വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിനും ആത്മഹത്യാ പ്രതിരോധത്തിനുമുള്ള ദേശീയ ദൗത്യ സേന വെബ്‌സൈറ്റ് അവതരിപ്പിച്ചു; വിവരങ്ങൾ പങ്കുവെക്കാം

Posted On: 08 AUG 2025 8:10PM by PIB Thiruvananthpuram

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ആത്മഹത്യാപ്രതിരോധവും സംബന്ധിച്ച ദേശീയ ദൗത്യ സേനയുടെ ഔദ്യോഗിക വെബ്സൈറ്റ് ഇന്ന് അവതരിപ്പിച്ചു.

മുൻ ജസ്റ്റിസ് ശ്രീ രവീന്ദ്ര ഭട്ടിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച ദൗത്യ സേന, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ ക്ഷേമത്തിനും ആത്മഹത്യാ പ്രവണതകൾ തടയുന്നതിനുമുള്ള സമഗ്രമായ ശുപാർശകൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു.

 

ബഹുമാനപ്പെട്ട സുപ്രീം കോടതി രൂപീകരിച്ച ദേശീയ ദൗത്യ സേന, മുൻ കമ്മിറ്റികളിൽ നിന്നും ദൗത്യ സേനകാളിൽ  നിന്നും വ്യത്യസ്തമാണെന്ന് അധ്യക്ഷൻ ഊന്നിപ്പറഞ്ഞു. ഏതെങ്കിലും പ്രത്യേക സ്ഥാപനത്തിലേക്കോ ഒരു കൂട്ടം സ്ഥാപനങ്ങളിലേക്കോ മാത്രമായി പരിമിതപ്പെടുന്നില്ല. അതിലുപരി രാജ്യത്തുടനീളമുള്ള എല്ലാത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അതിന്റെ പരിധിയിൽ കൊണ്ടുവരുന്നു.

 

സാമൂഹിക ശാസ്ത്രം, ദിവ്യാഗ വിഭാഗത്തിൻറെ അവകാശങ്ങൾ, ലിംഗ പഠനം, ക്ലിനിക്കൽ സൈക്കോളജി, കമ്മ്യൂണിറ്റി മെഡിസിൻ തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന വൈവിധ്യ ഘടനയാണ് ദൗത്യ സേനക്കെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

 

ദൗത്യ സേനയുടെ ബഹുമുഖ പ്രവർത്തനം ഊന്നിപ്പറഞ്ഞുകൊണ്ട്, എല്ലാ പങ്കാളി ഗ്രൂപ്പുകളും അവരുടെ സജീവ പിന്തുണയും സഹകരണവും നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു

 

കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ മുതൽ സ്വകാര്യ കോളേജുകൾ, സാങ്കേതിക സ്ഥാപനങ്ങൾ, രാജ്യത്തുടനീളമുള്ള മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ (HEIs) വരെയുള്ള വൈവിധ്യമാർന്ന സ്ഥാപനങ്ങളുമായി ദേശീയ ദൗത്യ സേന സഹകരിക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. വിനീത് ജോഷി പറഞ്ഞു. ശുപാർശകൾ രൂപപ്പെടുത്തുമ്പോൾ വൈവിധ്യമാർന്ന സ്ഥാപനങ്ങളുടെ ആശങ്കകൾ, വെല്ലുവിളികൾ, കാഴ്ചപ്പാടുകൾ എന്നിവ കണക്കിലെടുത്തുകൊണ്ടുള്ള 'ഉൾക്കൊള്ളൽ സമീപനം' ഉറപ്പാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

ഏകോപനം, ഡാറ്റ പങ്കിടൽ, നയപരമായ നിർദ്ദേശങ്ങൾ, സ്ഥാപനങ്ങളിലേക്കും പങ്കാളികളിലേക്കും എത്തിച്ചേരൽ സാധ്യമാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ദൗത്യ സേനക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ ക്ഷേമവും മാനസികാരോഗ്യവും ശക്തിപ്പെടുത്തുന്നതിനുള്ള വകുപ്പിന്റെ പ്രതിബദ്ധത ഡോ. ജോഷി എടുത്തുപറഞ്ഞു. അതോടൊപ്പം ടാസ്‌ക് ഫോഴ്‌സിന്റെ ലക്ഷ്യങ്ങളോട് മന്ത്രാലയം പൂർണമായി യോജിക്കുന്നുണ്ടെന്നും ശ്രീ ജോഷി സ്ഥിരീകരിച്ചു.

 

 

പുതുതായി ആരംഭിച്ച വെബ്‌സൈറ്റ്, പ്രമുഖ പങ്കാളികളിൽ നിന്ന് വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ ശേഖരിക്കുന്നതിനുള്ള പ്രധാനവേദിയായി പ്രവർത്തിക്കുന്നു. ഇതിൽ ഇവ ഉൾപ്പെടുന്നു:

• ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ (HEIs)

• അവരുടെ മാതാപിതാക്കൾ

• ഫാക്കൽറ്റി അംഗങ്ങൾ

• മാനസികാരോഗ്യ സേവന ദാതാക്കൾ

• സ്ഥാപന മേധാവികൾ

• ആത്മഹത്യയ്ക്ക് ഇരയായ വിദ്യാർത്ഥികളുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, എൻ‌ ജി‌ ഒകൾ, മാധ്യമ പ്രൊഫഷണലുകൾ, ഇതുമായി ബന്ധപ്പെട്ട മറ്റാളുകൾ.

ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമായ ഓൺലൈൻ സർവേ ചോദ്യാവലികൾ ഈ പോർട്ടലിൽ ലഭ്യമാണ് . മാത്രമല്ല, വിവിധ വിഷയങ്ങളിൽ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുവേണ്ടിക്കൂടിയാണ് ഇവ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇതിൽ ഇവ ഉൾപ്പെടുന്നു:

 

• ക്യാമ്പസ് അന്തരീക്ഷം

• ഉൾക്കൊള്ളൽ മനോഭാവവും പങ്കാളിത്ത ബോധവും

• മാനസിക സമ്മർദ്ദങ്ങളുടെയും വ്യവസ്ഥാപരമായ വിവേചനത്തിന്റെയും ഉറവിടങ്ങൾ.

• നിലവിലുള്ള പിന്തുണ സംവിധാനങ്ങളും പരാതി പരിഹാര സമ്പ്രദായങ്ങളും.

• വിദ്യാർത്ഥികളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ.

 

പങ്കാളികളിൽ നിന്ന് സർവേകൾക്ക് പുറമേ പ്രത്യേക സ്ഥാപന സർവേയും ഒരുക്കിയിട്ടുണ്ട്. അതിലൂടെ ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും അവരുടെ സ്‌ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്ത ആത്മഹത്യാസംഭവങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ, അതത് സ്ഥാപനങ്ങളിലെ വിദ്യാർത്ഥി പിന്തുണാ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാനാകും.

വ്യക്തിപരമായ അനുഭവങ്ങൾ, നിരീക്ഷണങ്ങൾ, ശുപാർശകൾ എന്നിവ പങ്കുവെക്കുന്നതിന് പൊതുജനങ്ങൾക്കായി ഒരു തുറന്ന വേദിയും ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരിട്ടുള്ള കൂടിക്കാഴ്ചയും സ്ഥാപന സന്ദർശനങ്ങളും

ബഹുമുഖ സമീപനത്തിന്റെ ഭാഗമായി, ടാസ്‌ക് ഫോഴ്‌സ് രാജ്യത്തുടനീളമുള്ള വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കും. ഈ സന്ദർശനവേളയിൽ ഇവ ഉൾപ്പെടുന്നു:

 

• വിദ്യാർത്ഥികൾ, ഫാക്കൽറ്റി, അഡ്മിനിസ്ട്രേറ്റർമാർ, പരാതി പരിഹാര സമിതി അംഗങ്ങൾ എന്നിവരുമായി നേരിട്ടുള്ള ഇടപെടലുകൾ.

• വിദ്യാർത്ഥികൾക്ക് അനുഭവങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള തുറന്ന വേദി.

• പിന്നാക്ക പാർശ്വവത്കൃത സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആവശ്യങ്ങളിലും കാഴ്ചപ്പാടുകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കൽ.

 

• വിദ്യാർത്ഥികളുടെ ക്ഷേമത്തിനായുള്ള അടിസ്ഥാന അടിസ്ഥാന സൗകര്യ- പിന്തുണാസേവനങ്ങൾ വിലയിരുത്തൽ.

സമഗ്രവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു സമീപനം ഉറപ്പാക്കുന്നതിനായി വിഷയ വിദഗ്ധർ, സർക്കാരേതര സംഘടനകൾ, മാനസികാരോഗ്യ വിദഗ്ധർ എന്നിവരുമായി ദൗത്യസേന കൂടിയാലോചന നടത്തുകയും പ്രസക്തമായ ഡാറ്റ- റിപ്പോർട്ട് -ഗവേഷണം എന്നിവ അവലോകനം നടത്തുകയും ചെയ്യും.

സർവേകളിൽ സജീവമായി സഹകരിക്കണമെന്ന് ഈ സംരംഭത്തിനായി നിയമിച്ചിരിക്കുന്ന എല്ലാ പങ്കാളികളോടും സംസ്ഥാന നോഡൽ ഓഫീസർമാരോടും ദേശീയ ദൗത്യസേന അഭ്യർത്ഥിച്ചു. ഈ പങ്കാളിത്ത പ്രക്രിയയിലൂടെ ശേഖരിക്കുന്ന കാഴ്ചപ്പാടുകളുടെയും ജീവിതാനുഭവങ്ങളുടെയും വൈവിധ്യം ദൗത്യസേനയുടെ അന്തിമ ശുപാർശകൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കും.

പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക: ntf.education.gov.in

*****


(Release ID: 2154607) Visitor Counter : 6