വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ചലച്ചിത്ര മേഖലയിലെ ഡിജിറ്റൽ ഉള്ളടക്ക മോഷണം തടയാന്‍ നടപടി ശക്തമാക്കി സർക്കാർ

Posted On: 25 JUL 2025 6:09PM by PIB Thiruvananthpuram

സര്‍ഗാത്മക മേഖലയില്‍ ഡിജിറ്റൽ ഉള്ളടക്ക മോഷണത്തിന്റെ പ്രതികൂല സ്വാധീനത്തെക്കുറിച്ച് സർക്കാര്‍ ജാഗരൂകരാണ്.   ഈ സുപ്രധാന പ്രശ്നം പരിഹരിക്കാന്‍ ചില പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്:

  • ഡിജിറ്റൽ ഉള്ളടക്ക മോഷണത്തിനെതിരായ നടപടികൾ ഉൾപ്പെടുത്താന്‍  1952-ലെ ഛായാഗ്രഹണ നിയമത്തില്‍ 2023-ൽ സർക്കാർ ഭേദഗതി വരുത്തി.

  • കുറഞ്ഞത് 3 മാസം തടവും  3 ലക്ഷം രൂപ പിഴയും,  പരമാവധി 3 വർഷം വരെ തടവും ചലച്ചിത്രത്തിന് കണക്കാക്കുന്ന ആകെ നിർമാണ ചെലവിന്റെ 5% വരെ പിഴയുമാകാവുന്ന കര്‍ശന ശിക്ഷ ഭേദഗതികളിൽ ഉൾപ്പെടുന്നു.  

  • ഛായാഗ്രഹണ നിയമത്തിലെ  സെക്ഷൻ 6എഎ-യും 6എബി-യും അനധികൃതമായി സിനിമകള്‍ റെക്കോഡ് ചെയ്യുന്നതും  സംപ്രേഷണം  ചെയ്യുന്നതും നിരോധിക്കുന്നു.

  • ഛായാഗ്രഹണ നിയമത്തില്‍  പുതുതായി ചേർത്ത സെക്ഷൻ 7(1-ബി)(ii) മോഷ്ടിച്ച ഉള്ളടക്കം പങ്കിടുന്നതിന് ഇടനിലമാധ്യമങ്ങള്‍ക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നു.

  • പകർപ്പവകാശ ഉടമകളിൽ നിന്നോ അംഗീകൃത വ്യക്തികളിൽ നിന്നോ പരാതികൾ സ്വീകരിക്കാനും അത്തരം ഉള്ളടക്കം പങ്കിടുന്ന ഇടനിലമാധ്യമങ്ങള്‍ക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും കേന്ദ്ര ചലച്ചിത്ര സർട്ടിഫിക്കേഷന്‍ ബോര്‍ഡിനും അധികാരം  നല്‍കിയിട്ടുണ്ട്.  

  • ഉള്ളടക്ക മോഷണ വിരുദ്ധ തന്ത്രങ്ങൾ ശക്തിപ്പെടുത്താനും ഏകോപിത പ്രവർത്തന പദ്ധതികൾ വികസിപ്പിക്കാനും ഒരു അന്തര്‍ മന്ത്രാലയ സമിതി രൂപീകരിച്ചു. 

  • 2025 ലെ ലോക ദൃശ്യ-ശ്രാവ്യ-വിനോദ ഉച്ചകോടിയിൽ (വേവ്സ്) ഡിജിറ്റൽ ഉള്ളടക്ക മോഷം ചെറുക്കാന്‍ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന്  മത്സരം സംഘടിപ്പിച്ചു. 

ഡിജിറ്റൽ ഉള്ളടക്ക മോഷണ ഭീഷണി തടയാനും രാജ്യത്തെ വിനോദ ആവാസവ്യവസ്ഥയുടെ സമഗ്രത സംരക്ഷിക്കാനും നിയമ നിർവഹണ ഏജൻസികൾ ഉൾപ്പെടെ പ്രസക്ത പങ്കാളികളുമായി സർക്കാർ തുടർന്നും ബന്ധപ്പെട്ടുവരുന്നു.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ രാജ്യസഭയില്‍ സമർപ്പിച്ചതാണ് ഈ വിവരങ്ങള്‍. 

*****

(Release ID: 2148650)