹണ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായങ്ങളുടെയും പ്രതികരണങ്ങളുടെയും  വിശകലനം TRAI വെബ്‌സൈറ്റിൽ തത്സമയ വിലയിരുത്തലിനായി ലഭ്യമാണ്.
 
മാനുവലിനെക്കുറിച്ചുള്ള സംശയങ്ങൾക്ക്,  ബന്ധപ്പെടുക:

Shri Tejpal Singh, Advisor (QoS-I), TRAI
Email: adv-qos1@trai.gov.in | Tel: +91-11-20907759
 
SKY
 
******

(Release ID: 2156125)
Read this release in: English , Urdu , Hindi , Marathi