വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

സാമ്പത്തിക സഹായം, ശേഷി വർധന, പങ്കാളികളുടെ ഇടപെടല്‍ എന്നിവയിലൂടെ കമ്യൂണിറ്റി റേഡിയോയ്ക്ക് ശക്തിപകര്‍ന്ന് സർക്കാർ

540 സ്റ്റേഷനുകൾക്ക് അനുമതി നൽകി രാജ്യവ്യാപകമായി കമ്യൂണിറ്റി റേഡിയോ ശൃംഖല വിപുലീകരിക്കുന്നു

Posted On: 24 JUL 2025 7:07PM by PIB Thiruvananthpuram

പ്രത്യേക നയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍  കമ്യൂണിറ്റി റേഡിയോ ലൈസൻസുകൾ നല്‍കുന്നത്. ഈ  നയം  https://mib.gov.in/ministry/our-wings/broadcating-wing  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. 

ഈ നയമനുസരിച്ച് പ്രാദേശിക സമൂഹത്തിന് മൂന്ന് വർഷത്തെ സേവനം നല്‍കിയ ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകൾക്ക് കമ്യൂണിറ്റി റേഡിയോ നിലയങ്ങള്‍ സ്ഥാപിക്കാം.  കമ്യൂണിറ്റി റേഡിയോ നിലയങ്ങള്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ സമൂഹത്തിന്റെ വിദ്യാഭ്യാസ - വികസന - സാമൂഹ്യ -  സാംസ്കാരിക തലങ്ങളില്‍ പ്രസക്തമായിരിക്കണമെന്ന് നയം അനുശാസിക്കുന്നു.

കമ്യൂണിറ്റി റേഡിയോ സ്ഥാപിക്കാനും അറ്റകുറ്റപണികള്‍ക്കും പരിപാലനത്തിനും  സാമ്പത്തിക സഹായം നൽകി സർക്കാർ കമ്യൂണിറ്റി റേഡിയോ നിലയങ്ങളെ പിന്തുണയ്ക്കുന്നു. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഇടിമിന്നൽ നാശനഷ്ടങ്ങൾ തുടങ്ങിയ അടിയന്തര ഘട്ടങ്ങളിലും പിന്തുണ നൽകുന്നു.

50 കോടി രൂപ ചെലവിൽ 'ഇന്ത്യയിലെ കമ്യൂണിറ്റി റേഡിയോ പ്രസ്ഥാനത്തിന് പിന്തുണ’ എന്ന പേരിൽ  സർക്കാർ ഒരു പദ്ധതി നടപ്പാക്കുന്നു. നിലവിലുള്ളതും പുതിയതുമായ കമ്യൂണിറ്റി റേഡിയോ നിലയങ്ങളെ ശക്തിപ്പെടുത്താന്‍ പദ്ധതി ലക്ഷ്യമിടുന്നു.  

പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

  1. പുതുതായി സ്ഥാപിച്ച കമ്യൂണിറ്റി റേഡിയോ നിലയങ്ങള്‍ക്ക് മൂന്ന് മാസത്തെ  പ്രവർത്തനത്തിന് ശേഷം  സാമ്പത്തിക സഹായം.

  2. അഞ്ച് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന നിലയങ്ങള്‍ക്ക് പഴയ ഉപകരണങ്ങൾ പുതുക്കാനും മാറ്റിസ്ഥാപിക്കാനും പിന്തുണ.

  3. ശില്പശാലകളിലൂടെയും വെബിനാറുകളിലൂടെയും സമ്മേളനങ്ങളിലൂടെയും പരിശീലനവും ബോധവല്‍ക്കരണവും.

  4. കമ്യൂണിറ്റി റേഡിയോ പങ്കാളികൾക്കിടയിൽ  സഹസ്ഥാപനങ്ങളുടെ പഠനം സാധ്യമാക്കാന്‍ പ്രാദേശിക, ദേശീയ പരിപാടികളിലൂടെ ഇടപെടലിന് അവസരം. 

 

 

രാജ്യത്തുടനീളം 540 കമ്യൂണിറ്റി റേഡിയോ നിലയങ്ങള്‍ സർക്കാർ അനുവദിച്ചിട്ടുണ്ട്.   ഇതിൽ 48 എണ്ണം തമിഴ്‌നാട്ടിലെ 24 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. ദുരന്തനിവാരണം, സമുദ്ര സംരക്ഷണം, ആരോഗ്യം, ശുചിത്വം തുടങ്ങിയ മേഖലകളിൽ ഈ നിലയങ്ങള്‍ ഗണ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. 

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി തമിഴ്‌നാട്ടിലെ കമ്യൂണിറ്റി റേഡിയോ നിലയങ്ങള്‍ക്ക് ആകെ 40,03,098/- രൂപ അനുവദിച്ചു.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ - പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകനാണ് ലോക്‌സഭയിൽ ഈ വിവരങ്ങള്‍ നല്‍കിയത്.

 

കമ്യൂണിറ്റി റേഡിയോയെക്കുറിച്ച്

പൊതു സേവന പ്രക്ഷേപണത്തിൽ നിന്നും വാണിജ്യ റേഡിയോയിൽ നിന്നും വ്യത്യസ്തമായി റേഡിയോ പ്രക്ഷേപണത്തിലെ  സുപ്രധാന മൂന്നാം നിരയെ കമ്യൂണിറ്റി റേഡിയോ പ്രതിനിധീകരിക്കുന്നു. 100 വാട്ട് പരമാവധി ഫലപ്രദ  വികിരണ ശേഷിയോടെ (ഇആര്‍പി)  പ്രവര്‍ത്തിക്കുന്ന ഈ ലോ-പവർ എഫ്എം സ്റ്റേഷനുകള്‍  പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി രൂപകല്പന ചെയ്തവയാണ്.  ഒരു സമൂഹത്തിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും  പ്രവർത്തിക്കുന്ന ഈ നിലയങ്ങള്‍ സമൂഹത്തിന്റെ പ്രയോജനത്തിനായി നിലകൊള്ളുന്നു. നിലയങ്ങളുടെ വ്യാപ്തി ഏകദേശം 10 മുതല്‍ 15 കിലോമീറ്റർ ചുറ്റളവിലാണ്.

ഒരു പ്രാദേശിക സമൂഹത്തിലെ അംഗങ്ങൾ ആ സമൂഹത്തിന്റെ താല്പര്യങ്ങളും സംസ്കാരവും മറ്റ് ആവശ്യങ്ങളും നിറവേറ്റുന്നതിനായി സ്ഥാപിക്കുകയും കൈകാര്യം ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന റേഡിയോ നിലയമാണ്  കമ്യൂണിറ്റി റേഡിയോ.   ഇന്ത്യയിൽ ഇതുവരെ കമ്മീഷൻ ചെയ്ത 540 കമ്യൂണിറ്റി റേഡിയോ നിലയങ്ങളുണ്ട്.

കമ്യൂണിറ്റി റേഡിയോ നിലയങ്ങള്‍ സ്ഥാപിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങളും നിലയങ്ങള്‍ക്ക് ലഭ്യമാകേണ്ട  വിവിധ അംഗീകാരങ്ങളും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കാര്യക്ഷമമാക്കിയിട്ടുണ്ട്. അപേക്ഷകർക്ക്  ബ്രോഡ്കാസ്റ്റ് സേവ പോർട്ടലിൽ ഓൺലൈനായി അപേക്ഷിക്കാനും പോർട്ടൽ വഴി   അപേക്ഷയുടെ നില പരിശോധിക്കാനും കഴിയും. 

കമ്യൂണിറ്റി റേഡിയോ മേഖലയെ ശക്തിപ്പെടുത്താന്‍ "ഇന്ത്യയിലെ കമ്യൂണിറ്റി റേഡിയോ പ്രസ്ഥാനത്തിന് പിന്തുണ" എന്ന പേരിൽ ഒരു കേന്ദ്ര പദ്ധതിയ്ക്ക്  സര്‍ക്കാര്‍  അംഗീകാരം നല്‍കി.  താഴെപ്പറയുന്ന കാര്യങ്ങൾക്കായി പദ്ധതി പ്രകാരം വിവിധ പ്രവർത്തനങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്: 

 

  • മാധ്യമ ലഭ്യത കുറഞ്ഞ മേഖലകളില്‍  കമ്യൂണിറ്റി റേഡിയോ നിലയങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതിന് കമ്യൂണിറ്റി റേഡിയോ നിലയങ്ങള്‍ സ്ഥാപിക്കാനായി അപേക്ഷിക്കാന്‍  കൂടുതല്‍ സംഘടനകളെ  പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശില്പശാലകള്‍ സംഘടിപ്പിച്ച് പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക.

  • മികച്ച അപേക്ഷകര്‍ക്ക് ശേഷിവർധന പരിപാടികള്‍  സംഘടിപ്പിക്കുക.

  • വിഭവങ്ങളും ശേഷിയും സാങ്കേതികവിദ്യയുമുപയോഗിച്ച് നിലവിലുള്ളതും പുതിയതുമായ കമ്യൂണിറ്റി റേഡിയോ നിലയങ്ങളെ ശക്തിപ്പെടുത്തുകയും അതുവഴി പ്രവർത്തനക്ഷമമായ നിലയങ്ങളുടെ എണ്ണവും കാര്യക്ഷമയതയും വർധിപ്പിക്കുകയും ചെയ്യുക.  

  • കമ്യൂണിറ്റി റേഡിയോ നിലയങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശ-പിന്തുണ നല്‍കുക.  

 

പദ്ധതി പ്രകാരം ഹരിതോര്‍ജ (സൗരോർജ) ഉപയോഗത്തിലും വനിതാ പങ്കാളിത്തത്തിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ കമ്യൂണിറ്റി റേഡിയോ നിലയങ്ങള്‍ സ്ഥാപിക്കാന്‍ വടക്കുകിഴക്കൻ മേഖല ഒഴികെ പ്രദേശങ്ങളിൽ 15.60 ലക്ഷം മുതൽ 21.00 ലക്ഷം രൂപ വരെയും, വടക്കുകിഴക്കൻ മേഖലയിൽ 18.20 ലക്ഷം മുതൽ 24 ലക്ഷം രൂപ വരെയും ധനസഹായം നൽകുന്നു. നിലവിലെ നിലയങ്ങള്‍ക്ക് ഉപകരണങ്ങൾ പുതുക്കാനും മാറ്റിസ്ഥാപിക്കാനും വടക്കുകിഴക്കന്‍ മേഖലയിലും പുറത്തും യഥാക്രമം 10.50 ലക്ഷം രൂപ വരെയും  11.10 ലക്ഷം രൂപ വരെയും ധനസഹായം നൽകുന്നു. പ്രകൃതിദുരന്തങ്ങൾ, ഇടിമിന്നൽ, ചുഴലിക്കാറ്റ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ കമ്യൂണിറ്റി റേഡിയോ നിലയങ്ങളുടെ നാശനഷ്ടങ്ങൾ നികത്താന്‍ 11.50 ലക്ഷം രൂപ വരെ അടിയന്തര ധനസഹായവും നൽകുന്നു.

 

കഴിഞ്ഞ നിരവധി വർഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മന്ത്രാലയം ബോധവൽക്കരണ ശില്പശാലകള്‍ സംഘടിപ്പിച്ചുവരുന്നു.  കമ്യൂണിറ്റി റേഡിയോ നിലയങ്ങളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ, അപേക്ഷാ നടപടിക്രമം, ഉള്ളടക്കം, സുസ്ഥിരതാ പ്രശ്നങ്ങൾ  തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഈ ശില്പശാലകള്‍ ഫലംകണ്ടു.  കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങള്‍ ഫലപ്രദമായി പ്രവർത്തിപ്പിക്കാന്‍ ബോധവല്‍ക്കരണത്തിലുപരി  എൻ‌ജി‌ഒകളുടെയും മറ്റ് സംഘടനകളുടെയും ശേഷിവർധനയ്ക്കും  ഈ ശില്പശാലകള്‍ ഉപയോഗപ്രദമാണെന്ന് കണ്ടെത്തി.   

*********


(Release ID: 2148233)