റെയില്‍വേ മന്ത്രാലയം
ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാന്‍ ഐ ആര്‍ സി ടി സി ശക്തമായ നിരീക്ഷണ സംവിധാനങ്ങളും അനുബന്ധ നടപടികളും നടപ്പിലാക്കി വരുന്നു: കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്
Posted On:
06 AUG 2025 7:02PM by PIB Thiruvananthpuram
ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 2023 ലെ വാണിജ്യ സര്‍ക്കുലര്‍ നമ്പര്‍ 24 പ്രകാരം റെയില്‍വേ മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഒരു പ്രത്യേക ട്രെയിനിനുള്ള കരാറുകള്‍ക്ക് പകരമായി ട്രെയിനുകളുടെ ക്ലസ്റ്ററുകള്‍ക്ക് കരാര്‍ നല്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും ഭക്ഷണ ഉത്പാദനത്തിന്റേയും സേവനങ്ങളുടേയും പൂര്‍ണ്ണ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും ഇത് ഊന്നല്‍ നല്‍കുന്നു.
നിലവിലുള്ള നയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ചട്ടക്കൂടിന് കീഴില്‍ ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഐ ആര്‍ സി ടി സി ബേസ് കിച്ചനുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ നിര്‍ണയിക്കുകയും റൂട്ട് തിരിച്ചുള്ള ട്രെയിനുകളുടെ ക്ലസ്റ്ററുകള്‍ രൂപീകരിക്കുകയും ചെയ്തു.ടെന്‍ഡര്‍ രേഖകളില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി ഏറ്റവും ഉയര്‍ന്ന തുക ലേലം വിളിക്കുന്നവര്‍ക്ക് സുതാര്യമായ പ്രക്രിയയിലൂടെയാണ് ഐ ആര്‍ സി ടി സി ട്രെയിനുകളുടെ ക്ലസ്റ്ററുകളുടെ കരാറുകള്‍ നല്കുന്നത്.കരാറുകാര്‍ ടെന്‍ഡര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കരാറുകാരുടെ അച്ചടക്കലംഘനങ്ങളും അന്യായമായ ആനുകൂല്യങ്ങളും തടയുന്നതിനും ഐ ആര്‍ സി ടി സി ശക്തമായ നിരീക്ഷണ സംവിധാനങ്ങളും നിയന്ത്രണ നടപടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഐ ആര്‍ സി ടി സി സംഘടിപ്പിച്ച ട്രെയിനുകളുടെ ക്ലസ്റ്ററുകള്‍ക്കായുള്ള ടെന്‍ഡറുകളില്‍ മൊത്തം 24 പേര്‍ ലേലത്തില്‍ പങ്കെടുത്തു.അതില്‍ 20 സ്ഥാപനങ്ങള്‍ക്ക് ഐ ആര്‍ സി ടി സി കരാര്‍ നല്‍കി.ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഐ ആര്‍ സി ടി സി ഒരു കരാറും നല്കിയിട്ടില്ല. ഒന്നിലധികം സേവന ദാതാക്കള്‍ക്ക് നല്‍കിയ ലെറ്റേഴ്സ് ഓഫ് അവാര്‍ഡിന്റെ(LOA) വിശദാംശങ്ങള്‍ ഐ ആര്‍ സി ടി സിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കരാര്‍ ലഭിച്ച ആര്‍ക്കും ഇതുവരെ ക്ലസ്റ്റര്‍ എ കരാറുകളുടെ 80% ലഭിച്ചിട്ടില്ല.
ബന്ധപ്പെട്ട പങ്കാളികള്‍,തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍,കാറ്ററിംഗ് അസോസിയേഷനുകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് നിവേദനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, പരാതികള്‍ എന്നിവ സ്വീകരിക്കുന്ന റെയില്‍വേയുടെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനം തുടര്‍ച്ചയായതും സജീവവുമായ പ്രക്രിയയാണ്.ഈ ആശങ്കകള്‍ പരിശോധിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നു. 2024-25 കാലയളവില്‍ ഐ ആര്‍ സി ടി സി സ്വീകരിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ 13.2 കോടി രൂപ പിഴ ഈടാക്കിയിട്ടുണ്ട്. കൂടാതെ റെയില്‍ മദദ് (RailMadad)പോര്‍ട്ടലില്‍ പരാതികള്‍ നിരന്തരം നിരീക്ഷിക്കുന്നു.
ഇന്ത്യന്‍ റെയില്‍വേ ശൃംഖലയില്‍ പ്രതിദിനം ശരാശരി 16.5 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്. സുഗമവും തടസ്സമില്ലാത്തതുമായ രീതിയില്‍ ഇത്രയും വലിയ അളവില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഉറപ്പാക്കാന്‍ ഐ ആര്‍ സി ടി സി ശ്രമിക്കുന്നു.യാത്രക്കാരുടെ മൊത്തത്തിലുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് യഥാസമയം ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നു.
സേവനങ്ങളുടെ നവീകരണം ഉറപ്പാക്കുന്നതിന് സര്‍ക്കുലറില്‍ വിവിധ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കാറ്ററിംഗ് സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നിയോഗിക്കേണ്ട ജീവനക്കാരുടെ യോഗ്യതയും പരിശീലനവും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.ഈ സേവനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിന് ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരികളെ നിയമിക്കേണ്ടത് നി
ര്‍ബന്ധമാക്കിയിട്ടുണ്ട്.ഇതനുസരിച്ച് ഡിഗ്രി/ഡിപ്ലോമ ഹോസ്പിറ്റാലിറ്റി മേല്‍നോട്ടക്കാരെ ഐ ആര്‍ സി ടി സി/കരാറുകാര്‍ നിയോഗിക്കുന്നു.അടുക്കളയില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി 819 പേരെ ഒന്നിലധികം അടുക്കളകളിലും ഓണ്‍-ബോര്‍ഡ് കാറ്ററിംഗ് സേവനങ്ങള്‍ നിരീക്ഷിക്കുന്നതിനായി 876 പേരെ ട്രെയിനുകളിലുമായി വിന്യസിച്ചിട്ടുണ്ട്.
കേന്ദ്ര റെയില്‍വേ,ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി,വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ നല്‍കിയത്.
*******
(Release ID: 2153376)