ഭൗമശാസ്ത്ര മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യന്‍ കാലാവസ്ഥാ മുന്നൊരുക്കങ്ങള്‍ക്ക് ഉത്തേജനമേകി ഭൗമശാസ്ത്ര മന്ത്രാലയ സ്ഥാപക ദിനത്തിൽ സുപ്രധാന സംരംഭങ്ങൾക്ക് തുടക്കം കുറിച്ച് ഡോ. ജിതേന്ദ്ര സിങ്

Posted On: 28 JUL 2025 4:18PM by PIB Thiruvananthpuram

കാലാവസ്ഥാ വെല്ലുവിളികള്‍ അതിജീവിക്കാൻ ഇന്ത്യയെ സജ്ജമാക്കുന്നതിന്റെയും ശാസ്ത്രീയമായി രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി  ഭൗമശാസ്ത്ര മന്ത്രാലയം (എംഒഇഎസ്) വികസിപ്പിച്ച പുതിയ ശാസ്ത്രീയ ഉപകരണങ്ങളും ഡിജിറ്റൽ സേവനങ്ങളും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഇന്ന് പുറത്തിറക്കി. ശാസ്ത്രാധിഷ്ഠിത  പൗര സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താനും കൂടുതൽ ജനകീയ പങ്കാളിത്തത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.

 

 

 

ശാസ്ത്രവും നൂതനാശയങ്ങളും പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് മാത്രമല്ല, വരും ദശകങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലും സുപ്രധാന പങ്കുവഹിക്കുമെന്ന് ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.  ഒരു സാധാരണ ഉപയോക്താവിന് പോലും  മൊബൈൽ ഫോണുകളിൽ തത്സമയ കാലാവസ്ഥാ - ചുഴലിക്കാറ്റ് മുന്നറിയിപ്പുകളും വായു ഗുണനിലവാര വിവരങ്ങളും സമുദ്ര നിലയുടെ പ്രവചനങ്ങളുമെല്ലാം  ലഭ്യമാകുന്ന  ഘട്ടത്തിലാണ് നാമെന്ന് അദ്ദേഹം പറഞ്ഞു.  ദൗത്യരൂപേണ പ്രവർത്തിക്കുന്ന സർക്കാരിന്റെയും  പൗര സേവന കേന്ദ്രമായി സ്വയം മാറിയ  മന്ത്രാലയത്തിന്റെയും ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.  

സ്ഥാപക ദിനാഘോഷ വേളയിൽ  മന്ത്രാലയത്തിന് കീഴിലെ വിവിധ സ്ഥാപനങ്ങൾ വികസിപ്പിച്ച 14 പ്രധാന ഉല്പന്നങ്ങളും സംരംഭങ്ങളും മന്ത്രി ഔദ്യോഗികമായി പുറത്തിറക്കി.  മഴ നിരീക്ഷണവും  വിള-കാലാവസ്ഥാ കലണ്ടറുകളും, ഭാരത് ഫോര്‍കാസ്റ്റ് സിസ്റ്റത്തിന്റെ  വിപുലീകൃത പ്രവചനം  (ഭാരത്-എഫ്എസ്-ഇആര്‍പി) പോലുള്ള നൂതന കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ, ഉയർന്ന വ്യക്തതയില്‍ മഴ വിവരശേഖരങ്ങള്‍,  പുതുക്കിയ  തിരമാല ഭൂപടങ്ങളും കടൽത്തീര പട്ടികകളും, വായു ഗുണനിലവാര പ്രവചന സംവിധാനങ്ങൾ, സമുദ്ര ജൈവവൈവിധ്യ റിപ്പോർട്ടുകൾ, നാല് ഇന്ത്യൻ നഗരങ്ങളുടെ ഭൂകമ്പ സൂക്ഷ്മ മേഖലാ പഠനങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർമിച്ച ‘ലൈഫ് സേവിംഗ് ഇംപാക്റ്റ്’ എന്ന പുതിയ ഡോക്യുമെന്ററിയും ചടങ്ങില്‍ പുറത്തിറക്കി.  കഴിഞ്ഞ പത്ത് വർഷത്തിനിടെ കാലാവസ്ഥ രംഗത്തുണ്ടായ പരിവർത്തനത്തെക്കുറിച്ച് പരാമർശിച്ച  ഡോ. ജിതേന്ദ്ര സിങ് രാജ്യത്തെ ഡോപ്ലർ കാലാവസ്ഥാ റഡാറുകളുടെ എണ്ണം  15-ൽനിന്ന് 41-ലെത്തിയതായി അറിയിച്ചു.   കൂടാതെ ഭൂകമ്പ - കാലാവസ്ഥാ നിലയങ്ങള്‍, ഉപരിതല വായു നിരീക്ഷണ സംവിധാനങ്ങൾ, മിന്നൽ തിരിച്ചറിയല്‍ ശൃംഖലകൾ, മഴമാപിനികൾ എന്നിവയെല്ലാം ഇരട്ടിയിലധികമായെന്നും അദ്ദേഹം പറഞ്ഞു. 

 

കൃഷി, മത്സ്യബന്ധനം തുടങ്ങിയ നിർണായക മേഖലകളെ മന്ത്രാലയത്തിന്റെ പ്രവർത്തനം എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് ഡോ. ജിതേന്ദ്ര സിങ് പ്രത്യേകം പരാമര്‍ശിച്ചു.  മന്ത്രാലയത്തിന്റെ മേഘദൂത് ആപ്പിൽ ഏഴ് ലക്ഷത്തിലധികം കർഷകർ രജിസ്റ്റർ ചെയ്തതായും വിത്തുവിതയ്ക്കൽ, ജലസേചനം, വിളവെടുപ്പ് സമയക്രമം എന്നിവ ആസൂത്രണം ചെയ്യാന്‍ അവർ ഉപദേശങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാനമായി തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ സുരക്ഷിതവും ഇന്ധനക്ഷമത കൂടിയതുമായ മത്സ്യബന്ധന മേഖലകൾ നിർണയിക്കാൻ പ്രതിദിന എസ്എംഎസ് വിവരങ്ങളെ ആശ്രയിക്കുന്നു. 2014-ലെ 1,281 കോടി രൂപയില്‍നിന്ന്  2024-ൽ  3,658 കോടി രൂപയായി മന്ത്രാലയത്തിന്റെ ബജറ്റ് ഉയർന്നതായും അഭിലഷണീയ പദ്ധതികൾക്കും നൂതന ഗവേഷണങ്ങൾക്കും ഇത് വഴിയൊരുക്കിയതായും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ സർക്കാരിന്റെ സുസ്ഥിര പിന്തുണയാണ്  പരിവര്‍ത്തനത്തിന് വഴിയൊരുക്കിയതെന്ന്  വ്യക്തമാക്കിയ മന്ത്രി  ഈ ഗതിവേഗം തുടരാന്‍  ശാസ്ത്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. 

 

***************


(Release ID: 2149484)