വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
തടസ്സരഹിത, ഏവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ ബാങ്കിംഗ് ലക്ഷ്യമിട്ട് ആധാർ അധിഷ്ഠിത മുഖം തിരിച്ചറിയൽ സംവിധാനം ആരംഭിച്ച് ഇന്ത്യാ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്ക് (IPPB)
Posted On:
01 AUG 2025 4:11PM by PIB Thiruvananthpuram
ബാങ്കിംഗ് സേവനങ്ങൾ എളുപ്പമാക്കുന്നതിൽ മാർഗദർശിയായ ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്ക് (IPPB) ഉപഭോക്തൃ ഇടപാടുകൾക്കായി ആധാർ അധിഷ്ഠിത മുഖം തിരിച്ചറിയൽ സംവിധാന സൗകര്യം രാജ്യവ്യാപകമാക്കുമെന്ന് പ്രഖ്യാപിച്ചു. ബാങ്കിംഗ് കൂടുതൽ സുരക്ഷിതവും ഏവരെയും ഉൾക്കൊള്ളുന്നതും സൗകര്യപ്രദവുമാക്കുന്നതിലൂടെ ഓരോ ഇന്ത്യക്കാരനേയും പ്രത്യേകിച്ച് വയോജനങ്ങളേയും ഭിന്നശേഷിക്കാരേയും ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മുന്നേറ്റ സംരംഭമാണിത്.
യൂണിക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) ചട്ടക്കൂടിന് കീഴിൽ വികസിപ്പിച്ചെടുത്ത മുഖം തിരിച്ചറിയൽ സംവിധാനത്തിലൂടെ ബാങ്കിംഗ് ഇടപാടുകൾ നടത്താൻ ഇതിലൂടെ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. വിരലടയാളങ്ങൾ അല്ലെങ്കിൽ ഒ ടി പികൾ പോലുള്ള ഭൗതിക ബയോമെട്രിക് ഇൻപുട്ടുകളുടെ ആവശ്യകത ഇല്ലാതാക്കുന്നു. ബാങ്കിംഗ് കൂടുതൽ പ്രാപ്യമാക്കിയും ഏവരെയും ഉൾക്കൊണ്ടും ഉപഭോക്തൃ കേന്ദ്രീകൃതവുമാക്കുന്നതിലൂടെ "ആപ്കാ ബാങ്ക്, ആപ്കെ ദ്വാർ" എന്ന സ്വന്തം ദൗത്യത്തെയാണ് ഐപിപിബി ശക്തിപ്പെടുത്തുന്നത്.
"ഐപിപിബിയിൽ ബാങ്കിംഗ് സേവനങ്ങൾ കേവലം ലഭ്യമാക്കുക എന്നത് മാത്രമല്ല അന്തസുറ്റതുമാക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു"- ഉദ്ഘാടന വേളയിൽ സംസാരിച്ച ഐപിപിബി എം.ഡിയും സി ഇ ഒയുമായ ശ്രീ ആർ വിശ്വേശ്വരൻ പറഞ്ഞു. ആധാർ അടിസ്ഥാനമാക്കിയുള്ള മുഖ പ്രാമാണീകരണത്തിലൂടെ, ബയോമെട്രിക് വിരലടയാളങ്ങളിലോ ഒടിപി പരിശോധനയിലോ ഉള്ള പരിമിതികൾ കാരണം ഒരു ഉപഭോക്താവും പിന്നിലായി പോകില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. "ഇത് വെറുമൊരു സാങ്കേതിക സവിശേഷത മാത്രമല്ല; സാമ്പത്തിക ഉൾച്ചേർക്കൽ പുനർനിർവചിക്കുന്നതിനുള്ള ചുവടുവെപ്പ് കൂടിയാണ്".
ഐപിപിബിയുടെ മുഖ പ്രാമാണീകരണ സവിശേഷതയുടെ പ്രധാന ഗുണങ്ങൾ
പ്രായമായവരേയും ഭിന്നശേഷിക്കാരേയും മങ്ങിയ വിരലടയാളമുള്ളവരെയും ഉൾക്കൊള്ളുന്ന ബാങ്കിംഗ്.
* OTP അല്ലെങ്കിൽ വിരലടയാള സെൻസറുകളെ ആശ്രയിക്കാതെ സുരക്ഷിതമായ ആധാർ പ്രാമാണീകരണം
* സുഗമമായ ഉപഭോക്തൃ അനുഭവത്തിനായി വേഗതയേറിയതും സമ്പർക്കരഹിതയുമായ ഇടപാടുകൾ.
* ശാരീരിക സമ്പർക്കം അപകടകരമാകാനിടയുള്ള ആരോഗ്യ സാഹചര്യങ്ങളിൽ സുരക്ഷിതമായ ബാങ്കിംഗ്.
* അക്കൗണ്ട് തുറക്കൽ, ബാലൻസ് അന്വേഷണം, ഫണ്ട് കൈമാറ്റം ,യൂട്ടിലിറ്റി പേയ്‌മെൻ്റുകൾ എന്നിവയുൾപ്പെടെ എല്ലാ ബാങ്കിംഗ് സേവനങ്ങൾക്കുമുള്ള പിന്തുണ
ഐപിപിബിയുടെ മുഖപരിചയ തിരിച്ചറിയൽ സംവിധാനം കേന്ദ്ര സർക്കാരിൻ്റെ ഡിജിറ്റൽ ഇന്ത്യ, സാമ്പത്തിക ഉൾകൊള്ളൽ എന്നീ ദൗത്യങ്ങളുമായി അണിചേരുന്നു. കേവലം സൗകര്യം വർദ്ധിപ്പിക്കുക മാത്രമല്ല തുല്യത, ലഭ്യത, ശാക്തീകരണം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്നതിന് മാനദണ്ഡം നിശ്ചയിക്കുന്നതിനും ഇത് സഹായിക്കുന്നു.
ഈ പുതിയ സവിശേഷതയുടെ ലാളിത്യവും ശക്തിയും അനുഭവിക്കാൻ ഐപിപിബി എല്ലാ ഉപഭോക്താക്കളെയും പ്രത്യേകിച്ച് വിരലടയാള അധിഷ്ഠിത പ്രാമാണീകരണത്തിൽ വെല്ലുവിളികൾ നേരിടുന്നവരെയും പ്രോത്സാഹിപ്പിക്കുന്നു.
*****
(Release ID: 2151534)