ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗുമായി കൂടിക്കാഴ്ച നടത്തി ഫിലിപ്പൈന്‍സ് ശാസ്ത്ര മന്ത്രി ഡോ. റെനാറ്റോ യു. സോളിഡം ജൂനിയര്‍

Posted On: 04 AUG 2025 5:51PM by PIB Thiruvananthpuram

ശാസ്ത്രമേഖലയിലെ ഉഭയകക്ഷി ഇടപെടല്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ ഫിലിപ്പൈന്‍സ് ശാസ്ത്ര സാങ്കേതിക സെക്രട്ടറി ഡോ. റെനാറ്റോ യു. സോളിഡം ജൂനിയര്‍ ഇന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക - ഭൗമശാസ്ത്ര മന്ത്രാലയങ്ങളുടെ സ്വതന്ത്ര ചുമതല വഹിക്കുന്ന സഹമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവോര്‍ജ - ബഹിരാകാശ - ഉദ്യോഗസ്ഥ - പൊതുജന പരാതി പരിഹാര - പെന്‍ഷന്‍ വകുപ്പുകളുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗുമായി കൂടിക്കാഴ്ച നടത്തി.

 

2025-2028 കാലയളവിലേക്കുള്ള 'സഹകരണ പരിപാടി (പിഒസി)' പ്രകാരം അടുത്തിടെ ഒപ്പുവച്ച ഇന്ത്യ-ഫിലിപ്പൈന്‍സ് ശാസ്ത്ര സാങ്കേതിിക സഹകരണത്തിന് ഈ കൂടിക്കാഴ്ച പുതിയ ഗതിവേഗം പകര്‍ന്നു.

 

POC- യിൽ വിവരിച്ച വിശാല സഹകരണം പ്രായോഗിക പദ്ധതികളാക്കി മാറ്റുന്നതിൽ ഉന്നതതല ശ്രദ്ധ കേന്ദ്രീകരിച്ച ചര്‍ച്ചയില്‍ ജിയോസ്‌പേഷ്യല്‍ സാങ്കേതികവിദ്യകളും നീല സമ്പദ്വ്യവസ്ഥയും അടിയന്തര മുന്‍ഗണനാ മേഖലകളായി ഡോ. ജിതേന്ദ്ര സിംഗ് നിര്‍ദേശിച്ചു. ദുരന്തനിവാരണവും സമുദ്ര വിഭവങ്ങളും പരിസ്ഥിതി നിരീക്ഷണവുമടക്കം മേഖലകളുടെ പശ്ചാത്തലത്തില്‍ ഫലപ്രദമായ സഹകരണങ്ങള്‍ക്ക് ഈ വിഷയങ്ങള്‍ സാധ്യത തുറക്കുന്നതായി അദ്ദേഹം പറഞ്ഞു.

 

ഇന്ത്യ-ആസിയാന്‍ ശാസ്ത്ര സാങ്കേതിക ചട്ടക്കൂടില്‍ ഫിലിപ്പൈന്‍സിന്റെ സജീവ പങ്കാളിത്തം സ്വാഗതം ചെയ്ത ഡോ. ജിതേന്ദ്രസിങ് ഫെലോഷിപ്പ് പദ്ധതികളിലൂടെയും സംയുക്ത പരിപാടികളിലൂടെയും ജനങ്ങള്‍ തമ്മില്‍ വളര്‍ന്നുവന്ന ബന്ധം പ്രാദേശിക ഐക്യത്തിനൊപ്പം ഉഭയകക്ഷി ബന്ധങ്ങളും ശക്തിപ്പെടുത്താന്‍ ഗണ്യമായി സംഭാവന നല്‍കിയതായി അഭിപ്രായപ്പെട്ടു.

 

കാര്‍ഷിക ബയോടെക്‌നോളജി, ജിയോസ്‌പേഷ്യല്‍ സാങ്കേതികവിദ്യ, ദുരന്തസാധ്യത ലഘൂകരണം എന്നിവയില്‍ സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്നും ഇവ സംയുക്ത ഗവേഷണത്തിന് ഉടന്‍ തുടക്കം കുറിക്കാവുന്ന വഴികളാണെന്നും നിരീക്ഷിച്ച ഡോ. ജിതേന്ദ്ര സിംഗ് അറിവ് പങ്കിടലിന്റെയും ശേഷി വര്‍ധനയുടെയും സാധ്യതകള്‍ അടിവരയിട്ടു.

 

ഭരണനിര്‍വഹണം, വിദ്യാഭ്യാസം, വ്യാപാരം എന്നിവയിലുടനീളം ജിയോസ്‌പേഷ്യല്‍ വിവരങ്ങളുടെ വ്യാപക ഉപയോഗം സാധ്യമാക്കുന്ന ആവാസവ്യവസ്ഥയെ വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ 2022 -ലെ ദേശീയ ജിയോസ്‌പേഷ്യല്‍ നയം അദ്ദേഹം എടുത്തുപറഞ്ഞു. 2030-ഓടെ വ്യക്തതയേറിയ ടോപ്പോഗ്രഫിക്കല്‍ സര്‍വേയും കൃത്യതയാര്‍ന്ന ഡിജിറ്റല്‍ എലവേഷന്‍ മാതൃകയും സ്ഥാപിക്കാന്‍ രാജ്യം ലക്ഷ്യമിടുന്നുവെന്നും ഫിലിപ്പൈന്‍സുമായി അനുഭവം പങ്കിടാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

 

POC-ക്ക് കീഴിലെ പദ്ധതികളുടെ നടത്തിപ്പിന് നേതൃത്വം നല്‍കാന്‍ ഇന്ത്യ-ഫിലിപ്പൈന്‍സ് സംയുക്ത സമിതി യോഗങ്ങള്‍ പതിവായി നടത്തേണ്ടതിന്റെ പ്രാധാന്യവും യോഗം ഊന്നിപ്പറഞ്ഞു. കാര്‍ഷിക ബയോടെക്‌നോളജിയും നിര്‍മിതബുദ്ധിയും മുതല്‍ ഊര്‍ജ സംഭരണവും സമുദ്ര ശാസ്ത്രവും വരെ കരാറില്‍ തിരിച്ചറിഞ്ഞ എട്ട് പ്രമേയാധിഷ്ഠിത മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന് ഈ സംയുക്ത സംവിധാനം നേതൃത്വം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

സംയുക്ത ഗവേഷണ വികസനം, ശാസ്ത്രജ്ഞരുടെ കൈമാറ്റം, ശേഷിവര്‍ധന പരിപാടികള്‍, ഉടമസ്ഥതാ രഹിത ശാസ്ത്രീയ വിവരങ്ങളുടെ പങ്കിടല്‍ എന്നിവ സുഗമമാക്കാന്‍ പിഒസി പ്രകാരം ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. പുതിയ അറിവും വാണിജ്യതലത്തില്‍ ലാഭകരമായ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വര്‍ഷംതോറും സംയുക്ത പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇന്ത്യയിലെയും ഫിലിപ്പൈന്‍സിലെയും ഗവേഷണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും.

 

ധനസഹായം, പരസ്പര സന്ദര്‍ശനങ്ങള്‍, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, വാര്‍ഷിക സംയുക്ത ശില്പശാലകള്‍ എന്നിവ സംബന്ധിച്ച സംവിധാനങ്ങളെ ഉഭയകക്ഷി കരാര്‍ വിശദീകരിക്കുന്നു. മുന്‍കാല സഹകരണം വികസിപ്പിക്കുന്നതിനൊപ്പം ഉയര്‍ന്നുവരുന്ന ശാസ്ത്രീയ വെല്ലുവിളികളോട് കൂടുതല്‍ ചടുലതയോടെയും ഏകോപനത്തോടെയും പ്രതികരിക്കാന്‍ പുതിയ പിഒസി ലക്ഷ്യമിടുന്നതായി ഇരുരാജ്യങ്ങളും അംഗീകരിച്ചു.  

 

രാഷ്ട്ര മേധാവിതല യോഗത്തിന് മുന്നോടിയായി ഇന്ന് സംഘടിപ്പിച്ച കൂടിക്കാഴ്ച ശാസ്ത്ര സാങ്കേതിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഫലപ്രാപ്തിയിലധിഷ്ഠിതവുമായ ഇന്ത്യ-ഫിലിപ്പൈന്‍സ് പങ്കാളിത്തത്തിന് വഴിയൊരുക്കുമെന്ന് ഡോ. ജിതേന്ദ്ര സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ സാമ്പത്തിക - സാമൂഹ്യ നേട്ടങ്ങള്‍ നല്‍കാന്‍ സഹകരണത്തിന് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

*****************


(Release ID: 2152356)
Read this release in: English , Urdu , Hindi , Tamil