പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
ദേശീയ ഇ-ഗവേണൻസ് പുരസ്കാരങ്ങൾക്കായുള്ള മാർഗനിർദ്ദേശങ്ങൾ ഡിഎആർപിജി പ്രഖ്യാപിച്ചു
Posted On:
09 AUG 2025 12:17PM by PIB Thiruvananthpuram
2026 ലെ 23-ാമത് ദേശീയ ഇ-ഗവേണൻസ് പുരസ്കാരങ്ങൾ (NAeG)ക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഡിഎആർപിജി ( ഭരണ പരിഷ്കാര, പൊതു പരാതി പരിഹാര വകുപ്പ്) പുറപ്പെടുവിച്ചു. ദേശീയ ഇ-ഗവേണൻസ് പുരസ്കാരങ്ങൾക്കായുള്ള നാമനിർദ്ദേശങ്ങൾ 2025 സെപ്റ്റംബർ 1 മുതൽ വെബ് പോർട്ടൽ (http://www.nceg.gov.in) വഴി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 15 ആയിരിക്കും.
മികച്ച ഇ-ഗവേണൻസ് സംരംഭങ്ങളെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എല്ലാ വർഷവും ദേശീയ ഇ-ഗവേണൻസ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. ശ്രദ്ധേയമായ നേട്ടങ്ങൾ അംഗീകരിക്കുക, ഫലപ്രദമായ രീതികൾ പങ്കിടുന്നത് പരിപോഷിപ്പിക്കുക, ഡിജിറ്റൽ ഭരണത്തിലെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇ-ഗവേണൻസിനുള്ള 2026ലെ ദേശീയ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ 7 വിഭാഗങ്ങൾക്ക് കീഴിൽ സമർപ്പിക്കാം:
•ഡിജിറ്റൽ പരിവർത്തനത്തിനായി സാങ്കേതികവിദ്യ ഉപയോഗിച്ച് ഗവൺമെന്റ് പ്രക്രിയകളുടെ പുനർനിർമാണം
•പൗര കേന്ദ്രീകൃത സേവനങ്ങൾ നൽകുന്നതിന് നിർമ്മിത ബുദ്ധി, മറ്റ് പുതുതലമുറ സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ചുള്ള പരിഷ്കരണങ്ങൾ
• സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മികച്ച ഇ-ഗവൺമെന്റ് രീതികൾ/ നൂതനാശയങ്ങൾ
•ഇ-ഗവേണൻസിലെ ജില്ലാതല സംരംഭങ്ങൾ
•സേവന വിതരണം കൂടുതൽ വിപുലമാക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളോ തത്തുല്യമായ പരമ്പരാഗത തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന അടിസ്ഥാനതല സംരംഭങ്ങൾ
• ദേശീയതലത്തിൽ അവാർഡ് ലഭിച്ചതും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ/ജില്ലകൾ ദൗത്യ മാതൃകയിൽ നടപ്പിലാക്കുന്നതുമായ ഇ-ഗവേണൻസ് പദ്ധതികളെ പിൻപറ്റലും അവയുടെ വിപുലീകരണവും
• ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ ഡാറ്റാ അനലിറ്റിക്‌സിന്റെ ഉപയോഗത്തിലൂടെ കേന്ദ്ര മന്ത്രാലയങ്ങൾ/സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവ നടത്തുന്ന ഡിജിറ്റൽ പരിവർത്തനം
പുരസ്കാരത്തിനായി പരിഗണിക്കുന്നതിന്, നിശ്ചിത പദ്ധതി 01.07.2023 നും 30.06.2025 നും ഇടയിൽ ആരംഭിച്ചതാകണം. കൂടാതെ, NAeG 2026-ൽ പട്ടികയിലെ ഏഴ് വിഭാഗങ്ങളിലും സമർപ്പിക്കപ്പെടുന്ന പദ്ധതി 01.08.2025 മുതൽ പൂർണ്ണമായും കമ്മീഷൻ ചെയ്തതും പ്രവർത്തനക്ഷമമായതും ആകണം.
ട്രോഫി, സർട്ടിഫിക്കറ്റ്, സമ്മാന തുകയായി സുവർണപുരസ്കാര ജേതാവിന് 10 ലക്ഷം രൂപ വീതവും രജത പുരസ്കാര ജേതാവിന് 5 ലക്ഷം രൂപ വീതവും എന്നിവ അടങ്ങുന്നതാണ് ദേശീയ ഇ- ഗവേണൻസ് പുരസ്കാരം. പദ്ധതി അല്ലെങ്കിൽ പരിപാടി നിർവഹണത്തിനോ, പൊതുജനക്ഷേമവുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിലെ വിഭവ വിടവ് നികത്തുന്നതിനോ ഉപയോഗിക്കുന്നതിന് അതത് ജില്ല/സ്ഥാപനത്തിനാണ് സമ്മാന തുക നൽകുക. 10 സുവർണ്ണ പുരസ്കാരങ്ങളും 6 രജത പുരസ്കാരങ്ങളും ഉൾപ്പെടെ ദേശീയ ഇ- ഗവേണൻസ് പുരസ്കാരം 2026 പ്രകാരം ആകെ 16 പുരസ്കാരങ്ങൾ നൽകും.
******
(Release ID: 2154723)