ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
2025 ഓഗസ്റ്റ് 1 മുതൽ 7 വരെ നടക്കുന്ന "നിങ്ങളുടെ ഇഴവൈവിധ്യങ്ങളെ അറിയാം" പ്രചാരണപരിപാടി പ്രഖ്യാപിച്ച് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം
Posted On:
01 AUG 2025 8:53PM by PIB Thiruvananthpuram
"നിങ്ങളുടെ ഇഴവൈവിധ്യങ്ങളെ അറിയാം" (Know Your Weaves) എന്ന പേരിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രചാരണപരിപാടി 2025 ഓഗസ്റ്റ് 1 മുതൽ 7 വരെ നടക്കുമെന്ന് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം അറിയിച്ചു .ആഗസ്റ്റ് 7 ന് നടക്കുന്ന ദേശീയ കൈത്തറി ദിനാഘോഷത്തോട് അനുബന്ധിച്ചാണ് ന്യൂഡൽഹിയിലെ നാഷണൽ ക്രാഫ്റ്റ്സ് മ്യൂസിയം & ഹസ്തകല അക്കാദമിയിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ടെക്സ്റ്റൈൽസ് മന്ത്രാലയം സെക്രട്ടറി ശ്രീമതി നീലം ഷാമി റാവു, ഹാൻഡിക്രാഫ്റ്റ്സ് ഡിസി ശ്രീമതി അമൃത് രാജ്, ഹാൻഡ്ലൂംസ് ഡിസി ഡോ. എം. ബീന, പ്രിൻസിപ്പൽമാർ, പ്രൊഫസർമാർ, വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
"നിങ്ങളുടെ വസ്ത്രങ്ങളിലെ ഇഴവൈവിധ്യങ്ങളറിയാം" പ്രചാരണ പരിപാടി നമ്മുടെ രാജ്യത്തെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ കൈത്തറി നെയ്ത്ത് പാരമ്പര്യങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രാലയം സെക്രട്ടറി പറഞ്ഞു. എല്ലാവരും, പ്രത്യേകിച്ച് യുവതലമുറ, പ്രദർശനം സന്ദർശിച്ച് നെയ്ത്തിന്റെ സമ്പന്നമായ പൈതൃകം അനുഭവിച്ചറിയാൻ ശ്രീമതി റാവു അഭ്യർത്ഥിച്ചു. മന്ത്രാലയം സെക്രട്ടറി പ്രദർശനം സന്ദർശിക്കുകയും നെയ്ത്തുകാരുമായി സംവദിക്കുകയും ചെയ്തു.
ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പൈതൃകത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, അതിൽ അഭിമാനം കൊള്ളുക, രാജ്യത്തെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുക, രാജ്യത്തുടനീളമുള്ള വൈവിധ്യമാർന്നതും അതിമനോഹരവുമായ നെയ്ത്തുസൃഷ്ടികൾ പ്രദർശിപ്പിക്കുക എന്നിവയാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. ബനാറസി, ചന്ദേരി മുതൽ പോച്ചമ്പള്ളി, ഇകട്ട്, കാഞ്ചീവരം, ഭുജോഡി തുടങ്ങി നിരവധി മേഖലകളിൽ നിന്നുള്ള കരകൗശല വിദഗ്ധരെയും ഡിസൈനർമാരെയും വിദ്യാർത്ഥികളെയും കൈത്തറി പ്രേമികളെയും ഈ കാമ്പെയ്‌ൻ, ഒരു കുടക്കീഴിൽ ഒരുമിച്ച് കൊണ്ടുവരുന്നു.
ദേശീയ കൈത്തറി ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ഈ പരിപാടി 2025 ലെ കൈത്തറി ദിനാഘോഷ പരിപാടികളുടെ ഭാഗമാണ്. കഴിഞ്ഞ വർഷം നടന്ന രണ്ടാഴ്ച നീണ്ടുനിന്ന ആഘോഷ പരിപാടിയിൽ 58 സ്‌കൂളുകളിൽ നിന്നുള്ള 7900 വിദ്യാർത്ഥികൾ പങ്കെടുത്തു.
കാമ്പെയ്‌നിന്റെ പ്രധാന സവിശേഷതകൾ:
•. വീവ് എക്സിബിഷൻ പവലിയൻ: ഇന്ത്യയിലെ സവിശേഷമാർന്ന വിവിധ നെയ്ത്തു രീതികളുടെ തത്സമയ പ്രദർശനം
• ശില്പശാലകൾ: സ്വാഭാവിക തറി സാങ്കേതിക വിദ്യകൾ, വൈജ്ഞാനിക സെഷനുകൾ, ക്വിസ് മത്സരം തുടങ്ങിയവ
•.കഥാകഥനം : സിനിമകൾ, ആർക്കൈവുകൾ, വ്യക്തിഗത വിവരണങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ കൈത്തറി പാരമ്പര്യത്തിന്റെ യാത്ര വിശദമാക്കുന്ന പരിപാടികൾ
•യുവജന പങ്കാളിത്ത പരിപാടികൾ: യുവാക്കളെ ഇന്ത്യയുടെ വസ്ത്ര പൈതൃകവുമായി ബന്ധിപ്പിക്കുന്നതിന് സ്കൂൾ, കോളേജ് തലങ്ങളിൽ പ്രചാരണ പരിപാടികൾ, മത്സരങ്ങൾ, ഗൈഡഡ് ടൂറുകൾ എന്നിവയുടെ സംഘാടനം.
*******************
(Release ID: 2151732)