രാജ്യരക്ഷാ മന്ത്രാലയം
ഓപ്പറേഷൻ സിന്ദൂറിൻറെ വിജയത്തിന് പിന്നിൽ പ്രതിരോധ മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകള്‍ സായുധ സേനയ്ക്ക് നല്‍കിയ അസാമാന്യ പിന്നണി പിന്തുണ: രാജ്യരക്ഷ മന്ത്രി
Posted On:
01 AUG 2025 3:12PM by PIB Thiruvananthpuram
അനിശ്ചിതത്വം നിറഞ്ഞ ഇക്കാലത്തു സുരക്ഷാഘടന ബലപ്പെടുത്തുന്നതിനും ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സിവിൽ - സൈനിക ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഏകോപനം വര്‍ദ്ധിപ്പിക്കണമെന്ന് രാജ്യരക്ഷ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് ആഹ്വാനം ചെയ്തു. പ്രതിരോധ മന്ത്രാലയത്തിന്റെ (MoD) വിവിധ വകുപ്പുകള്‍ സായുധസേനയ്ക്ക് നല്‍കിയ അസാമാന്യ പിന്നണി പിന്തുണയാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിൽ സുപ്രധാനമായതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ന്യൂഡല്‍ഹിയിലെ ഡിആര്‍ഡിഒ ഭവനില്‍ 2025 ഓഗസ്റ്റ് 1ന് 84-ാമത് സായുധ സേനാ ആസ്ഥാന (AFHQ) സിവിലിയൻ സർവീസ് ദിന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു യുദ്ധത്തിൽ പോരാടുന്നത് സൈന്യം മാത്രമല്ല, രാജ്യം മുഴുവനുമാണെന്ന് വ്യക്തമാക്കിയ രാജ്യരക്ഷാ മന്ത്രി അതിവേഗം മാറുന്ന ഇന്നത്തെ സുരക്ഷാസാഹചര്യത്തില്‍, വികസിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് നിരന്തരമായ മെച്ചപ്പെടുത്തലുകള്‍ വരുത്തുന്നതിനൊപ്പം ചലനാത്മകതയും നൂതന മനോഭാവവും പുലര്‍ത്തി മുന്നോട്ട് പോകേണ്ടതുണ്ടെന്നും പറഞ്ഞു. “ചെറിയ അശ്രദ്ധക്കോ തെറ്റിനോ പോലും നമുക്ക് ഇടം നല്‍കാനാവില്ല”-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരുത്തുറ്റ സൈനിക ശക്തിക്ക് ശക്തമായ ഭരണസംവിധാനം അനിവാര്യമാണെന്ന് പറഞ്ഞ ശ്രീ രാജ് നാഥ് സിംഗ്, യുദ്ധകാലത്തും സമാധാനകാലത്തും രാജ്യത്തിന്റെ സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചതിന് AFHQ സിവിലിയന്‍ സര്‍വീസസിനെ പ്രശംസിച്ചു. “പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥാപനപരമായ പിന്തുണയായാണ് AFHQ സര്‍വീസസ് പ്രവര്‍ത്തിക്കുന്നത്. ഇത് ഭരണത്തില്‍ സ്ഥിരത, മേഖലയിലെ വൈദഗ്ദ്ധ്യം, ഐകരൂപ്യം എന്നിവ പ്രദാനം ചെയ്യുന്നതിനൊപ്പം നയങ്ങൾ പിന്തുടരുന്നതിലും സിവില്‍-സൈനിക ഐക്യം സ്ഥാപിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ആധുനികവും സംയോജിതവുമായ ദേശീയ പ്രതിരോധ സംവിധാനത്തിന്റെ കരുത്തുറ്റ സ്തംഭമാണിത്” - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശേഷി വികസനത്തിന് ഊന്നല്‍ നല്‍കിയ രാജ്യരക്ഷാ മന്ത്രി, പരിശീലന-ശേഷിവികസന മേഖലകളില്‍ മറ്റ് മന്ത്രാലയങ്ങളിലും രാജ്യങ്ങളിലുമുള്ള സമാന വിഭാഗങ്ങൾ സ്വീകരിക്കുന്ന മികച്ച രീതികള്‍ വിലയിരുത്താനും സ്വീകരിക്കാനും AFHQ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. “ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, പുതിയ വെല്ലുവിളികള്‍, മാറുന്ന ആഗോള സാഹചര്യം എന്നിവ പരിശീലനം കേവലം ഔപചാരികമല്ല തുടർപ്രക്രിയ ആയിരിക്കണമെന്ന് സൂചിപ്പിക്കുന്നു. നൈപുണ്യ വികസനം, ധാര്‍മ്മിക ദിശാബോധം, പെരുമാറ്റ മികവ് എന്നിവ പരിശീലനത്തിന്റെ അവിഭാജ്യ ഘടകങ്ങളായി ഉൾപ്പെടുത്തണം” - അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ ഭാഗമായി, ജോയിന്റ് സെക്രട്ടറി ആന്‍ഡ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഓഫീസിന്റെ നവീകരിച്ച വെബ്സൈറ്റ് (www.caomod.gov.in) രാജ്യരക്ഷ മന്ത്രി ഉദ്ഘാടനം ചെയ്തു. ഇത് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഓഫീസിനെക്കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും നല്‍കും. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, ചികിത്സാബത്തയുടെ തൽസ്ഥിതി, ശമ്പള സ്ലിപ്പുകള്‍, ഫോം-16 തുടങ്ങിയ ഏറ്റവും പുതിയ വിവരങ്ങളും സമകാലിക നിര്‍ദ്ദേശങ്ങളും ജീവനക്കാര്‍ക്ക് ലഭിക്കും. വെബ്സൈറ്റ് വഴി, ജീവനക്കാര്‍ക്ക് പ്രതിരോധ ആസ്ഥാന പരിശീലന സ്ഥാപനത്തിന്റ വിവിധ പരിശീലന പരിപാടികൾക്കായി അപേക്ഷിക്കാം.
‘വികസിത് ഭാരത്@2047: കാർമികോം കേ വിചാർ’ എന്ന പുസ്തകവും ‘സംവാദ്’ എന്ന മാസികയും ശ്രീ രാജ് നാഥ് സിംഗ് പരിപാടിയിൽ പ്രകാശനം ചെയ്തു. സേന ആസ്ഥാനങ്ങളിലും ഇന്റര്‍സര്‍വീസ് സ്ഥാപനങ്ങളിലും നിയമിതരായ വിവിധ റാങ്കുകളിലുള്ള ജീവനക്കാര്‍ രചിച്ച 40 ലേഖനങ്ങളാണ് ‘വികസിത് ഭാരത്@2047’ എന്ന പുസ്തകത്തിലുള്ളത്. ഡിജിറ്റൈസേഷന്‍, പുതിയ വിദ്യാഭ്യാസ നയം 2020, നിര്‍മ്മിത ബുദ്ധി, പ്രതിരോധത്തിലെ ആത്മനിര്‍ഭരത, ഹരിതോർജം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം തുടങ്ങി, വികസിത ഭാരതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളാണ് ഇവ. ‘സംവാദ്’ മാസികയുടെ 32-ാം ലക്കത്തില്‍ ജീവനക്കാരുടെ യാത്രാവിവരണങ്ങള്‍, ഉപന്യാസങ്ങള്‍, ലേഖനങ്ങള്‍, കവിതകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
സൈനികരോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന- മൂന്ന് സംയോജിത സേനാ ആസ്ഥാനങ്ങള്‍, ഐ ഡി എസ് ആസ്ഥാനം, പ്രതിരോധ മന്ത്രാലയത്തിന്റെ 24 ഇന്റര്‍-സര്‍വീസ് സംഘടനകള്‍- എന്നിവയിലെ സിവിലിയന്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ അംഗീകരിച്ചു കൊണ്ടാണ് ഓഗസ്റ്റ് 1 ന് AFHQ ദിനമായി ആഘോഷിക്കുന്നത്. സായുധ സേനാ ആസ്ഥാനത്തിനും പ്രതിരോധ മന്ത്രാലയത്തിനും ഇടയില്‍ പാലമായി വര്‍ത്തിക്കുന്ന സായുധസേനാ ആസ്ഥാന കേഡറുകളിലെ സിവിലിയന്‍ ജീവനക്കാരിൽ ഐക്യവും അഭിമാനവും വളർത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശ്യം.
****
(Release ID: 2151566)