പ്രധാനമന്ത്രിയുടെ ഓഫീസ്
ബീഹാറിലെ മോതിഹാരിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
Posted On:
18 JUL 2025 3:53PM by PIB Thiruvananthpuram
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഈ സാവൻ മാസത്തിൽ, ഞാൻ ബാബ സോമേശ്വരനാഥിൻ്റെ പാദങ്ങളിൽ വണങ്ങി അനുഗ്രഹം തേടുന്നു, അതിലൂടെ ബീഹാറിലെ എല്ലാ ജനങ്ങളും, സന്തോഷവും സമൃദ്ധിയും കൊണ്ട് അനുഗ്രഹിക്കപ്പെടും.
ബഹുമാനപ്പെട്ട ബീഹാർ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ജി; സംസ്ഥാനത്തിൻ്റെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ ജി; എൻ്റെ ക്യാബിനറ്റ് സഹപ്രവർത്തകർ -ശ്രീ ജിതൻ റാം മാഞ്ചി ജി, ശ്രീ ഗിരിരാജ് സിംഗ് ജി, ശ്രീ ലാലൻ സിംഗ് ജി, ശ്രീ ചിരാഗ് പാസ്വാൻ ജി, ശ്രീ രാംനാഥ് താക്കൂർ ജി, ശ്രീ നിത്യാനന്ദ് റായ് ജി, ശ്രീ സതീഷ് ചന്ദ്ര ദുബെ ജി, ശ്രീ രാജ് ഭൂഷൺ ചൗധരി ജി; ബിഹാറിലെ ഉപമുഖ്യമന്ത്രിമാർ, ശ്രീ സാമ്രാട്ട് ചൗധരി ജി, ശ്രീ വിജയ് സിൻഹ ജി; എൻ്റെ സഹ പാർലമെൻ്റ് അംഗങ്ങൾ; ബിഹാറിൽ നിന്നുള്ള മുതിർന്ന നേതാവ് ശ്രീ ഉപേന്ദ്ര കുശ്വാഹ ജി; ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റ്, ബിഹാർ, ശ്രീ ദിലീപ് ജയ്‌സ്വാൾ ജി; സന്നിഹിതരായിരിക്കുന്ന മന്ത്രിമാർ ; തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ; ഒപ്പം ബീഹാറിലെ എൻ്റെ സഹോദരീ സഹോദരന്മാരും!
രാധാ മോഹൻ സിംഗ് ജിക്ക് നന്ദി, എനിക്ക് പലപ്പോഴും ചമ്പാരൻ സന്ദർശിക്കാൻ അവസരം ലഭിക്കാറുണ്ട്. ഇത് ചമ്പാരന്റെ നാടാണ് - ചരിത്രം സൃഷ്ടിച്ച ഒരു നാടാണിത്. സ്വാതന്ത്ര്യസമരകാലത്ത്, ഈ ഭൂമി മഹാത്മാഗാന്ധിക്ക് ഒരു പുതിയ ദിശാബോധം നൽകി. ഇപ്പോൾ, അതേ ഭൂമി ബീഹാറിന് ഒരു പുതിയ ഭാവിക്ക് പ്രചോദനമാകും.
ഇന്ന്, 7,000 കോടിയിലധികം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുകയോ തറക്കല്ലിടപ്പെടുകയോ ചെയ്തു. ഈ വികസന സംരംഭങ്ങൾക്ക് നിങ്ങൾക്കും, ബീഹാറിലെ എല്ലാ ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇതാ,ഇവിടെ ഒരു ചെറുപ്പക്കാരൻ രാമക്ഷേത്രത്തിന്റെ പൂർണ്ണമായ ഒരു മാതൃകയുമായി വന്നിരിക്കുന്നു - എത്ര മനോഹരമായ സൃഷ്ടി! അദ്ദേഹം അത് എനിക്ക് സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ എസ്‌പിജി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ പേരും വിലാസവും അതിനടിയിൽ എഴുതി വാങ്ങിയെന്ന് ഉറപ്പാക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഞാൻ താങ്കൾക്ക് ഒരു കത്ത് എഴുതാം.താങ്കൾ ഇത് ചെയ്തോ? ഉവ്വോ ? അപ്പോൾ ദയവായി എന്റെ എസ്‌പിജി ഉദ്യോഗസ്ഥർ എത്തുമ്പോൾ അവർക്ക് കൈമാറുക - തീർച്ചയായും താങ്കൾക്ക് എന്നിൽ നിന്ന് ഒരു കത്ത് ലഭിക്കും. ഞാൻ താങ്കളോട് വളരെ നന്ദിയുള്ളവനാണ്. സീതാമാതാവിന്റെ ദൈനംദിന സ്മരണ, സാംസ്കാരിക ഘടനയുടെ ഭാഗമായ ഒരു സ്ഥലത്ത്, അയോധ്യയിലെ മഹത്തായ ക്ഷേത്രത്തിന്റെ മനോഹരമായ ഒരു മാതൃക താങ്കൾ എനിക്ക് സമ്മാനിക്കുന്നു. യുവാവേ, ഞാൻ താങ്കളോട് ശരിക്കും നന്ദിയുള്ളവനാണ്.
സുഹൃത്തുക്കളേ,
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ലോകം അതിവേഗം മുന്നേറുകയാണ്. ഒരുകാലത്ത് അധികാരം പാശ്ചാത്യ രാജ്യങ്ങളുടെ കൈകളിലായിരുന്നു, എന്നാൽ ഇപ്പോൾ കിഴക്കൻ രാജ്യങ്ങളുടെ സ്വാധീനവും പങ്കാളിത്തവും വളരുകയാണ്. കിഴക്കൻ രാജ്യങ്ങൾ വികസനത്തിന്റെ ഒരു പുതിയ ഗതിവേഗം സ്വീകരിക്കുകയാണ്. കിഴക്കൻ രാജ്യങ്ങൾ ആഗോളതലത്തിൽ പുരോഗമിക്കുന്നതുപോലെ, ഭാരതത്തിലെ ഈ യുഗം നമ്മുടെ കിഴക്കൻ സംസ്ഥാനങ്ങളുടേതാണ്. വരും കാലങ്ങളിൽ മുംബൈ പടിഞ്ഞാറൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതുപോലെ, മോത്തിഹാരി കിഴക്കിനെ പ്രതിനിധീകരിക്കുമെന്നത് നമ്മുടെ ഉറച്ച ദൃഢനിശ്ചയമാണ്. ഗുരുഗ്രാം അവസരങ്ങൾ നൽകുന്നതുപോലെ, ഗയയും അവസരങ്ങൾ നൽകും. പൂനെയെപ്പോലെ, പട്നയും വ്യാവസായിക വികസനത്തിന് സാക്ഷ്യം വഹിക്കും. സൂറത്ത് വളർച്ച കൈവരിച്ചതുപോലെ, സന്താൽ പർഗാനയും വളർച്ച പ്രാപിക്കും. ജൽപൈഗുരിയിലെയും ജാജ്പൂരിലെയും ടൂറിസം ജയ്പൂരിനെപ്പോലെ പുതിയ ഉയരങ്ങളിലെത്തട്ടെ. ബെംഗളൂരുവിനെപ്പോലെ ബിർഭുമിലെയും ജനങ്ങളും മുന്നേറട്ടെ.
സഹോദരീ സഹോദരന്മാരേ,
കിഴക്കൻ ഭാരതത്തിന്റെ ഉയർച്ച ഉറപ്പാക്കാൻ, നാം ബീഹാറിനെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റണം. ഇന്ന്, ബീഹാറിലെ വികസനത്തിന്റെ വേഗത വളരെ കൂടുതലാണ്, കാരണം കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിഹാറിന്റെ പുരോഗതിക്കായി സമർപ്പിതരായ സർക്കാരുകളുണ്ട്. ഒരു സ്ഥിതിവിവരക്കണക്ക് ഞാൻ നിങ്ങളുമായി പങ്കുവെക്കട്ടെ. യുപിഎ ഭരണത്തിന്റെ 10 വർഷത്തിനിടയിൽ, കോൺഗ്രസും ആർജെഡിയും കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ, ബീഹാറിന് ലഭിച്ചത് ഏകദേശം 2 ലക്ഷം കോടി രൂപ മാത്രമാണ്. അതായത്, 10 വർഷത്തിനിടെ, ഏകദേശം 2 ലക്ഷം കോടി രൂപ. വ്യക്തമായും, അവർ നിതീഷ് ജിയുടെ സർക്കാരിനെ ശിക്ഷിക്കുകയായിരുന്നു, ബീഹാറിനെ ശിക്ഷിക്കുകയായിരുന്നു. 2014 ൽ, നിങ്ങൾ എനിക്ക് കേന്ദ്രത്തിൽ സേവനമനുഷ്ഠിക്കാൻ അവസരം നൽകിയപ്പോൾ, ബീഹാറിനെതിരായ ഈ പഴയ പ്രതികാര രാഷ്ട്രീയത്തിന് ഞാൻ അറുതി വരുത്തി. കഴിഞ്ഞ 10 വർഷത്തിനിടയിൽ, എൻഡിഎ സർക്കാരിന് കീഴിൽ, ബീഹാറിന്റെ വികസനത്തിനായി അനുവദിച്ച ഫണ്ടുകൾ പലമടങ്ങ് വർദ്ധിച്ചു. ഇപ്പോൾ, സാമ്രാട്ട് ചൗധരി ജി ആ കണക്കുകൾ പങ്കിടുകയായിരുന്നു - നിരവധി ലക്ഷം കോടി രൂപയുടെ ഫണ്ടുകളാണ് ഇന്നുവരെയായി നൽകിയത്.
സുഹൃത്തുക്കളേ,
കോൺഗ്രസ്-ആർജെഡി കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഞങ്ങളുടെ സർക്കാർ ബീഹാറിന് നിരവധി മടങ്ങ് കൂടുതൽ സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നാണ് ഇതിനർത്ഥം. സംസ്ഥാനത്തുടനീളമുള്ള പൊതുജനക്ഷേമത്തിനും വികസന പദ്ധതികൾക്കുമായി ഈ ഫണ്ടുകൾ ഉപയോഗിക്കുന്നു.
സുഹൃത്തുക്കളേ,
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ബീഹാർ നിരാശയുടെ അവസ്ഥയിലായിരുന്നുവെന്ന് ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ആർജെഡിയുടെയും കോൺഗ്രസിന്റെയും ഭരണത്തിൻ കീഴിൽ വികസനം സ്തംഭിച്ചിരുന്നു. ദരിദ്രർക്കുള്ള ഫണ്ടുകൾ ഒരിക്കലും അവരിലേക്ക് എത്തിയില്ല. അധികാരത്തിലിരിക്കുന്നവർ പ്രധാനമായും ദരിദ്രരുടെ അവകാശങ്ങളും അവസരങ്ങളും എങ്ങനെ കൊള്ളയടിക്കുമെന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ബീഹാർ ധീരഹൃദയരുടെ നാടാണ് - അസാധ്യമായത് സാധ്യമാക്കുന്നവരുടെ, അക്ഷീണരായ തൊഴിലാളികളുടെ നാടാണ്. ആർജെഡിയുടെയും കോൺഗ്രസിന്റെയും ബന്ധനങ്ങളിൽ നിന്ന് നിങ്ങൾ ഈ ഭൂമിയെ മോചിപ്പിച്ചു. അസാധ്യമായത് നിങ്ങൾ സാധ്യമാക്കി. തൽഫലമായി, ക്ഷേമ പദ്ധതികൾ ഇപ്പോൾ ബീഹാറിലെ ദരിദ്രരിലേക്ക് നേരിട്ട് എത്തിച്ചേരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം രാജ്യത്തുടനീളമുള്ള ദരിദ്രർക്കായി നാല് കോടിയിലധികം വീടുകൾ നിർമ്മിച്ചു. ഇതിൽ ഏകദേശം 60 ലക്ഷം വീടുകൾ ബീഹാറിൽ മാത്രം ദരിദ്രർക്കായി നിർമ്മിച്ചു. അതായത് നോർവേ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ മുഴുവൻ ജനസംഖ്യയേക്കാൾ കൂടുതൽ ആളുകൾക്ക് ബീഹാറിൽ ഞങ്ങൾ ഉറപ്പുള്ള വീടുകൾ നൽകിയിട്ടുണ്ട്.
മറ്റൊരു ഉദാഹരണം കൂടി പറയാം - നമ്മുടെ സ്വന്തം മോത്തിഹാരി ജില്ലയിൽ, ഏകദേശം 3 ലക്ഷം ദരിദ്ര കുടുംബങ്ങൾക്ക് ഉറപ്പാർന്ന വീടുകൾ ലഭിച്ചു. എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്നും, ഇവിടെ 12,000-ത്തിലധികം കുടുംബങ്ങൾക്ക് സ്വന്തം ഉറപ്പുള്ള വീടുകളിലേക്ക് മാറാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. 40,000-ത്തിലധികം ദരിദ്ര കുടുംബങ്ങൾക്ക് അവരുടെ വീട് നിർമ്മിക്കുന്നതിനായി അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് സാമ്പത്തിക സഹായം ലഭിച്ചു. ഈ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും ദളിത്, മഹാദളിത്, പിന്നാക്ക കുടുംബങ്ങളിൽ നിന്നുള്ള എന്റെ സഹോദരീസഹോദരന്മാരാണ്. ആർജെഡിയുടെയും കോൺഗ്രസിന്റെയും ഭരണത്തിൻ കീഴിൽ, ദരിദ്രർക്ക് ഉറപ്പുള്ള വീടുകൾ ലഭിക്കുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണെന്ന് നിങ്ങൾക്കറിയാം. അവരുടെ ഭരണത്തിൻ കീഴിൽ, ആളുകൾ അവരുടെ വീടുകൾ പെയിന്റ് ചെയ്യാനോ പുതുക്കിപ്പണിയാനോ പോലും ഭയപ്പെട്ടിരുന്നു,കാരണം അവർ ഉപദ്രവിക്കപ്പെടുകയോ കുടിയിറക്കപ്പെടുകയോ ചെയ്യുമെന്ന് അവർ ഭയപ്പെട്ടു. ആർജെഡിയുടെ കീഴിലുള്ളവർക്ക് ഒരിക്കലും നിങ്ങൾക്ക് ഒരു ഉറപ്പുള്ള വീട് നൽകാൻ കഴിയുമായിരുന്നില്ല.
സുഹൃത്തുക്കളേ,
ഇന്ന്, ബീഹാർ മുന്നോട്ട് പോകുമ്പോൾ, സംസ്ഥാനത്തെ അമ്മമാരും സഹോദരിമാരുമാണ് ഈ പുരോഗതിക്ക് പിന്നിലെ ഏറ്റവും വലിയ ശക്തി. ഇന്ന് ഞാൻ നേരത്തെ കണ്ടതുപോലെ, ലക്ഷക്കണക്കിന് സ്ത്രീകളാണ് ഞങ്ങളെ അനുഗ്രഹിക്കുന്നത് - അത് ഹൃദയസ്പർശിയായ ഒരു കാഴ്ചയായിരുന്നു. ബീഹാറിലെ അമ്മമാരും സഹോദരിമാരും, ഈ നാട്ടിലെ സ്ത്രീകളും, എൻഡിഎ എടുക്കുന്ന ഓരോ ചുവടുവയ്പ്പിന്റെയും പ്രാധാന്യം പൂർണ്ണമായി മനസ്സിലാക്കുന്നു. ഓർക്കുക - പത്ത് രൂപ ഉണ്ടെങ്കിൽ പോലും അത് മറച്ചുവെക്കേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു. നിങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകളില്ല, ആരെയും ബാങ്കുകളിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. ദരിദ്രരുടെ ആത്മാഭിമാനം എന്താണെന്ന് മോദിക്ക് മാത്രമേ മനസ്സിലാകൂ. മോദി ബാങ്കുകളോട് ചോദിച്ചു - ദരിദ്രർക്കായി നിങ്ങളുടെ വാതിലുകൾ എങ്ങനെയാണ് തുറക്കാൻ കഴിയാതിരിക്കുക ? ഞങ്ങൾ ഒരു വലിയ പ്രചാരണം ആരംഭിക്കുകയും ജൻ ധൻ അക്കൗണ്ടുകൾ തുറക്കുകയും ചെയ്തു. ഈ സംരംഭം ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് വളരെയധികം പ്രയോജനം ചെയ്തു. ബീഹാറിൽ മാത്രം ഏകദേശം 3.5 കോടി ജൻ ധൻ അക്കൗണ്ടുകൾ സ്ത്രീകൾക്കായി തുറന്നു. അതിനുശേഷം, സർക്കാർ പദ്ധതികളിൽ നിന്നുള്ള പണം നേരിട്ട് ഈ അക്കൗണ്ടുകളിലേക്ക് മാറ്റാൻ തുടങ്ങി. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, എന്റെ സുഹൃത്ത് നിതീഷ് ജിയുടെ സർക്കാർ, അദ്ദേഹം പ്രഖ്യാപിച്ചതുപോലെ, വൃദ്ധർ, ഭിന്നശേഷിക്കാർ, വിധവകൾ എന്നിവരുടെ പെൻഷൻ തുക പ്രതിമാസം 400 രൂപയിൽ നിന്ന് 1,100 രൂപയായി വർദ്ധിപ്പിച്ചു. ഈ പണവും നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കും. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ, ബീഹാറിലെ 24,000-ത്തിലധികം സ്വയം സഹായ സംഘങ്ങൾക്ക് 1,000 കോടിയിലധികം രൂപയുടെ സഹായം അയച്ചു. നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും ഇപ്പോൾ ജൻ ധൻ അക്കൗണ്ടുകളുടെ ശക്തി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമായത്.
സുഹൃത്തുക്കളേ,
സ്ത്രീ ശാക്തീകരണത്തിനായുള്ള ഈ ശ്രമങ്ങളുടെ ഫലങ്ങൾ വ്യക്തമായി കാണാം. രാജ്യത്തുടനീളം, ബീഹാറിലും, "ലഖ്പതി ദീദികളുടെ"(ലക്ഷാധിപതി സഹോദരിമാർ)എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഭാരതത്തിൽ 3 കോടി സ്ത്രീകളെ 'ലഖ്പതി ദീദി'കളാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതുവരെ 1.5 കോടി സ്ത്രീകൾ ഈ നാഴികക്കല്ല് കൈവരിച്ചു. ബീഹാറിലും 20 ലക്ഷത്തിലധികം സ്ത്രീകൾ "ലഖ്പതി ദീദി"കളായി. ചമ്പാരനിൽ തന്നെ 80,000-ത്തിലധികം സ്ത്രീകൾ സ്വയം സഹായ ഗ്രൂപ്പുകളിൽ ചേർന്ന് "ലഖ്പതി ദീദി"കളായി.
സുഹൃത്തുക്കളേ,
ഇന്ന്, 400 കോടി രൂപയുടെ ഒരു കമ്മ്യൂണിറ്റി നിക്ഷേപ ഫണ്ടും ഇവിടെ വിതരണം ചെയ്തിട്ടുണ്ട്. ഈ ഫണ്ട് സ്ത്രീകളെ ശാക്തീകരിക്കാൻ സഹായിക്കും. നിതീഷ് ജി അവതരിപ്പിച്ച 'ജീവിക ദീദി' പദ്ധതി ബീഹാറിലെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് സ്വയംപര്യാപ്തരാകാൻ വഴിയൊരുക്കി.
സുഹൃത്തുക്കളേ,
ബിജെപിയുടെയും എൻഡിഎയുടെയും കാഴ്ചപ്പാട് വ്യക്തമാണ് - ബീഹാർ പുരോഗമിക്കുമ്പോൾ മാത്രമേ ഭാരതം മുന്നോട്ട് പോകൂ. ബീഹാറിലെ യുവാക്കൾ പുരോഗമിക്കുമ്പോൾ മാത്രമേ ബീഹാറിന് മുന്നേറ്റമുള്ളൂ . ഞങ്ങളുടെ ദൃഢനിശ്ചയം വ്യക്തമാണ് - എല്ലാ യുവാക്കൾക്കും തൊഴിൽ ലഭിക്കുന്ന ഒരു സമ്പന്നമായ ബീഹാർ! ബീഹാറിലെ യുവാക്കൾക്ക് സംസ്ഥാനത്തിനുള്ളിൽ തന്നെ ധാരാളം തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനായി, കഴിഞ്ഞ വർഷങ്ങളിൽ കാര്യമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. പൂർണ്ണ സുതാര്യതയോടെ സർക്കാർ ജോലികളിൽ ലക്ഷക്കണക്കിന് യുവാക്കൾക്ക് നിതീഷ് ജിയുടെ സർക്കാർ തൊഴിൽ നൽകിയിട്ടുണ്ട്. ബീഹാറിലെ യുവാക്കളുടെ തൊഴിലവസരങ്ങൾക്കായി നിതീഷ് ജി അടുത്തിടെ പുതിയ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്, കേന്ദ്ര സർക്കാർ അദ്ദേഹത്തോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു.
സുഹൃത്തുക്കളേ,
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കേന്ദ്ര സർക്കാർ ഒരു പ്രധാന പദ്ധതിക്ക് അംഗീകാരം നൽകി. ഈ സംരംഭത്തിന്റെ കീഴിൽ, ഒരു സ്വകാര്യ കമ്പനിയിൽ ആദ്യമായി തൊഴിൽ അവസരം ലഭിക്കുന്ന ഏതൊരു യുവാക്കൾക്കും കേന്ദ്ര സർക്കാരിൽ നിന്ന് 15,000 രൂപ നൽകും. ഈ പദ്ധതി ഓഗസ്റ്റ് 1 മുതൽ നടപ്പിലാക്കാൻ പോകുന്നു. പുതിയ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ നൽകുന്നതിനായി ഈ പരിപാടിയിൽ ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. ബീഹാറിലെ യുവാക്കൾക്കും ഈ സംരംഭത്തിൽ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും.
സുഹൃത്തുക്കളേ,
ബീഹാറിൽ സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി, മുദ്ര യോജന പോലുള്ള പദ്ധതികൾ ത്വരിതപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ, ഈ പദ്ധതി പ്രകാരം ബീഹാറിൽ ലക്ഷക്കണക്കിന് വായ്പകൾ വിതരണം ചെയ്തു. ചമ്പാരനിൽ തന്നെ 60,000 യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി മുദ്ര വായ്പകൾ ലഭിച്ചു.
സുഹൃത്തുക്കളേ,
ആർജെഡിയിലുള്ളവർക്ക് ഒരിക്കലും നിങ്ങൾക്ക് തൊഴിൽ നൽകാൻ കഴിയില്ല - നിങ്ങൾക്ക് ജോലി നൽകാമെന്ന പേരിൽ, നിങ്ങളുടെ ഭൂമി എടുത്ത് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത ആളുകളാണവർ . ഒരിക്കലും മറക്കരുത് - ഒരു വശത്ത്, മണ്ണെണ്ണ വിളക്ക് യുഗത്തിലെ ബീഹാറും മറുവശത്ത് പ്രതീക്ഷയുടെ ജ്വാലയുമായി പ്രകാശിച്ചു നിൽക്കുന്ന ഈ പുതിയ ബീഹാറും.എൻഡിഎയുമായി കൈകോർത്ത് നടന്നാണ് ഈ യാത്ര സാധ്യമായത്. അതുകൊണ്ടാണ് ബീഹാറിന്റെ,'എൻഡിഎയ്‌ക്കൊപ്പം, എല്ലാ നിമിഷവും!' എന്ന
ദൃഢനിശ്ചയം അചഞ്ചലമായത്.
സുഹൃത്തുക്കളേ,
സമീപ വർഷങ്ങളിൽ, ബീഹാറിൽ നടത്തിയ നക്‌സലിസത്തിനെതിരായ ശക്തമായ അടിച്ചമർത്തൽ സംസ്ഥാനത്തെ യുവാക്കൾക്ക് മികച്ചതും സുരക്ഷിതവുമായ ഒരു ഭാവിക്ക് വഴിയൊരുക്കി. ചമ്പാരൻ, ഔറംഗാബാദ്, ഗയാ ജി, ജമുയി തുടങ്ങിയ ജില്ലകളെ വർഷങ്ങളായി പിന്നോട്ടടിച്ചിരുന്ന മാവോയിസം ഇപ്പോൾ അവസാന ശ്വാസം വലിക്കുകയാണ് . ഈ പ്രദേശങ്ങളിൽ ഒരിക്കൽ പടർന്നുപിടിച്ച മാവോയിസത്തിന്റെ ഇരുണ്ട നിഴൽ മാറി, ഇന്ന്, ഈ പ്രദേശങ്ങളിലെ യുവാക്കൾ വലിയ സ്വപ്നങ്ങൾ കാണുന്നു. ഭാരതത്തെ നക്‌സലിസത്തിൽ നിന്ന് പൂർണ്ണമായും മോചിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉറച്ച ദൃഢനിശ്ചയം.
സുഹൃത്തുക്കളേ,
ഇതൊരു പുതിയ ഭാരതമാണ്—ഭാരതമാതാവിന്റെ ശത്രുക്കളെ നീതിയ്ക്ക് മുന്നിൽ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുന്ന, ഒരു ശ്രമം പോലും പാഴാക്കാത്ത ഒരു ഭാരതം. ബീഹാറിന്റെ ഈ മണ്ണിൽ നിന്നാണ് ഞാൻ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിക്കാൻ തീരുമാനിച്ചത്, ഇന്ന് ലോകം മുഴുവൻ അതിന്റെ വിജയത്തിന് സാക്ഷിയാണ് .
സുഹൃത്തുക്കളേ,
ബീഹാറിനില്ലാത്തതായ സാധ്യതകളോ വിഭവങ്ങളോ ഇല്ല. ഇന്ന്, ഈ വിഭവങ്ങൾ ബീഹാറിന്റെ പുരോഗതിയുടെ ചാലകശക്തിയായി മാറുകയാണ്. എൻഡിഎ സർക്കാരിന്റെ ശ്രമങ്ങൾക്ക് നന്ദി, മഖാനയുടെ വില എങ്ങനെ ഗണ്യമായി വർദ്ധിച്ചുവെന്ന് നോക്കൂ - കാരണം ഞങ്ങൾ ഇവിടെ മഖാന കർഷകരെ വലിയ വിപണികളുമായി ബന്ധിപ്പിച്ചു. ഞങ്ങൾ ഒരു മഖാന ബോർഡ് സ്ഥാപിക്കുകയാണ്. വാഴപ്പഴം, ലിച്ചി, മാർച്ച അരി, കതർണി അരി, സർദാലു മാമ്പഴം, മഗാഹി പാൻ—ഇവയും മറ്റ് നിരവധി ഉൽപ്പന്നങ്ങളും ഇപ്പോൾ ബീഹാറിലെ കർഷകരെയും യുവാക്കളെയും ആഗോള വിപണികളുമായി ബന്ധിപ്പിക്കും.
സഹോദരീ സഹോദരന്മാരേ,
കാർഷിക ഉൽപന്നങ്ങൾ വർദ്ധിപ്പിക്കുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഞങ്ങൾ പ്രഥമ പരിഗണന നൽകുന്നു. പിഎം-കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ഏകദേശം 3.5 ലക്ഷം കോടി രൂപ ഇതിനകം കർഷകർക്ക് നൽകിയിട്ടുണ്ട്. മോത്തിഹാരിയിൽ മാത്രം 5 ലക്ഷത്തിലധികം കർഷകർക്ക് 1,500 കോടിയിലധികം രൂപ ലഭിച്ചു.
സുഹൃത്തുക്കളേ,
ഞങ്ങൾ മുദ്രാവാക്യങ്ങളിൽ നിർത്തുന്നില്ല, വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല - ഞങ്ങൾ പ്രവൃത്തിയിലൂടെ നിറവേറ്റുന്നു. പിന്നാക്കവും-ഏറ്റവും പിന്നാക്കവുമായ വിഭാഗങ്ങൾക്ക് വേണ്ടി ഞങ്ങൾ നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് പറയുമ്പോൾ, ഇത് ഞങ്ങളുടെ നയങ്ങളിലും തീരുമാനങ്ങളിലും വ്യക്തമായി പ്രതിഫലിക്കുന്നു. എൻഡിഎ സർക്കാരിന്റെ ദൗത്യം - എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും മുൻഗണന! എന്നതാണ് . അത് പിന്നാക്ക പ്രദേശങ്ങളായാലും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളായാലും, അവയാണ് ഞങ്ങളുടെ സർക്കാരിന്റെ മുൻഗണന. പതിറ്റാണ്ടുകളായി, നമ്മുടെ രാജ്യത്തെ 110-ലധികം ജില്ലകളെ 'പിന്നാക്ക' എന്ന് മുദ്രകുത്തി അവരുടെ വിധിക്ക് വിട്ടുകൊടുത്തു. എന്നാൽ , ഞങ്ങൾ ഈ ജില്ലകൾക്ക് മുൻഗണന നൽകി - അവയെ പിന്നാക്കം എന്ന് വിളിക്കാതെ, അവയെ അഭിലാഷ ജില്ലകൾ എന്ന് പുനർനാമകരണം ചെയ്ത് അവയുടെ വികസനം നയിച്ചു. അതായത്, 'പിന്നാക്കക്കാർക്ക് മുൻഗണന'. നമ്മുടെ അതിർത്തി ഗ്രാമങ്ങൾ പോലും വളരെക്കാലമായി അവസാന ഗ്രാമങ്ങളായി കണക്കാക്കപ്പെട്ടിരുന്നു, അതിനാൽ അവഗണിക്കപ്പെട്ടു. ഈ മനോഭാവം ഞങ്ങൾ മാറ്റി - ഈ 'അവസാന ഗ്രാമങ്ങൾ' എന്ന് വിളിക്കപ്പെടുന്നവയുടെ വികസനത്തിന് മുൻഗണന നൽകുകയും, പകരം അവയെ 'ആദ്യ ഗ്രാമങ്ങൾ' എന്ന് പുനർനിർവചിക്കുകയും ചെയ്തു. വീണ്ടും, 'പിന്നാക്കക്കാർക്ക് മുൻഗണന'. നമ്മുടെ ഒബിസി സമൂഹം പതിറ്റാണ്ടുകളായി ഒബിസി കമ്മീഷന് ഭരണഘടനാ പദവി ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം നിറവേറ്റിയത് ഞങ്ങളുടെ ഗവൺമെന്റാണ്. നമ്മുടെ ആദിവാസി സമൂഹങ്ങളിലും, ജൻമൻ പദ്ധതിയിലൂടെ അങ്ങേയറ്റം പാർശ്വവൽക്കരിക്കപ്പെട്ടവരെ തിരിച്ചറിഞ്ഞ് മുൻഗണന നൽകി, അവരുടെ വികസനത്തിനായി 25,000 കോടി രൂപ ഇപ്പോൾ ചെലവഴിക്കുന്നു. അതുകൊണ്ടാണ് ഞാൻ പറയുന്നത് - പിന്നാക്കം നിൽക്കുന്നവർക്കാണ് ഞങ്ങളുടെ മുൻഗണന എന്ന് .
ഈ ദർശനത്തിന് അനുസൃതമായി, മറ്റൊരു പ്രധാന പദ്ധതിക്ക് തുടക്കമിട്ടു. രണ്ട് ദിവസം മുമ്പ്, കേന്ദ്ര മന്ത്രിസഭ 'പ്രധാനമന്ത്രി ധൻ-ധന്യ കൃഷി യോജന'യ്ക്ക് അംഗീകാരം നൽകി. ഈ പദ്ധതി പ്രകാരം, കാർഷികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന 100 ജില്ലകളെ തിരിച്ചറിയും. വളരെയധികം കാർഷിക സാധ്യതകളുള്ളതും എന്നാൽ ഉൽപ്പാദനക്ഷമതയിലും കർഷക വരുമാനത്തിലും ഇപ്പോഴും പിന്നിലുള്ളതുമായ ജില്ലകളാണിവ. ഈ പദ്ധതി പ്രകാരം ഈ ജില്ലകൾക്ക് മുൻഗണന നൽകുകയും പിന്തുണയ്ക്കുകയും ചെയ്യും. അതായത്, 'പിന്നാക്കക്കാർക്ക് മുൻഗണന' - രാജ്യത്തുടനീളമുള്ള ഏകദേശം 1.75 കോടി കർഷകർക്ക് ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കും. ഈ ഗുണഭോക്താക്കളിൽ വലിയൊരു പങ്കും ബീഹാറിൽ നിന്നുള്ള എന്റെ കർഷക സഹോദരീ സഹോദരന്മാരായിരിക്കും.
സുഹൃത്തുക്കളേ,
ഇന്ന്, ആയിരക്കണക്കിന് കോടി രൂപയുടെ റെയിൽവേ, റോഡ് പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുകയും തറക്കല്ലിടുകയും ചെയ്തു. ഈ പദ്ധതികൾ ബീഹാറിലെ ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. രാജ്യത്തെ വിവിധ റൂട്ടുകളിലൂടെ അമൃത് ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു. മോത്തിഹാരി-ബാപുധാം മുതൽ ഡൽഹിയിലെ ആനന്ദ് വിഹാർ വരെ ഇപ്പോൾ നേരിട്ടുള്ള അമൃത് ഭാരത് എക്സ്പ്രസ് സർവീസ് നടത്തും. മോത്തിഹാരി റെയിൽവേ സ്റ്റേഷനും പുതിയ രൂപത്തിലും മെച്ചപ്പെട്ട സൗകര്യങ്ങളോടെയും പുനർവികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദർഭംഗ-നർക്കതിയാഗഞ്ച് റെയിൽ പാത ഇരട്ടിപ്പിക്കൽ ഈ റൂട്ടിലെ യാത്രക്കാർക്ക് ധാരാളം സൗകര്യങ്ങൾ നൽകും.
സുഹൃത്തുക്കളേ,
ചമ്പാരന്റെ ഭൂമി നമ്മുടെ ആത്മീയതയുമായും സംസ്കാരവുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. മോത്തിഹാരിയിലെ സത്തർഘട്ട്, കേസരിയ, ചാകിയ, മധുബൻ എന്നിവയിലൂടെയാണ് രാം-ജാനകി പാത കടന്നുപോകുന്നത്. സീതാമർഹിയിൽ നിന്ന് അയോധ്യയിലേക്ക് നിർമ്മിക്കുന്ന പുതിയ റെയിൽവേ ലൈൻ ചമ്പാരനിൽ നിന്നുള്ള ഭക്തർക്ക് ദർശനത്തിനായി അയോധ്യയിലേക്ക് പോകാൻ സഹായിക്കും. ഈ ശ്രമങ്ങളുടെയെല്ലാം ഏറ്റവും വലിയ നേട്ടം ബീഹാറിലെ മെച്ചപ്പെട്ട കണക്റ്റിവിറ്റിയാണ്, ഇത് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
സുഹൃത്തുക്കളേ,
ദരിദ്രർ, ദലിതർ, പിന്നാക്ക വിഭാഗങ്ങൾ, ആദിവാസി സമൂഹങ്ങൾ എന്നിവരുടെ പേരിൽ കോൺഗ്രസും ആർജെഡിയും വളരെക്കാലമായി രാഷ്ട്രീയം കളിച്ചുവരുന്നു. എന്നാൽ തുല്യ അവകാശങ്ങൾ നൽകുന്നതിനുപകരം, സ്വന്തം കുടുംബത്തിന് പുറത്തുള്ളവരെ പോലും അവർ ബഹുമാനിക്കുന്നില്ല. അവരുടെ ധാർഷ്ട്യം ഇപ്പോൾ ബീഹാറിലെ എല്ലാവർക്കും വ്യക്തമാണ്. അവരുടെ ദുരുദ്ദേശ്യങ്ങളിൽ നിന്ന് നാം ബീഹാറിനെ സംരക്ഷിക്കണം. നിതീഷ് ജിയുടെ സംഘവും ബിജെപി സംഘവും മുഴുവൻ എൻഡിഎയും വർഷങ്ങളായി ഇവിടെ അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട്. ശ്രീ ചന്ദ്ര മോഹൻ റായ് ജി പോലുള്ള വിശിഷ്ട വ്യക്തികൾ നമ്മെ വഴി നയിച്ചിട്ടുണ്ട്. ഒരുമിച്ച്, ബീഹാറിന്റെ വികസനത്തിനായി ഈ ശ്രമങ്ങൾ ത്വരിതപ്പെടുത്തണം. ഒരുമിച്ച്, ബീഹാറിന്റെ ശോഭനമായ ഭാവിയിലേക്ക് നാം നീങ്ങണം. നമുക്ക് ഒരു പ്രതിജ്ഞയെടുക്കാം - ബനയേംഗെ നയ ബിഹാർ, ഫിർ ഏക്ബർ എൻഡിഎ സർക്കാർ (നമ്മൾ വീണ്ടും എൻഡിഎ സർക്കാരിനൊപ്പം ഒരു പുതിയ ബിഹാർ നിർമ്മിക്കും!)
ഇതോടെ, ഇന്നത്തെ വികസന പദ്ധതികൾക്ക് നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഒരിക്കൽ കൂടി അറിയിക്കുന്നു. ഇപ്പോൾ, രണ്ട് കൈകളും ഉയർത്തിപ്പിടിച്ച്, പൂർണ്ണ ശക്തിയോടെ പറയുക—
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വളരെ നന്ദി.
***
(Release ID: 2146281)
Visitor Counter : 4
Read this release in:
Odia
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada