റെയില്‍വേ മന്ത്രാലയം
720 കോടിയിലധികം യാത്രികർക്ക് ചെലവ് കുറഞ്ഞ ഗതാഗത സൗകര്യം ഒരുക്കി ഇന്ത്യൻ റെയിൽവേ; അയൽ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പോലും ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്, - ശ്രീ അശ്വിനി വൈഷ്ണവ്
Posted On:
08 AUG 2025 6:21PM by PIB Thiruvananthpuram
മികച്ച സൗകര്യങ്ങൾ ലഭ്യമാക്കാനുതകും വിധം, സ്റ്റേഷനുകളുടെ തുടർ വികസനം ലക്ഷ്യമിട്ട് ദീർഘകാല സമീപനത്തോടെ റെയിൽവേ മന്ത്രാലയം അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി ആരംഭിച്ചു.
സ്റ്റേഷനുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കുന്നതും ഘട്ടം ഘട്ടമായി അവ നടപ്പിലാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. അവയിൽ ഇനിപ്പറയുന്ന കാര്യങ്ങളും ഉൾപ്പെടുന്നു:
സ്റ്റേഷനുകളിലേക്കുള്ള പ്രവേശന സൗകര്യം, സഞ്ചാര പാതകൾ തുടങ്ങിയവ മെച്ചപ്പെടുത്തൽ
സ്റ്റേഷൻ കെട്ടിടങ്ങളുടെ ആധുനീകരണം
കാത്തിരിപ്പ് കേന്ദ്രങ്ങൾ, ശൗചാലയങ്ങൾ എന്നിവയുടെ ആധുനീകരണം
ലിഫ്റ്റ്/എസ്കലേറ്റർ സൗകര്യങ്ങൾ
പ്ലാറ്റ്‌ഫോമുകളിലെ ടൈൽ പാകൽ, പ്ലാറ്റ്‌ഫോമുകൾക്ക് മേൽക്കൂര എന്നിവ
മികച്ച ശുചിത്വം ഉറപ്പാക്കൽ
'ഒരു സ്റ്റേഷൻ ഒരു ഉത്പന്നം' പോലുള്ള പദ്ധതികളിലൂടെ പ്രാദേശിക ഉത്പന്നങ്ങൾക്കായി കിയോസ്‌ക്കുകൾ ഒരുക്കുന്നു
ബഹുമുഖ മാതൃകകളുടെ ഏകീകരണം
ദിവ്യാംഗർക്കുള്ള സൗകര്യങ്ങൾ
മെച്ചപ്പെട്ട വിവരാന്വേഷണ സംവിധാനങ്ങൾ
ഓരോ സ്റ്റേഷന്റെയും ആവശ്യകതകൾ കണക്കിലെടുത്ത് എക്സിക്യൂട്ടീവ് ലോഞ്ചുകൾക്ക് സൗകര്യം, ബിസിനസ് യോഗങ്ങൾക്കായി സ്ഥലങ്ങൾ സജ്ജമാക്കൽ, ഭൂമിയുടെ സൗന്ദര്യവത്ക്കരണം എന്നിങ്ങനെ ഒരുക്കും
നഗരത്തിന്റെ ഇരുഭാഗങ്ങളുമായി സ്റ്റേഷനെ സംയോജിപ്പിക്കുക, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാക്കുക, ആവശ്യാനുസരണം കല്ലുകൾ പാകുന്നത് ഒഴിവാക്കി ട്രാക്കുകൾ ഒരുക്കുക, ഘട്ടം ഘട്ടമായും സാധ്യതാടിസ്ഥാനത്തിലും സ്റ്റേഷനുകളിൽ സിറ്റി സെന്റർ സ്ഥാപിക്കുക എന്നിവയും പദ്ധതി വിഭാവനം ചെയ്യുന്നു.
ഇതുവരെ, ഈ പദ്ധതി പ്രകാരം 1337 സ്റ്റേഷനുകൾ വികസനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുവരെ 105 സ്റ്റേഷനുകളുടെ ഒന്നാം ഘട്ട ജോലികൾ പൂർത്തിയായി.
അടിസ്ഥാന സൗകര്യം എന്നനിലയിൽ ഇന്ത്യൻ റെയിൽവേയുടെ എല്ലാ സ്റ്റേഷനുകളിലും സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ള സൗകര്യങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ റെയിൽവേ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. പ്രതീക്ഷിത ജല ഉപഭോഗം വിലയിരുത്തി, കുറവുകൾ പരിഹരിക്കുന്നതിനായി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ആവശ്യാനുസരണം മുനിസിപ്പാലിറ്റികൾ, പ്രാദേശിക വാട്ടർ ടാങ്കറുകൾ, മറ്റ് സ്രോതസ്സുകൾ എന്നിവയുമായി സഹകരിച്ച് റെയിൽവേ സ്റ്റേഷനുകളിൽ ആവശ്യാനുസരണം ജലവിതരണം ഉറപ്പാക്കുന്നു. റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ, ഇടയ്ക്കിടെ പരിശോധനയും ആവശ്യമായ തെറ്റുതിരുത്തൽ നടപടികളും സ്വീകരിക്കുന്നു. കുടിവെള്ള സൗകര്യങ്ങളുടെ പതിവ് പരിശോധനയും അറ്റകുറ്റപ്പണികളും നടത്തുകയും പരാതികൾ ഉടനടി പരിഹരിക്കുകയും ചെയ്യുന്നു.
ശുചിത്വവും വൃത്തിയും മെച്ചപ്പെടുത്തുന്നതിനായി കോച്ചുകളിൽ ബയോ-ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നു
റെയിൽവേ ട്രാക്കുകളിലേക്ക് മനുഷ്യ മാലിന്യങ്ങൾ നേരിട്ട് പുറന്തള്ളുന്നത് ഒഴിവാക്കാനും ശുചിത്വവും വൃത്തിയും കൂടുതൽ ഉറപ്പാക്കാനും കോച്ചുകളിൽ സീറോ ഡിസ്ചാർജ് ബയോ-ടോയ്‌ലറ്റ് സംവിധാനം ഇന്ത്യൻ റെയിൽവേ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ദൗത്യമെന്ന രൂപേണയാണ് ഈ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
നിലവിൽ, ശൗചാലയങ്ങൾ ഘടിപ്പിച്ച യാത്രക്കാരെ വഹിക്കുന്ന എല്ലാ പ്രധാന ലൈനുകളിലെ കോച്ചുകളിലും ബയോ-ടോയ്‌ലറ്റുകളാണ് ഒരുക്കിയിട്ടുള്ളത്.
30.06.2025 ലെ കണക്കുകൾ പ്രകാരം ബയോ-ടോയ്‌ലറ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ താഴെ ചേർക്കുന്നു:
കാലയളവ് ബയോ-ടോയ്‌ലറ്റുകൾ ഘടിപ്പിച്ചതിന്റെ എണ്ണം
2004-14 9,587 മാത്രം
2014-25 3,33,191 (34 ഇരട്ടി കൂടുതൽ)
ആധുനിക രൂപകല്പനയിലുള്ള ട്രെയിൻ സെറ്റുകൾ:
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ചെലവ് കുറഞ്ഞതും നിലവാരമുള്ളതുമായ സേവനങ്ങൾ നൽകുന്നതിൽ ഇന്ത്യൻ റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മികച്ച നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനായി റെയിൽവേ ഇനിപ്പറയുന്ന ട്രെയിനുകൾ വികസിപ്പിച്ചിട്ടുണ്ട്.
വന്ദേ ഭാരത്:
സെമി-ഹൈ സ്പീഡ് ട്രെയിനുകളായ വന്ദേ ഭാരത് ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചു. യാത്രക്കാർക്ക് മികച്ച യാത്രാനുഭവവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. താഴെ വിവരിക്കുന്ന സുരക്ഷാ സവിശേഷതകളും ആധുനിക യാത്രാ സൗകര്യങ്ങളും ഈ സർവീസുകളിൽ സജ്ജീകരിച്ചിരിക്കുന്നു-
കവച് സുരക്ഷ സംവിധാനം
വേഗത്തിലുള്ള ആക്സിലറേഷൻ
പൂർണ്ണമായും സീൽ ചെയ്ത ഗാംഗ്‌വേ
ഓട്ടോമാറ്റിക് വാതിലുകൾ
മികച്ച യാത്രാ സുഖം
ഹോട്ട് കേസ് സൗകര്യമുള്ള മിനി പാൻട്രി
ബോട്ടിൽ കൂളർ
ഡീപ്പ് ഫ്രീസർ, ഹോട്ട് വാട്ടർ ബോയിലർ
ചരിഞ്ഞിരിക്കാവുന്ന സുഖപ്രദമായ സീറ്റുകൾ
എക്സിക്യൂട്ടീവ് ക്ലാസിൽ കറങ്ങുന്ന കസേരകൾ ഘടിപ്പിച്ച സുഖപ്രദമായ ഇരിപ്പിടങ്ങൾ
എല്ലാ സീറ്റിലും മൊബൈൽ ചാർജിംഗ് സോക്കറ്റുകൾ
ഡ്രൈവിംഗ് ട്രെയിലർ കാറിൽ (DTC) ദിവ്യാംഗർക്കായി പ്രത്യേക ശൗചാലയം
സിസിടിവികൾ
2025 ഓഗസ്റ്റ് 07 വരെ, ഇന്ത്യൻ റെയിൽവേയുടെ ബ്രോഡ് ഗേജ് (B.G.) വൈദ്യുതീകൃത ശൃംഖലയുടെ ഭാഗമായി 144 വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തുന്നു.
അമൃത് ഭാരത്:
താഴ്ന്ന, ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ ചെലവിലുള്ള ഗതാഗത മാർഗ്ഗങ്ങൾ ഉറപ്പാക്കുന്നതിനായി, ഇന്ത്യൻ റെയിൽവേ പൂർണ്ണമായും എസി ഇതര ആധുനിക ട്രെയിനുകളായ അമൃത് ഭാരത് അവതരിപ്പിച്ചു.
2025 ഓഗസ്റ്റ് 07 ലെ കണക്കനുസരിച്ച്, 14 സർവീസുകൾ ഇതിനോടകം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അമൃത് ഭാരതിന്റെ നിലവിലെ ഘടനയിൽ 11 ജനറൽ ക്ലാസ് കോച്ചുകൾ, 8 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 01 പാന്റ്രി കാർ, 02 ലഗേജ് കം ദിവ്യാംഗ് കോച്ചുകൾ എന്നിവ ഉൾപ്പെടുന്നു.
ഉയർന്ന വേഗതയും ആധുനിക സുരക്ഷാ മാനദണ്ഡങ്ങളും ഇനിപ്പറയുന്ന മറ്റ് സവിശേഷതകളും ഈ ട്രെയിനുകളുടെ മുഖമുദ്രകളാണ്:
വന്ദേ ഭാരത് മാതൃകയിൽ മെച്ചപ്പെട്ട രൂപകല്പനയും, ഭംഗിയുമുള്ള സീറ്റുകളും ബർത്തുകളും ഉള്ള സ്ലീപ്പർ ട്രെയിനുകൾ.
കുലുക്കമില്ലാത്ത സെമി-ഓട്ടോമാറ്റിക് കപ്ലറുകൾ.
ക്രാഷ് ട്യൂബ് നൽകുന്നതിലൂടെ കോച്ചുകളിൽ അപകട അതിജീവന ശേഷി മെച്ചപ്പെടുത്തി.
എല്ലാ കോച്ചുകളിലും ലഗേജ് റൂമിലും സിസിടിവി സംവിധാനം ഏർപ്പെടുത്തി.
ശൗചാലയങ്ങളുടെ മെച്ചപ്പെട്ട രൂപകൽപ്പന.
ബെർത്തിൽ സുഗമമായി കയറുന്നതിനുള്ള ഏണിപ്പടിയുടെ മെച്ചപ്പെട്ട രൂപകൽപ്പന.
മെച്ചപ്പെട്ട എൽഇഡി ലൈറ്റുകളും ചാർജിംഗ് സോക്കറ്റുകളും.
ഇപി അസിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റം.
ശൗചാലയങ്ങളിലും ഇലക്ട്രിക്കൽ ക്യൂബിക്കിളുകളിലും എയറോസോൾ അടിസ്ഥാനമാക്കിയുള്ള അഗ്നിശമന സംവിധാനം.
യുഎസ്ബി ടൈപ്പ്-എ, ടൈപ്പ്-സി മൊബൈൽ ചാർജിംഗ് സോക്കറ്റുകൾ.
യാത്രക്കാരും ഗാർഡും/ട്രെയിൻ മാനേജരും തമ്മിൽ ഇരുദിശയിലേക്കും ആശയവിനിമയം സാധ്യമാകുന്ന എമർജൻസി ടോക്ക് ബാക്ക് സിസ്റ്റം.
മെച്ചപ്പെട്ട താപ ശേഷിയുള്ള എസി രഹിത പാന്റ്രി.
സുഗമമായി ഘടിപ്പിക്കാനും വേർപ്പെടുത്താനും കഴിയുന്ന ക്വിക്ക് റിലീസ് മെക്കാനിസത്തോടുകൂടിയ പൂർണ്ണമായും സീൽ ചെയ്ത ഗാംഗ്‌വേകൾ.
നമോ ഭാരത് റാപ്പിഡ് റെയിൽ സർവീസ്
ഇന്ത്യൻ റെയിൽവേ നമോ ഭാരത് റാപ്പിഡ് റെയിൽ സേവനങ്ങൾ അവതരിപ്പിച്ചു. പ്രാദേശിക, നഗര പ്രാന്ത യാത്രികരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുക എന്നതാണ് ഈ സർവീസുകളുടെ ലക്ഷ്യം. നിലവിൽ, താഴെപ്പറയുന്ന 4 നമോ ഭാരത് റാപ്പിഡ് ട്രെയിനുകൾ സർവീസ് നടത്തുന്നു:
(i) 94801/02 അഹമ്മദാബാദ്-ഭുജ് നമോ ഭാരത് റാപ്പിഡ് റെയിൽ
(ii) 94803/04 ജയ്നഗർ-പട്ന നമോ ഭാരത് റാപ്പിഡ് റെയിൽ
നമോ ഭാരത് റാപ്പിഡ് റെയിലിന്റെ പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നു-
കേന്ദ്രീകൃത നിയന്ത്രണമുള്ള ഡബിൾ ലീഫ് ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകൾ
സുരക്ഷയ്ക്കും യാത്രക്കാരുടെ നിരീക്ഷണത്തിനുമുള്ള സിസിടിവികൾ
മൊബൈൽ ചാർജിംഗ് സോക്കറ്റുകൾ, അഗ്നി നിരീക്ഷണ സംവിധാനം
തുടർച്ചയായുള്ള ഊർജ്ജ ക്ഷമമായ എൽഇഡി ലൈറ്റിംഗ് സംവിധാനങ്ങൾ
എമർജൻസി ടോക്ക് സിസ്റ്റം
കുഷ്യൻ സീറ്റുകളും സീൽ ചെയ്ത ഫ്ലെക്സിബിൾ ഗാംഗ്‌വേയും ഉള്ള മോഡുലാർ ഇന്റീരിയർ
വാക്വം ഇവാക്വേഷൻ ഉള്ള എഫ്ആർപി ആധുനിക ശൗചാലയങ്ങൾ
എസി ഡ്രൈവർ ക്യാബിൻ അടക്കം പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ട്രെയിനുകൾ
ട്രെയിനുകളുടെ സമയനിഷ്ഠ:
ട്രെയിനുകൾ കൃത്യസമയത്ത് ഓടിക്കുന്നതിന് ഇന്ത്യൻ റെയിൽവേ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നു. ട്രെയിനുകളുടെ കൃത്യതയെ ബാധിക്കുന്ന ഘടകങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, റെയിൽ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കൽ, ട്രാക്ക്, സിഗ്നലിംഗ് സംവിധാനത്തിന്റെ നവീകരണം, പ്രവർത്തന തടസ്സങ്ങൾ പരിഹരിക്കൽ, യാർഡ് പുനർനിർമ്മാണം എന്നിവ ഉൾപ്പെടുന്ന ഹ്രസ്വകാല, ദീർഘകാല പരിഹാര നടപടികൾ സ്വീകരിക്കുന്നു. മുകളിൽ പറഞ്ഞ നടപടികൾ മുഖേന, 2025-26 കാലയളവിൽ ട്രെയിനുകളുടെ സമയനിഷ്ഠ ഏകദേശം 80% ആയിരുന്നു, 27 ഡിവിഷനുകൾ 90% ൽ കൂടുതൽ കൃത്യനിഷ്ഠ പാലിച്ചു.
കാറ്ററിംഗ് സേവനങ്ങൾ:
യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്റ്റേഷനുകളിൽ മതിയായ കാറ്ററിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ഇന്ത്യൻ റെയിൽവേ നിരന്തര ശ്രമം നടത്തുന്നു. ജൻ അഹാർ, റിഫ്രഷ്മെന്റ് റൂം, ഫുഡ് പ്ലാസകൾ, ഫാസ്റ്റ് ഫുഡ് യൂണിറ്റ്, കാറ്ററിംഗ്/വെൻഡിംഗ് സ്റ്റാളുകൾ തുടങ്ങിയ സ്ഥിര കാറ്ററിംഗ് യൂണിറ്റുകൾ മുഖേനയാണ് സ്റ്റേഷനുകളിൽ കാറ്ററിംഗ് സേവനങ്ങൾ നൽകുന്നത്.
സ്റ്റാറ്റിക് യൂണിറ്റുകളിലൂടെയും പ്ലാറ്റ്‌ഫോമുകളിൽ സ്ഥാപിച്ചിട്ടുള്ള സമർപ്പിത സർവീസ് കൗണ്ടറുകളിലൂടെയും സ്റ്റേഷനുകളിലെ യാത്രക്കാർക്ക് ചെലവ് കുറഞ്ഞ ഭക്ഷണം ലഭ്യമാക്കുന്നു.
ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ പ്രതിദിനം ശരാശരി 16.5 ലക്ഷം പേർക്ക് ഭക്ഷണം വിളമ്പുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണത്തിന്റെ പ്രതിദിന ശരാശരി 46 മാത്രമാണ്, ഇത് പ്രതിദിനം നൽകുന്ന മൊത്തം ഭക്ഷണത്തിന്റെ 0.003% ആണ്.
യാത്രക്കാർക്ക് ഇത്രയും വിപുലമായ തോതിൽ സുഗമവും തടസ്സരഹിതവുമായ ഭക്ഷണ സേവനങ്ങൾ ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ ശ്രമിക്കുന്നു. അതനുസരിച്ച്, സേവനങ്ങളുടെ സമഗ്രത മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ കാലാകാലങ്ങളിൽ സ്വീകരിക്കുന്നു.
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, കാറ്ററിംഗ് അസോസിയേഷനുകൾ, വ്യക്തികൾ അടക്കമുള്ള എല്ലാ പങ്കാളികളിൽ നിന്നും ഒട്ടേറെ നിവേദനങ്ങൾ, നിർദ്ദേശങ്ങൾ, പരാതികൾ, തുടങ്ങിയവ ലഭിക്കുന്നു. ഈ ആശങ്കകൾ യാഥാർഥ്യബോധത്തോടെ പരിശോധിക്കുകയും അതനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. 2024-25 ൽ, ലഭിച്ച പരാതികൾക്ക് 13.2 കോടി രൂപ പിഴ ചുമത്തി. കൂടാതെ, മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായി പരാതികൾ നിരന്തരം നിരീക്ഷിക്കുന്നു.
കുറഞ്ഞ ചെലവിലുള്ള ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്ന ഇന്ത്യൻ റെയിൽവേ.
720 കോടിയിലധികം യാത്രികർക്ക് ചെലവ് കുറഞ്ഞ ഗതാഗത സേവനം ഇന്ത്യൻ റെയിൽവേ നൽകുന്നു. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ത്യൻ റെയിൽവേ ഈടാക്കുന്നത്, അയൽ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പോലും
2023-24 സാമ്പത്തിക വർഷത്തിൽ യാത്രക്കാർക്ക് നൽകിയ ആകെ സബ്സിഡിയുടെ താൽക്കാലിക കണക്ക് 60,466 കോടി രൂപയാണ്.
യാത്രക്കാരെ സംബന്ധിച്ചിടത്തോളം യാത്രാ ചെലവിന്റെ 45% സബ്സിഡിയാണിത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, സേവനം നൽകുന്നതിനുള്ള ചെലവ് 100 രൂപയാണെങ്കിൽ, ടിക്കറ്റ് വില 55 രൂപ മാത്രമാണ്. എല്ലാ യാത്രക്കാർക്കും ഈ സബ്സിഡി ലഭിക്കുന്നു. കൂടാതെ, ഈ സബ്സിഡി തുക കൂടാതെയുള്ള ഇളവുകൾ പല വിഭാഗത്തിലുള്ളവർക്ക്, അതായത് വികലാംഗർക്കും (ദിവ്യാംഗർ), 11 വിഭാഗം രോഗികൾക്കും 8 വിഭാഗം വിദ്യാർത്ഥികൾക്കും അടക്കം തുടരുന്നു.
2013-14 ൽ സബ്സിഡി 31,049 കോടി രൂപയായിരുന്നു. 2013-14 നും 2023-24 നും ഇടയിൽ സബ്സിഡി തുക ഏകദേശം ഇരട്ടിയായി.
5 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2025 ജൂലൈ 01 മുതൽ നിരക്കുകൾ യുക്തിസഹമാക്കി. പ്രീമിയം ക്ലാസുകൾക്ക് കിലോമീറ്ററിന് അര പൈസ മുതൽ കിലോമീറ്ററിന് രണ്ട് പൈസ വരെയുള്ള വർദ്ധനവ് നാമമാത്രമാണ് വരുത്തിയത്.
താഴ്ന്ന, ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്ക് നിലനിർത്തുന്നതിനായി, എംഎസ്ടി, സബർബൻ യാത്രകൾക്കുള്ള നിരക്കുകൾ പരിഷ്ക്കരിച്ചിട്ടില്ല. കൂടാതെ, ഒരു കിലോമീറ്റർ യാത്രാ ദൂരത്തിന് അര പൈസ മുതൽ രണ്ട് പൈസ വരെ മാത്രമായതിനാൽ, സബ്‌സിഡി തുകയിൽ നിരക്ക് പരിഷ്‌ക്കരണം കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയില്ല. പകുതിയിൽ താഴെ യാത്രകൾക്ക് മാത്രമേ നിരക്കിൽ നേരിയ വർധനവ് ഉണ്ടാകൂ എന്ന് കണക്കാക്കപ്പെടുന്നു. ഉദാഹരണത്തിന്, ജനറൽ കോച്ചുകളിൽ കുറഞ്ഞ വരുമാനമുള്ള ഒരു യാത്രക്കാരന്, 500 കിലോമീറ്റർ യാത്രയ്ക്ക് നിരക്ക് വർദ്ധനവ് ഇല്ല.
മേല്പറഞ്ഞ നടപടികൾ യാത്രക്കാരുടെ സംതൃപ്തി വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രവർത്തന കാര്യക്ഷമത, ആധുനികവത്ക്കരണം, ഡിജിറ്റൈസേഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഉപയോക്താക്കൾക്ക് സേവന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം താങ്ങാവുന്ന യാത്രാ നിരക്കുകൾ ഉറപ്പാക്കാനും ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നു.
കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ, ഇലക്‌ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രി
ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
(Release ID: 2154569)
Visitor Counter : 5