ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്
ഭാരത് എൻസിഎക്സ് 2025 ന് തുടക്കം: മുന്നൊരുക്ക ശേഷിവികസനത്തിലൂടെ ഇന്ത്യന്‍ സൈബർ പ്രതിരോധ മുന്നേറ്റം
Posted On:
21 JUL 2025 3:03PM by PIB Thiruvananthpuram
ഭാരത് എന്‍സിഎക്സ് - 2025 ദേശീയ സൈബർ സുരക്ഷാ പരിശീലനം ദേശീയ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ശ്രീ ടി.വി. രവിചന്ദ്രൻ രാഷ്ട്രീയ രക്ഷാ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ബിമൽ എൻ. പട്ടേലിന്റെ സാന്നിധ്യത്തിൽ ഇന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ രക്ഷാ സർവകലാശാലയുമായി (ആര്‍ആര്‍യു) സഹകരിച്ച് ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റാണ് (എന്‍എസ്‍സിഎസ്) പരിശീലനം സംഘടിപ്പിക്കുന്നത്. ‘ഇന്ത്യൻ സൈബറിടത്തിന്റെ പ്രവർത്തന തയ്യാറെടുപ്പ് മെച്ചപ്പെടുത്തല്‍’ എന്ന കേന്ദ്രീകൃത പ്രമേയത്തിലൂന്നി ഇന്ത്യയുടെ സൈബർ പ്രതിരോധ രംഗത്തെ തന്ത്രപരമായ കുതിച്ചുചാട്ടത്തെ പരിശീലനം അടയാളപ്പെടുത്തുന്നു.
നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ സങ്കീര്‍ണ ആക്രമണങ്ങൾ, ഡീപ്ഫേക്ക് കൃത്രിമത്വം, സ്വയംപ്രവര്‍ത്തിക്കുന്ന മാൽവെയർ പ്രതികരണ സാഹചര്യങ്ങൾ, എപിഐ സുരക്ഷാ ലംഘനങ്ങളും ലഘൂകരണവും എന്നിവയടക്കം യഥാർത്ഥ സൈബർ ആക്രമണ അനുകരണങ്ങളെ അനുഭവവേദ്യമാക്കാന്‍ രൂപകൽപ്പന ചെയ്‌ത രണ്ടാഴ്ചത്തെ ഭാരത് എന്‍സിഎക്സ് 2025 പരിശീലനം രാജ്യത്തെങ്ങുമുള്ള സൈബർ സുരക്ഷാ വിദഗ്ധരെയും നയരൂപകര്‍ത്താക്കളെയും പ്രതിരോധ ഉദ്യോഗസ്ഥരെയും വ്യാവസായിക നേതാക്കളെയും ഒരുമിച്ചുചേര്‍ക്കുന്നു.
ഭരണനിര്‍വഹണവും ആരോഗ്യ സംരക്ഷണവും മുതൽ ഊര്‍ജവും ഗതാഗതവും പ്രതിരോധവും വരെ മേഖലകളില്‍ രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാനസൗകര്യത്തിന്റെ സൈബർ സുരക്ഷ ദേശീയ സുരക്ഷയുടെയും സമ്പദ്‌വ്യവസ്ഥയുടെയും പൗരവിശ്വാസത്തിന്റെയും പൊതു സുരക്ഷയുടെയും അടിസ്ഥാനമാണെന്ന് മുഖ്യപ്രഭാഷണത്തിൽ ദേശീയ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ശ്രീ ടി.വി. രവിചന്ദ്രൻ എടുത്തുപറഞ്ഞു. യഥാർത്ഥ പരിശീലനങ്ങളും അനുകരണങ്ങളുമടക്കം ഭാരത് എൻസിഎക്സ് ലക്ഷ്യമിടുന്ന തയ്യാറെടുപ്പിന്റെ അനിവാര്യതയെ അദ്ദേഹം പ്രകീർത്തിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ സൈബർ പ്രതിരോധത്തിന്റെ ശക്തമായ ഉപകരണമായി സൈബർ - എഐ ശേഷി ഉയർന്നുവന്നതായും രാഷ്ട്രങ്ങളും രാഷ്ട്രങ്ങള്‍ സ്പോൺസർ ചെയ്യുന്നവരും ഉൾപ്പെടുന്ന രാഷ്ട്രതന്ത്രത്തിന്റെയും മത്സരത്തിന്റയെും സംഘർഷത്തിന്റെയും പുതിയ മേഖലയായി ഡിജിറ്റൽ ഇടം പരിണമിച്ചിട്ടുണ്ടെന്നും പ്രത്യേക അഭിസംബോധനയില്‍ രാഷ്ട്രീയ രക്ഷാ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ബിമൽ എൻ. പട്ടേൽ ചൂണ്ടിക്കാട്ടി. സൈബർ ആക്രമണങ്ങള്‍ മുൻകൂർ തടയല്‍, സൈബർ ഭീഷണികളുടെ സ്വാധീനം കുറയ്ക്കല്‍, ആക്രമണങ്ങളില്‍ കുറഞ്ഞ ആഘാതത്തോടെ ത്വരിതമായ വീണ്ടെടുക്കൽ തുടങ്ങിയ പ്രധാന ലക്ഷ്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.
ഭാരത് എന്‍സിഎക്സ് 2025 ന്റെ പ്രധാന സവിശേഷതകൾ
സൈബർ പ്രതിരോധത്തിലും സൈബര്‍ ആക്രമണ പ്രതികരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആഴമേറിയ പഠനാന്തരീക്ഷം ഉറപ്പാക്കുന്ന പരിശീലനത്തില്‍ ഐടി, പ്രവര്‍ത്തന സാങ്കേതികവിദ്യ (ഒടി) സംവിധാനങ്ങള്‍ക്കെതിരായ യഥാർത്ഥ ആക്രമണങ്ങളെ അതുപോലെ അവതരിപ്പിക്കുന്ന തത്സമയ ആക്രമണ അനുകരണങ്ങള്‍ ഉൾപ്പെടുന്നു. സൈബർ സുരക്ഷാ പശ്ചാത്തലത്തെ നിര്‍മിതബുദ്ധി എങ്ങനെ പുനർനിർമിക്കുന്നുവെന്നത് സംബന്ധിച്ച് പങ്കാളികൾക്ക് പ്രായോഗിക ഉള്‍ക്കാഴ്ചകളും പരീശീലനത്തിലൂടെ നൽകുന്നു. ഉയര്‍ന്നുവരുന്ന ഭീഷണികൾക്കെതിരെ കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്താന്‍ സർക്കാർ സ്ഥാപനങ്ങളും പൊതു - സ്വകാര്യ മേഖല സ്ഥാപനങ്ങളും വ്യവസായ പങ്കാളികളും തമ്മിലെ സഹകരണം ഈ വേദിയിലൂടെ പ്രോത്സാഹിപ്പിക്കുന്നു.

സൈബർ രംഗത്തെ ദേശീയതല പ്രതിസന്ധി സാഹചര്യങ്ങൾ മറികടക്കാനും തന്ത്രപരമായി തീരുമാനമെടുക്കാനുള്ള ശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് ആവിഷ്ക്കരിച്ച പ്രത്യേക തന്ത്രപ്രധാന തീരുമാന പരിശീലനം (സ്ട്രാറ്റെക്സ്) വിവിധ മേഖലകളിലെ മുതിർന്ന നേതാക്കളെ ഒരുമിച്ചുകൊണ്ടുവരുന്നു.
സൈബർ സുരക്ഷ, നിര്‍മിതബുദ്ധി, പ്രവര്‍ത്തന സാങ്കേതികവിദ്യ എന്നിവയിലെ പ്രധാന സംഭവവികാസങ്ങൾ പഠിക്കാനും ഉൾക്കാഴ്ചകൾ പങ്കിടാനും ഉയർന്നുവരുന്ന പ്രവണതകളും നയ ചട്ടക്കൂടുകളും ചർച്ച ചെയ്യാനും സർക്കാരിലെയും വ്യാവസായിക മേഖലയിലെയും മുഖ്യ വിവരസുരക്ഷാ ഉദ്യോഗസ്ഥരെ സിഐഎസ്ഒ കോൺക്ലേവ് ഒരുമിച്ചുകൊണ്ടുവരുന്നു.
രാജ്യത്തിന് സുരക്ഷിതവും സ്വാശ്രയവുമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മിക്കാന്‍ സൈബർ സുരക്ഷാ പരിഹാരങ്ങൾ വികസിപ്പിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ സംഭാവന എടുത്തുകാണിച്ച് പരിശീലനത്തിന്റെ ഭാഗമായി ഭാരത് സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പ് പ്രദര്‍ശനം സംഘടിപ്പിക്കും.
നേതൃത്വപരമായ ഇടപെടലിലും വിവിധ മേഖലകളിലെ സഹകരണത്തിലും ശേഷി വികസനത്തിലും ഊന്നൽ നൽകി ബൗദ്ധിക - സാഹചര്യാധിഷ്ഠിത സൈബർ ഭീഷണികള്‍ കൈകാര്യം ചെയ്യാന്‍ ഏകീകൃതവും ഭാവിസജ്ജവുമായ സമീപനം ഭാരത് എൻസിഎക്സ് 2025 ശക്തിപ്പെടുത്തുന്നു.
ജൂലൈ 21 മുതൽ ഓഗസ്റ്റ് 1 വരെ നടക്കുന്ന പരിശീലനം പ്രധാന പാഠങ്ങൾ ഏകീകരിക്കാനും പ്രവർത്തനപരവും നയപരവുമായ ലക്ഷ്യങ്ങൾ വിലയിരുത്താനും ദേശീയ സൈബർ പ്രതിരോധത്തിന് ഭാവി തന്ത്രങ്ങൾ മെനയാനും ലക്ഷ്യമിടുന്ന സംയോജിത വിവരശേഖരണ സെഷനിൽ അവസാനിക്കും.
നൂതന സാങ്കേതികവിദ്യകൾ സഹകരണാത്മകമായും തന്ത്രപരമായും ഉത്തരവാദിത്തത്തോടെ സ്വീകരിച്ച് സൈബർ അതിരുകള്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യ കൈക്കൊള്ളുന്ന അചഞ്ചല പ്രതിബദ്ധതയുടെ തെളിവായി ഭാരത് എൻസിഎക്സ് 2025 നിലകൊള്ളുന്നു.

*********************
(Release ID: 2146585)