വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

യുഎൻ വനിതാവിഭാഗത്തിന്റെ ശേഷി വികസന പരിപാടിയുടെ രണ്ടാം പതിപ്പ് - ഷീ ലീഡ്സ് II: വനിതാ നേതാക്കൾക്കുള്ള ശില്പശാല കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ ദേവി ഉദ്ഘാടനം ചെയ്തു

Posted On: 07 AUG 2025 11:08AM by PIB Thiruvananthpuram
യുഎൻ വനിതാവിഭാഗത്തിന്റെ പ്രധാന ശേഷി വികസന പരിപാടിയുടെ രണ്ടാം പതിപ്പ് - ഷീ ലീഡ്സ് II: വനിതാ നേതാക്കൾക്കുള്ള ശില്പശാല - കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ ദേവി ഇന്ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലുടനീളമുള്ള അടിസ്ഥാനതലത്തിലുള്ള  വനിതാ നേതാക്കൾ, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, ഭരണാധികാരികൾ എന്നിവർ ഈ പരിപാടിയിൽ പങ്കെടുക്കുന്നു. സംവാദം പ്രോത്സാഹിപ്പിക്കുന്നതിനും രാഷ്ട്രീയ നേതൃത്വ ശേഷി വികസിപ്പിക്കുന്നതിനും, ഭരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33% സംവരണം നിർബന്ധമാക്കിയ 2023 ലെ വനിതാ സംവരണ നിയമം പാസാക്കിയതിന് ശേഷമുള്ള ചരിത്രപരമായ നിർണായക സന്ദർഭത്തിലാണ് യുഎൻ വനിതാ -ഇന്ത്യ ഓഫീസ്,  ദ്വിദിന ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. 18-ാം ലോക്സഭയിൽ നിലവിൽ 14% സീറ്റുകളിൽ മാത്രമാണ് സ്ത്രീകളുള്ളത്. ഈ lപ്രാതിനിധ്യ വിടവ് നികത്തുന്നതിൽ ഷീ ലീഡ്സ് പോലുള്ള സംരംഭങ്ങൾ നിർണായകമാണ്.

വനിതാ നേതൃത്വം പ്രാതിനിധ്യത്തിന്റെ മാത്രം കാര്യമല്ലെന്നും, വികസിത ഭാരതത്തിനായി സ്ത്രീകൾ നയിക്കുന്ന വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അത് പ്രധാനമാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ ശ്രീമതി അന്നപൂർണ ദേവി പറഞ്ഞു. 2030-ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളായാലും 2040-ലെ ഇന്ത്യയുടെ വികസന അജണ്ട ആയാലും,അത് യഥാർത്ഥത്തിൽ സമഗ്രവും എല്ലാവരെയും പ്രതിനിധീകരിക്കുന്നതുമാണെന്ന് ഉറപ്പാക്കുന്നതിനും, അതിനായി മുന്നിൽ നിന്ന് നയിക്കുന്നതിനും ആവശ്യമായ കഴിവുകളും ശൃംഖലകളും നൽകി സ്ത്രീകളെ സജ്ജരാക്കുന്നതിൽ ഷീ ലീഡ്‌സ് പോലുള്ള സംരംഭങ്ങൾ നിർണായകമാണ്.


 ശില്പശാലയ്ക്ക് ഈ വർഷം, 22 സംസ്ഥാനങ്ങളിൽ നിന്ന് 260-ലധികം അപേക്ഷകൾ ലഭിച്ചു.ഫെബ്രുവരിയിൽ നടന്ന ഉദ്ഘാടന പതിപ്പിൽ ലഭിച്ച പ്രതികരണത്തേക്കാൾ ഇരട്ടിയിലധികമാണിത്. കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷം, അനുഭവസമ്പത്ത്, പ്രചോദനം, ഭാവി പദ്ധതികൾ എന്നിവയെ അടിസ്ഥാനമാക്കി 36 പേരെ തിരഞ്ഞെടുത്തു. രണ്ട് ദിവസങ്ങളിലായി, തിരഞ്ഞെടുപ്പ് പ്രചാരണം, ഭരണ സമ്പ്രദായ ഘടനകൾ , ആഖ്യാന നിർമ്മാണം, ഫലപ്രദമായ മാധ്യമ ഇടപെടൽ തുടങ്ങിയ വിഷയങ്ങളിലായി പാർലമെന്റ് അംഗങ്ങൾ, നയ വിദഗ്ധർ, മാധ്യമ തന്ത്രജ്ഞർ എന്നിവരുമായി അവർ സംവേദനാത്മക ചർച്ചകളിൽ പങ്കെടുക്കും.
 
SKY
 
 
**********

(Release ID: 2153492)