രാജ്യരക്ഷാ മന്ത്രാലയം
നൈജീരിയൻ പ്രതിരോധ സഹമന്ത്രിയുമായി ന്യൂഡൽഹിയിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി രാജ്യരക്ഷാ സഹമന്ത്രി
Posted On:
12 AUG 2025 5:45PM by PIB Thiruvananthpuram
രാജ്യരക്ഷാ സഹമന്ത്രി ശ്രീ സഞ്ജയ് സേഠ് നൈജീരിയന്‍ പ്രതിരോധ സഹമന്ത്രി ഡോ ബെല്ലോ മുഹമ്മദ് മതവല്ലെയുമായി ന്യൂഡല്‍ഹിയില്‍ 2025 ഓഗസ്റ്റ് 12 ന് ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി പ്രതിരോധ സഹകരണവും സൈനിക ഇടപെടലുകളും സംബന്ധിച്ച് ഭാവി ആസൂത്രണം ഇരുമന്ത്രിമാരും ചർച്ച ചെയ്തു. ഭീകരവിരുദ്ധ പരിശീലനം, ഗവേഷണ-വികസനം, ഹൈഡ്രോഗ്രഫി - കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെ സമുദ്ര സഹകരണം, വ്യാവസായിക സഹകരണം എന്നിവയിലെ പങ്കാളിത്ത സാധ്യതകളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
പ്രതിരോധ മേഖലയിലെ ഉന്നതനിലവാര യുദ്ധോപകരണങ്ങളായ ചെറുയുദ്ധവിമാനം, ഭാരംകുറഞ്ഞ യുദ്ധ ഹെലികോപ്ടര്‍, പുറംകടല്‍ നിരീക്ഷണ ബോട്ടുകള്‍ എന്നിവ നിർമിക്കാൻ ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന് ശേഷിയുണ്ടെന്ന് രാജ്യരക്ഷാ സഹമന്ത്രി പറഞ്ഞു. നൈജീരിയയുടെ ആവശ്യകതകൾ നിറവേറ്റാന്‍ അദ്ദേഹം പൂർണ പിന്തുണ ഉറപ്പുനൽകി. സംയുക്ത ഗവേഷണ-വികസന മേഖലകൾ ചർച്ച ചെയ്യുന്നതിന് നൈജീരിയൻ പ്രതിരോധ ഗവേഷണ-വികസന ബ്യൂറോ സംഘത്തെ സ്വാഗതം ചെയ്യാൻ ഇന്ത്യൻ പ്രതിനിധി സംഘം സന്നദ്ധത പ്രകടിപ്പിച്ചു. പ്രതിരോധ രംഗത്തെ നിക്ഷേപ സാധ്യതകൾ പഠിക്കുന്നതിന് നൈജീരിയയിലെ പ്രതിരോധ വ്യവസായങ്ങൾ സന്ദർശിക്കാൻ നൈജീരിയൻ പ്രതിരോധ സഹമന്ത്രി ഇന്ത്യൻ പ്രതിനിധി സംഘത്തെയും ക്ഷണിച്ചു.
ഡോ. ബെല്ലോ മുഹമ്മദ് മതവല്ലെയുടെ നേതൃത്വത്തിലാണ് 2025 ഓഗസ്റ്റ് 11 മുതൽ 14 വരെ നൈജീരിയന്‍ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുന്നത്. സന്ദർശന വേളയിൽ സംഘം ഇന്ത്യൻ പ്രതിരോധ വ്യവസായരംഗത്തെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും നൈജീരിയയും തമ്മിൽ ഊഷ്മളവും സൗഹൃദപരവും പുരാതനവും ആഴമേറിയതുമായ ബന്ധമുണ്ട്. 1960-കളുടെ തുടക്കം മുതല്‍ പ്രതിരോധരംഗത്തെ ഈ ബന്ധം നിലവിലുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും ആഫ്രിക്കയിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നൈജീരിയയും സ്വാഭാവിക പങ്കാളികളായി മാറി.
****
(Release ID: 2155924)