ആഭ്യന്തരകാര്യ മന്ത്രാലയം
‘21-ാമത് വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസ്-2025’ ൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തെയും 613 മെഡൽ ജേതാക്കളെയും ന്യൂഡൽഹിയിൽ അനുമോദിച്ചു; ചടങ്ങിനെ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു
Posted On:
18 JUL 2025 6:21PM by PIB Thiruvananthpuram
യുഎസിലെ അലബാമയിലെ ബർമിംഗ്ഹാമിൽ നടന്ന 21-ാമത് വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസ്-2025 ൽ പങ്കെടുത്ത് തിരിച്ചെത്തിയ ഇന്ത്യൻ പോലീസ്, ഫയർ ബ്രിഗേഡ് സംഘത്തെ പ്രത്യേക ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിനെ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു. ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, ആഭ്യന്തര മന്ത്രാലയത്തിന്റെ സ്പെഷ്യൽ സെക്രട്ടറി (ആഭ്യന്തര സുരക്ഷ) എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
21-ാമത് ലോക പോലീസ് & ഫയർ ഗെയിംസിൽ ഇന്ത്യൻ സംഘം 613 മെഡലുകൾ നേടിയതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. മികച്ച പ്രകടനം നടത്തി രാജ്യത്തിന് അഭിമാനം സമ്മാനിച്ച ഇന്ത്യൻ പോലീസ്, ഫയർ സർവീസസ് സംഘത്തെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. അടുത്ത ലോക പോലീസ് & ഫയർ ഗെയിംസ് ഇന്ത്യയിൽ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ പോലീസ് സ്‌പോർട്‌സ് കൺട്രോൾ ബോർഡിന് കീഴിലുള്ള എല്ലാ പോലീസ് സേനയിൽ നിന്നും കുറഞ്ഞത് ഒരു അത്‌ലറ്റെങ്കിലും അടുത്ത ലോക പോലീസ് & ഫയർ ഗെയിംസിൽ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് നമ്മുടെ ലക്ഷ്യം എന്ന് ശ്രീ ഷാ പറഞ്ഞു. നമ്മുടെ പങ്കാളിത്തം എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കണം. ഓരോ ടീമും കുറഞ്ഞത് മൂന്ന് മെഡലുകളെങ്കിലും നേടുക എന്ന് ലക്ഷ്യമിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരമൊരു ലക്ഷ്യം സൃഷ്ടിക്കുന്നതിലൂടെ, ഇപ്പോൾ നേടിയ 613 മെഡലുകൾ എന്ന റെക്കോർഡ് സ്വാഭാവികമായി തകർക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് ഇന്ത്യൻ ടീമിന് 4,38,85,000 രൂപയുടെ പ്രോത്സാഹന തുക നൽകിയതായി ശ്രീ അമിത് ഷാ പറഞ്ഞു. നേരത്തെ, പോലീസ്&ഫയർ ഗെയിംസിന് രാജ്യത്ത് വലിയ പ്രാധാന്യം നൽകിയിരുന്നില്ല എന്ന് അദ്ദേഹം പരാമർശിച്ചു. പങ്കാളിത്തത്തിന്റെ കാര്യത്തിൽ, ഒളിമ്പിക്‌സിനും കോമൺവെൽത്ത് ഗെയിംസിനും പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ കായിക മേളയാണിത്. ഏകദേശം 10,000 അത്‌ലറ്റുകൾ ഈ ഗെയിമുകളിൽ പങ്കെടുക്കുന്നുണ്ടെന്നും രാജ്യത്തിന്റെ മികച്ച പ്രകടനത്തിലൂടെ 140 കോടി പൗരന്മാർക്ക് ഇത് വളരെയധികം അഭിമാനകരമായി മാറിയതായും ശ്രീ ഷാ പറഞ്ഞു.
വിവിധ പോലീസ് സേനകളിലെ അത്‌ലറ്റുകൾ,ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും ഇനി നമ്മുടെ ശ്രദ്ധ 2029 ലെ വേൾഡ് പോലീസ് & ഫയർ ഗെയിംസിലാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
വരാനിരിക്കുന്ന വേൾഡ് പോലീസ് & ഫയർ ഗെയിംസ് ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗർ, കെവാദിയ എന്നിവിടങ്ങളിൽ നടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ത്യയിൽ കായിക വിനോദങ്ങൾക്ക് വലിയ സാധ്യതകളുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന തരത്തിൽ ഈ ഗെയിംസുകളിൽ ഇന്ത്യൻ അത്‌ലറ്റുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2036 ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ അപേക്ഷ സമർപ്പിക്കും എന്നും കോമൺവെൽത്ത് ഗെയിംസിനായി ഇതിനകം അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും, ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ വീണ്ടും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു. രാജ്യത്തെ ജനങ്ങളുടെയും പോലീസ്, ഫയർ ബ്രിഗേഡ് പോലുള്ള വിവിധ വിഭാഗങ്ങളുടെയും ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാക്കി കായിക വിനോദങ്ങൾ മാറ്റുക എന്നതാണ് ഇന്ത്യയിൽ ഈ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പോലീസ് ടീമുകൾക്ക് ലോകോത്തര പരിശീലകരെ നൽകാനും സ്പോർട്സ് സംബന്ധമായ പരിക്കുകൾ ചികിത്സിക്കുന്നതിനായി സേനകളുടെ മെഡിക്കൽ സംഘങ്ങൾക്ക് പ്രത്യേക പരിശീലനം നൽകാനും അഖിലേന്ത്യാ പോലീസ് സ്‌പോർട്‌സ് കൺട്രോൾ ബോർഡിനോട് ശ്രീ അമിത് ഷാ ആവശ്യപ്പെട്ടു. ഈ രണ്ട് പ്രവർത്തനങ്ങളും ആസൂത്രിതമായി നിർവഹിക്കേണ്ടതുണ്ടെന്നും ഇതിന് കായിക മന്ത്രാലയം പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഓരോ പോലീസ് ഓഫീസറിലും ഉദ്യോഗസ്ഥനിലും കായിക മനോഭാവം സൃഷ്ടിക്കാൻ സഹായിക്കുന്ന വിധത്തിൽ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ എല്ലാ കേന്ദ്ര സായുധ പോലീസ് സേനകളുടെയും (CAPF) ഡയറക്ടർ ജനറൽമാരോട് അഭ്യർത്ഥിച്ചു. പോലീസ് ഉദ്യോഗസ്ഥർ,സഹ പ്രവർത്തകർക്കൊപ്പം രാവിലെ പരേഡ് നടത്തി പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും വൈകുന്നേരങ്ങളിൽ അവരോടൊപ്പം വിവിധ കായിക വിനോദങ്ങൾക്കായി സമയം ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ജോലി സംബന്ധമായ സമ്മർദ്ദം ഒഴിവാക്കാനും പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കും. നമ്മെ വിശാലമായി ചിന്തിക്കാൻ സ്പോർട്സ് പഠിപ്പിക്കുന്നുവെന്ന് ശ്രീ ഷാ പറഞ്ഞു. എല്ലാ കേന്ദ്ര, സംസ്ഥാന പോലീസ് സേനകളും മുകൾതട്ടിൽ നിന്ന് താഴെത്തട്ടിലേക്ക് ഈ ശീലം വളർത്തിയെടുക്കണം. സേവന ചട്ടങ്ങളിൽ ഇളവ് വരുത്തി, നിയമന പ്രക്രിയകൾ അതിന് അനുയോജ്യമാക്കിക്കൊണ്ട്, സുരക്ഷാ സേനയ്ക്കുള്ളിൽ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഗവൺമെന്റ് നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ആഭ്യന്തര മന്ത്രാലയം നിരവധി സംരംഭങ്ങൾ ആരംഭിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. കായിക പ്രതിഭകളെ തിരിച്ചറിയുന്നതിനായി റിക്രൂട്ട്മെന്റ് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുക, ഓരോ സേനയിലും 25 ഔട്ട്ഡോർ സ്പോർട്സ് ടീമുകൾ രൂപീകരിക്കുക, CAPF-കളുടെ സംയോജിത ടീമുകൾ രൂപീകരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദേശീയ കായിക ഇനങ്ങളിൽ ഒറ്റ യൂണിറ്റായി പങ്കെടുക്കാൻ ഓരോ പോലീസ് സേനയെയും പ്രാപ്തമാക്കുന്ന വിധത്തിൽ, സംസ്ഥാന തലത്തിൽ പോലീസ് സേനയെ അംഗീകരിക്കുന്നതിനുള്ള വ്യവസ്ഥ നിർദ്ദിഷ്ട ദേശീയ കായിക ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കായിക മേഖലയോടുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ കായിക ബജറ്റ് അഞ്ച് മടങ്ങ് വർദ്ധിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ധാരാളം പുതിയ കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ടോപ്സ് (ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം) പ്രകാരം, 2036 ലെ ഒളിമ്പിക് ഗെയിംസിന് വേണ്ടി തയ്യാറെടുക്കുന്നതിനായി ഏകദേശം 3,000 കായികതാരങ്ങൾക്ക് പ്രതിമാസം 50,000 രൂപ സ്റ്റൈപ്പന്റ് നൽകുന്നു. അത് ലറ്റുകളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ ഫിറ്റ് ഇന്ത്യ പ്രസ്ഥാനം ഗുണകരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.ഇത് ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ നേടിയ മെഡലുകളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനയ്ക്ക് കാരണമായി.

2036 ഒളിമ്പിക്സിൽ ഇന്ത്യ മെഡൽ നേട്ട പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിലൊന്നായി ഉണ്ടാകുമെന്ന് ശ്രീ അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. മോദി ഗവൺമെന്റ് എല്ലാ ഗ്രാമങ്ങളിലേക്കും കായിക വിനോദങ്ങൾ എത്തിക്കുന്നുണ്ടെന്നും എല്ലാ കായിക ഇനങ്ങളിലും കുട്ടികളെ ശാസ്ത്രീയമായി തെരഞ്ഞെടുക്കുകയും അവർക്ക് പരിശീലനം നൽകുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് കായിക വിനോദങ്ങൾക്കായി ശുഭകരമായ ഒരു അന്തരീക്ഷം വികസിച്ചു വരുന്നതായി ശ്രീ ഷാ കൂട്ടിച്ചേർത്തു.
****
(Release ID: 2145936)