റെയില്‍വേ മന്ത്രാലയം
തിരക്കേറിയ 73 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റേഷൻ ഡയറക്ടർമാരെ നിയമിക്കും. ഉത്സവ നാളുകളിൽ ശേഷിക്കും ലഭ്യതയ്ക്കും അനുസരിച്ച് ടിക്കറ്റ് വിൽപന നിയന്ത്രിക്കുന്നത് ഉൾപ്പെടെ "തിരക്ക് കുറക്കാൻ തത്സമയ തീരുമാനം" എടുക്കാൻ അവർക്ക് അധികാരമുണ്ടാകും
Posted On:
01 AUG 2025 6:19PM by PIB Thiruvananthpuram
യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിലുള്ള സ്റ്റേഷനുകളിൽ ഇനിപ്പറയുന്ന നടപടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്:
1. തിരക്ക് കൂടുതലായി കാണുന്ന 73 സ്റ്റേഷനുകളിൽ സ്ഥിരം കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കും:
2024-ലെ ഉത്സവകാലത്ത്, യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്റ്റേഷനുകൾക്ക് പുറത്ത് താത്കാലിക കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. സൂറത്ത്, ഉധ്‌ന, പട്‌ന, ന്യൂഡൽഹി എന്നിവിടങ്ങളിൽ ഒരുക്കിയ കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ സാധിച്ചു. ട്രെയിൻ പ്ലാറ്റ്‌ഫോമിൽ വരുമ്പോൾ മാത്രമേ യാത്രക്കാരെ പ്രവേശിക്കാൻ അനുവദിച്ചിരുന്നുള്ളൂ.
മഹാകുംഭ വേളയിൽ പ്രയാഗ് മേഖലയിലെ ഒമ്പത് സ്റ്റേഷനുകളിൽ സമാനമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ സ്റ്റേഷനുകളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, ഇടയ്ക്കിടെ വലിയ തിരക്ക് അനുഭവപ്പെടുന്ന രാജ്യത്തുടനീളമുള്ള 73 സ്റ്റേഷനുകളിൽ പുറത്ത് സ്ഥിരമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കാൻ തീരുമാനിച്ചു. ട്രെയിനുകൾ എത്തുമ്പോൾ മാത്രമേ യാത്രക്കാരെ പ്ലാറ്റ്‌ഫോമുകളിലേക്ക് പോകാൻ അനുവദിക്കൂ. ഇത് പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കും. ന്യൂഡൽഹി, ആനന്ദ് വിഹാർ, വാരണാസി, അയോധ്യ, ഗാസിയാബാദ് സ്റ്റേഷനുകളിൽ പൈലറ്റ് പദ്ധതികൾ ആരംഭിച്ചു.
2. പ്രവേശനം നിയന്ത്രിക്കൽ:
തിരക്ക് കൂടുതലുള്ള 73 സ്റ്റേഷനുകളിൽ പ്രവേശനം പൂർണമായി നിയന്ത്രിക്കും.
റിസർവേഷൻ സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമുകളിലേക്ക് നേരിട്ട് പ്രവേശനം നൽകും.
ടിക്കറ്റില്ലാത്തതോ, വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളതോ ആയ യാത്രക്കാർ പുറത്തുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഇരിക്കണം.
അനധികൃത പ്രവേശന കവാടങ്ങളെല്ലാം അടച്ചുപൂട്ടും.
3. വിശാലമായ കാൽനട മേൽപ്പാലങ്ങൾ (FOB):
12 മീറ്റർ (40 അടി), 6 മീറ്റർ (20 അടി) വീതിയുള്ള രണ്ട് പുതിയ തരം കാൽനട മേൽപ്പാലങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. മഹാകുംഭമേള സമയത്ത് തിരക്ക് നിയന്ത്രിക്കുന്നതിൽ ഈ വീതിയേറിയ കാൽനടപ്പാലങ്ങൾ വളരെ ഫലപ്രദമായിരുന്നു. പുതിയതും വിശാലവുമായ ഈ മേൽപ്പാലങ്ങൾ എല്ലാ സ്റ്റേഷനുകളിലും സ്ഥാപിക്കും.
4. ക്യാമറകൾ:
മഹാകുംഭമേള സമയത്ത് തിരക്ക് നിയന്ത്രിക്കുന്നതിൽ ക്യാമറകൾ വലിയ സഹായമായിരുന്നു. റെയിൽവേ സ്റ്റേഷനുകളിലും സമീപ പ്രദേശങ്ങളിലുമുള്ള സിസിടിവി ക്യാമറകൾ ജനക്കൂട്ടത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കും.
5. വാർ റൂമുകൾ:
വലിയ സ്റ്റേഷനുകളിൽ വാർ റൂമുകൾ സ്ഥാപിക്കും. തിരക്കേറിയ സാഹചര്യങ്ങളിൽ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ഈ വാർ റൂമിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
6. പുതുതലമുറ ആശയവിനിമയ ഉപകരണങ്ങൾ:
വാക്കി-ടോക്കികൾ, അനൗൺസ്‌മെന്റ് സംവിധാനങ്ങൾ, കോളിംഗ് സംവിധാനങ്ങൾ തുടങ്ങിയ ഏറ്റവും പുതിയ ഡിജിറ്റൽ ആശയവിനിമയ ഉപകരണങ്ങൾ തിരക്കേറിയ എല്ലാ സ്റ്റേഷനുകളിലും സ്ഥാപിക്കും.
7. പുതിയ ഡിസൈനിലുള്ള തിരിച്ചറിയൽ കാർഡ്:
എല്ലാ ജീവനക്കാർക്കും സർവീസ് ഉദ്യോഗസ്ഥർക്കും പുതുതായി രൂപകൽപ്പന ചെയ്ത തിരിച്ചറിയൽ കാർഡ് നൽകും, അതുവഴി അംഗീകൃത വ്യക്തികൾക്ക് മാത്രമേ സ്റ്റേഷനിൽ പ്രവേശിക്കാൻ കഴിയൂ.
8. ജീവനക്കാർക്ക് പുതുതായി രൂപകൽപ്പന ചെയ്ത യൂണീഫോം:
അടിയന്തര സാഹചര്യങ്ങളിൽ ജീവനക്കാരെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ യൂണീഫോമുകൾ നൽകും.
9. സ്റ്റേഷൻ ഡയറക്ടർ തസ്തികയുടെ പദവി ഉയർത്തൽ:
എല്ലാ പ്രധാന സ്റ്റേഷനുകളിലും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്റ്റേഷൻ ഡയറക്ടറായിരിക്കും. മറ്റ് എല്ലാ വകുപ്പുകളും സ്റ്റേഷൻ സ്റ്റേഷൻ ഡയറക്ടറോട് ആയിരിക്കണം റിപ്പോർട്ട് ചെയ്യേണ്ടത്. സ്റ്റേഷന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് സ്റ്റേഷൻ ഡയറക്ടർക്ക് സാമ്പത്തിക അധികാരം നൽകും.
10. ശേഷിക്കനുസരിച്ചുള്ള ടിക്കറ്റ് വിൽപ്പന:
സ്റ്റേഷന്റെയും ലഭ്യമായ ട്രെയിനുകളുടെയും ശേഷിക്കനുസരിച്ച് ടിക്കറ്റ് വിൽപ്പന നിയന്ത്രിക്കാൻ സ്റ്റേഷൻ ഡയറക്ടർമാർക്ക് അധികാരം നൽകും.
കൂടാതെ, സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് ഇനിപ്പറയുന്ന പറയുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്:
തിരക്ക് നിയന്ത്രിക്കുന്നതിനായി ജിആർപി/, സംസ്ഥാന പോലീസ്, ബന്ധപ്പെട്ട റെയിൽവേ വകുപ്പുകൾ എന്നിവരുമായി ഏകോപനം സാധ്യമാക്കും.
വലിയ തിരക്കുള്ള സമയങ്ങളിൽ ജനക്കൂട്ടത്തെ സുഗമമായി നിയന്ത്രിക്കുന്നതിനും യാത്രക്കാർക്ക് തത്സമയ സഹായം നൽകുന്നതിനും ഗവൺമെൻ്റ് റെയിൽവേ പോലീസ് (GRP), റെയിൽവ സുരക്ഷാ സേന (RPF) ജീവനക്കാരെ പ്രധാന സ്ഥലങ്ങളിൽ വിന്യസിക്കും.
വലിയ തിരക്കുള്ള സമയങ്ങളിൽ തിക്കിലും തിരക്കിലും പെടാതിരിക്കാൻ കാൽനട മേൽപ്പാലങ്ങളിൽ, GRP, RPF ജീവനക്കാരെ വിന്യസിച്ച് ജനക്കൂട്ടത്തെ നിയന്ത്രിക്കും. ഇത് യാത്രക്കാർക്ക് തത്സമയ സഹായവും നൽകും.
തിരക്ക് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇൻ്റലിജൻസ് യൂണിറ്റുകളെയും (ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് (CIB)/സ്‌പെഷ്യൽ ഇൻ്റലിജൻസ് ബ്രാഞ്ച് (SIB) സാധാരണ വേഷത്തിലുമുള്ള ഉദ്യോഗസ്ഥരെയും നിയോഗിക്കും. അതിനനുസരിച്ച് GRP/പോലീസ് സഹകരണത്തോടെ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യും.
കേന്ദ്ര റെയിൽവേ, വാര്‍ത്താ വിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ഇന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചതാണ് ഈ വിവരങ്ങൾ.
*****
(Release ID: 2151617)