സഹകരണ മന്ത്രാലയം
2000 കോടി രൂപയുടെ "ദേശീയ സഹകരണ വികസന കോര്‍പ്പറേഷനുള്ള (എൻസിഡിസി) ഗ്രാന്റ് ഇൻ എയ്ഡ്" പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Posted On:
31 JUL 2025 3:01PM by PIB Thiruvananthpuram
2025-26 മുതൽ 2028-29 വരെയുള്ള നാല് വർഷത്തേക്ക് (2025-26 സാമ്പത്തിക വർഷം മുതൽ പ്രതിവർഷം 500 കോടി രൂപ) 2000 കോടി രൂപ വകയിരുത്തുന്ന "ദേശീയ സഹകരണ വികസന കോര്‍പ്പറേഷനുള്ള (എൻസിഡിസി) ഗ്രാന്റ് ഇൻ എയ്ഡ്" എന്ന കേന്ദ്ര പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
2025-26 സാമ്പത്തിക വർഷം മുതൽ 2028-29 സാമ്പത്തിക വർഷം വരെ എൻസിഡിസിക്ക് നൽകുന്ന 2000 കോടി രൂപയുടെ ഗ്രാന്റിന്റെ അടിസ്ഥാനത്തിൽ, നാല് വർഷത്തിനുള്ളിൽ എൻസിഡിസിക്ക് ഓപ്പൺ മാർക്കറ്റിൽ നിന്ന് 20,000 കോടി രൂപ സമാഹരിക്കാൻ കഴിയും. പുതിയ പദ്ധതികൾ സ്ഥാപിക്കുന്നതിനും / പ്ലാന്റുകളുടെ വിപുലീകരണത്തിനും പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനുമായി സഹകരണ സ്ഥാപനങ്ങൾക്ക് വായ്പ നൽകുന്നതിന് എൻസിഡിസി ഈ ഫണ്ടുകൾ ഉപയോഗിക്കും.
സാമ്പത്തിക പ്രത്യാഘാതങ്ങൾ:
എൻസിഡിസിക്ക് നൽകുന്ന 2000 കോടി രൂപയുടെ (2025-26 സാമ്പത്തിക വർഷം മുതൽ 2028-29 സാമ്പത്തിക വർഷം വരെ പ്രതിവർഷം 500 കോടി രൂപ) ഗ്രാന്റിന്റെ ഉറവിടം ഇന്ത്യാ ഗവൺമെന്റിന്റെ ബജറ്റ് പിന്തുണയിലൂടെയായിരിക്കും. 2025-26 സാമ്പത്തിക വർഷം മുതൽ 2028-29 സാമ്പത്തിക വർഷം വരെ എൻസിഡിസിക്ക് അനുവദിക്കുന്ന 2000 കോടി രൂപയുടെ ഗ്രാന്റിന്റെ അടിസ്ഥാനത്തിൽ, നാല് വർഷത്തിനുള്ളിൽ എൻസിഡിസിക്ക് ഓപ്പൺ മാർക്കറ്റിൽ നിന്ന് 20,000 കോടി രൂപ സമാഹരിക്കാൻ കഴിയും.
പ്രയോജനങ്ങൾ:
രാജ്യത്തുടനീളമുള്ള 13,288 സഹകരണ സംഘങ്ങളിലെ ഏകദേശം 2.9 കോടി വരുന്ന അംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കാൻ സാധ്യതയുണ്ട്; ക്ഷീര, കന്നുകാലി, മത്സ്യബന്ധനം, പഞ്ചസാര, തുണിത്തരങ്ങൾ, ഭക്ഷ്യ സംസ്കരണം, സംഭരണം, ശീതീകരണ സംഭരണം തുടങ്ങിയ വിവിധ മേഖലകളിലെ അംഗങ്ങൾക്ക് ഇത് വഴി പ്രയോജനം ലഭിക്കും.
നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:
(i) പദ്ധതി വിതരണം, തുടർനടപടി, പദ്ധതി നിർവ്വഹണം നിരീക്ഷിക്കൽ, ഫണ്ടിൽ നിന്ന് വിതരണം ചെയ്ത വായ്പയുടെ തിരിച്ചുപിടിക്കൽ എന്നിവയ്ക്കായുള്ള ഈ പദ്ധതിയുടെ നിർവ്വഹണ ഏജൻസി എൻസിഡിസി ആയിരിക്കും.
(ii) എൻസിഡിസി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി, സംസ്ഥാന സർക്കാർ വഴിയോ നേരിട്ടോ സഹകരണ സ്ഥാപനങ്ങൾക്ക് എൻസിഡിസി വായ്പ നൽകും. എൻസിഡിസിയുടെ നേരിട്ടുള്ള ധനസഹായ മാർഗ്ഗനിർദ്ദേശങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന സഹകരണ സ്ഥാപനങ്ങളെ അനുവദനീയമായ സെക്യൂരിറ്റി അല്ലെങ്കിൽ സംസ്ഥാന സർക്കാർ ഗ്യാരണ്ടിയുടെ പിൻബലത്തിലോ നേരിട്ടുള്ള സാമ്പത്തിക സഹായത്തിനായി പരിഗണിക്കും.
(iii) സഹകരണ സ്ഥാപനങ്ങൾക്കുള്ള വായ്പകൾ, വിവിധ മേഖലകൾക്കായുള്ള പദ്ധതി സൗകര്യങ്ങൾ സ്ഥാപിക്കൽ / ആധുനികവൽക്കരണം / സാങ്കേതികവിദ്യ നവീകരണം / വിപുലീകരണം എന്നിവയ്ക്കുള്ള ദീർഘകാല വായ്പ, അവരുടെ ബിസിനസുകൾ കാര്യക്ഷമമായും ലാഭകരമായും നടത്തുന്നതിനുള്ള പ്രവർത്തന മൂലധനം എന്നിവ എൻസിഡിസി നൽകും.
തൊഴിൽ സൃഷ്ടിക്കാനുള്ള സാധ്യത ഉൾപ്പെടെയുള്ള സ്വാധീനം:
i. ഇപ്രകാരം സഹകരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ഫണ്ടുകൾ വരുമാനം ഉണ്ടാക്കുന്ന മൂലധന ആസ്തികൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും പ്രവർത്തന മൂലധനത്തിന്റെ രൂപത്തിൽ സഹകരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ലിക്വിഡിറ്റി നൽകുകയും ചെയ്യും.
ii. സാമ്പത്തിക നേട്ടങ്ങൾക്ക് പുറമേ, ജനാധിപത്യം, സമത്വം, സമൂഹ ആശങ്കകൾ എന്നീ തത്വങ്ങളിലൂടെ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ, സാമൂഹിക-സാമ്പത്തിക വിടവ് നികത്തുന്നതിനും തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ഒരു അത്യാവശ്യ ഘടകമാണ്.
iii. വായ്പകളുടെ ലഭ്യത സഹകരണ സ്ഥാപനങ്ങളെ അവയുടെ ശേഷി വർധനവിനും, ആധുനികവൽക്കരണത്തിനും, പ്രവർത്തനങ്ങളുടെ വൈവിധ്യവൽക്കരണത്തിനും, ലാഭക്ഷമത ഉൽപ്പാദനക്ഷമത എന്നിവയുടെ വർധനവിനും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, കർഷക അംഗങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
iv. കൂടാതെ, അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ടേം ലോണുകൾ വ്യത്യസ്ത നൈപുണ്യ തലങ്ങളിൽ വ്യാപകമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
പശ്ചാത്തലം:
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ സഹകരണ മേഖല വലിയ സംഭാവനകൾ നൽകുന്നു. ഗ്രാമീണ മേഖലയിലെ സാമൂഹിക-സാമ്പത്തിക ഉന്നമനം, അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയിൽ സഹകരണ സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. രാജ്യത്തെ എല്ലാ ഉൽപ്പാദന മേഖലകളിലും സഹകരണ മേഖല ഗണ്യമായ സംഭാവന നൽകുന്നു. ഇന്ത്യയിലെ സഹകരണ സ്ഥാപനങ്ങൾ വായ്പ, ബാങ്കിംഗ്, വളം, പഞ്ചസാര, ക്ഷീരോൽപ്പാദനം, വിപണനം, ഉപഭോക്തൃ വസ്തുക്കൾ, കൈത്തറി, കരകൗശല, മത്സ്യബന്ധനം, ഭവന നിർമ്മാണം തുടങ്ങിയ വിപുലമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നു. ഇന്ത്യയിൽ 29 കോടിയിലധികം അംഗങ്ങളുള്ള 8.25 ലക്ഷത്തിലധികം സഹകരണ സ്ഥാപനങ്ങളുണ്ട്, 94 ശതമാനം കർഷകരും ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
സഹകരണ സ്ഥാപനങ്ങൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് നൽകുന്ന സുപ്രധാന സാമൂഹിക-സാമ്പത്തിക സംഭാവന കാരണം, ക്ഷീര, കോഴി, കന്നുകാലികൾ, മത്സ്യബന്ധനം, പഞ്ചസാര, തുണിത്തരങ്ങൾ, സംസ്കരണം, സംഭരണം, കോൾഡ് സ്റ്റോറേജ്, ലേബർ സഹകരണ സംഘങ്ങൾ, വനിതാ സഹകരണ സംഘങ്ങൾ തുടങ്ങിയ ദുർബല മേഖലകളെ ദീർഘകാല, പ്രവർത്തന മൂലധന വായ്പകൾ നൽകി പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണ്.
***
NK
(Release ID: 2150729)