നൈപുണ്യ വികസന, സംരംഭക
മന്ത്രാലയം
നിലമ്പൂരിലെ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി ശ്രീ ജയന്ത് ചൗധരി, എഐ, മെഡിക്കൽ കോഡിംഗ്, ഡിജിറ്റൽ, സാമ്പത്തിക സാക്ഷരത എന്നിവയുമായി ബന്ധപ്പെട്ട പുതുതലമുറ കോഴ്സുകൾക്ക് തുടക്കമിട്ടു
Posted On:
17 JUL 2025 11:20PM by PIB Thiruvananthpuram
ഇന്ത്യാ ഗവണ്മെന്റിന്റെ നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിന് (MSDE) കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം ജൻ ശിക്ഷൺ സൻസ്ഥാൻ (JSS), കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ (സ്വതന്ത്ര ചുമതല), വിദ്യാഭ്യാസ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രി ശ്രീ ജയന്ത് ചൗധരിയുടെ സാന്നിധ്യത്തിൽ ഊർജ്ജസ്വലമായ ഗുണഭോക്തൃ സംഗമവും പ്രദർശനവും സംഘടിപ്പിച്ച് അതിന്റെ പത്താം വാർഷികം ആഘോഷിച്ചു. നൂതനവും ഉപജീവനമാർഗ്ഗ കേന്ദ്രീകൃതവുമായ പരിശീലന പരിപാടികളിലൂടെ 50,000-ത്തിലധികം വ്യക്തികൾക്ക് പ്രയോജനപ്രദവും, സമഗ്രവും അടിസ്ഥാനതലത്തിലുള്ളതുമായ നൈപുണ്യങ്ങൾ പകർന്നു നല്കിയതിന്റെയും സാമൂഹിക പരിവർത്തനത്തിന്റെയും ഒരു ദശാബ്ദമാണ് പരിപാടിയിലൂടെ ആഘോഷിക്കപ്പെട്ടത്.
ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ ശ്രീ ജയന്ത് ചൗധരി ജെഎസ്എസ് മലപ്പുറത്തിന്റെ ഉദ്യമങ്ങളെ പ്രകീർത്തിക്കുകയും സമൂഹം മുന്നിൽ നിന്ന് നയിക്കുന്ന ശാക്തീകരണത്തിന്റെ ദീപസ്തംഭമാണിതെന്ന് പ്രശംസിക്കുകയും ചെയ്തു. "ചെറുകിട, അതിസൂക്ഷ്മ, സൂക്ഷ്മ, ഗ്രാമീണ സംരംഭങ്ങളെയാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ പ്രേരകശക്തിയായി നമ്മുടെ പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നത്. രാജ്യത്തിന്റെ അതിവിദൂര കോണുകളിലെ കരകൗശല വിദഗ്ധരെയും സാമൂഹിക വിഭാഗങ്ങളെയും നാം ശാക്തീകരിക്കുന്ന രീതികളിൽ ഈ ദർശനത്തിന്റെ പരിവർത്തനാത്മക സ്വാധീനം പ്രകടമാണ്. ജൻ ശിക്ഷൺ സൻസ്ഥാൻ മുന്നോട്ടു വയ്ക്കുന്ന കാതലായ ആശയം അടിസ്ഥാന യാഥാർത്ഥ്യങ്ങളെ അഭിസംബോധന ചെയ്യുകയും പ്രാദേശിക സമൂഹങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുക എന്നതാണ്."

"ഈ സമീപനത്തിന്റെ തിളക്കമാർന്ന ഉദാഹരണമായി ജെ.എസ്.എസ് മലപ്പുറം നിലകൊള്ളുന്നു. ഗോത്ര ഗ്രാമങ്ങളിലേക്ക് എത്തിച്ചേരുന്നതിലും ഭിന്നശേഷിയുള്ള പൗരന്മാരെ പിന്തുണയ്ക്കുന്നതിലും, അന്തസ്സ്, സർവ്വാശ്ലേഷിത്വം, സുസ്ഥിരത എന്നീ ഗുണങ്ങൾ പ്രകടമാക്കുന്നു. ഇവ കേവലം നൈപുണ്യ കേന്ദ്രങ്ങളല്ല - മറിച്ച് പ്രതീക്ഷയുടെ കേന്ദ്രങ്ങളാണ്. 2047-ൽ വികസിത ഭാരതമെന്ന ലക്ഷ്യവുമായി നാം മുന്നേറുമ്പോൾ, ജെ.എസ്.എസ് മലപ്പുറം പോലുള്ള മാതൃകകൾ സമൂഹം മുന്നിൽ നിന്ന് നയിക്കുന്ന പരിവർത്തനത്തിന്റെ യഥാർത്ഥ ശക്തി നമുക്ക് അനുഭവവേദ്യമാക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
2006-ൽ സ്ഥാപിതമായതുമുതൽ, ജെ.എസ്.എസ് മലപ്പുറം പ്രാദേശിക ആവശ്യകതകൾക്കനുസൃതമായ സംരംഭങ്ങൾക്ക് തുടക്കമിട്ടു. വിദ്യ (VIDYA) സംരംഭം ഗോത്ര ജനവിഭാഗങ്ങൾക്കിടയിൽ സാക്ഷരത മെച്ചപ്പെടുത്തുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ടാക്കിങ് പെൻ അവതരിപ്പിച്ചു. ഭക്ഷ്യ സംസ്ക്കരണ പരിശീലനവും കണ്ണട, ഫ്ലാഷ്ലൈറ്റ് വിതരണം പോലുള്ള ആരോഗ്യ പിന്തുണയും ഇതോടൊപ്പം നൽകി. ഉല്ലാസം (ULLASAM) - ജോബ് വിത്ത് പ്ലഷർ, അഞ്ച് ദിവസത്തെ ജോലിയും യോഗയ്ക്കും ക്ഷേമത്തിനുമായി ഒരു പ്രത്യേക ദിവസവും സമന്വയിപ്പിക്കുന്നതിലൂടെ, വിധവകൾ, 40 വയസ്സിനു മുകളിലുള്ള അവിവാഹിതരായ വനിതകൾ, വിവാഹമോചിതർ എന്നിവർക്ക് അർത്ഥവത്തായ തൊഴിലും വൈകാരിക പിന്തുണയും ഉറപ്പാക്കുന്നു. ഭിന്നശേഷി വ്യക്തികൾക്കായുള്ള പരിശീലന, സംരംഭകത്വ പരിപാടിയായ സ്പർശം (SPARSH), ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള വിപണി ബന്ധങ്ങൾ പ്രയോജനപ്പെടുത്തുന്ന ഒരു സ്വയം പര്യാപ്ത-ഉത്പാദന യൂണിറ്റ് രൂപീകരിക്കുന്നതിലേക്ക് നയിച്ചു.
ജെഎസ്എസ് മലപ്പുറത്തിന്റെ ശക്തി അതിന്റെ സംയോജിത മാതൃകയിലാണ്. ശാശ്വതമായ സ്വാധീനം സൃഷ്ടിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സിഎസ്ആർ പങ്കാളികൾ, നബാർഡ്, അക്കാദമിക സ്ഥാപനങ്ങൾ, സിവിൽ സമൂഹം എന്നിവരുമായി അടുത്ത സഹകരണത്തിൽ പ്രവർത്തിക്കുന്നു. DDUGKY, NULM, PMKVY, നയി മൻസിൽ, നയി റോഷ്‌നി തുടങ്ങിയ നിരവധി ദേശീയ സംരംഭങ്ങളുടെ പ്രധാന പരിശീലന പങ്കാളിയായി ഈ സ്ഥാപനം പ്രവർത്തിക്കുന്നു. 2021 മുതൽ, നബാർഡ് കേരളയുമായി സഹകരിച്ച് ഒരു സംയോജിത ഗോത്ര വികസന പരിപാടി നടപ്പിലാക്കിവരുന്നു. 400 കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനം ചെയ്യുന്നു. വരും വർഷത്തിൽ ഒരു സംയോജിത തീരദേശ വികസന പരിപാടി ആരംഭിക്കുന്നതിലൂടെ ഈ മാതൃക വികസിപ്പിക്കാനും പദ്ധതിയിടുന്നു.
പ്രസ്തുത കേന്ദ്രത്തിന്റെ ശ്രദ്ധേയമായ പ്രയാണം ദേശീയ, അന്തർദേശീയ തലങ്ങളിൽ അംഗീകരിക്കപ്പെട്ടു. 2014-ൽ രാഷ്ട്രപതിയുടെ സാക്ഷര ഭാരത് പുരസ്‌ക്കാരവും, 2016-ൽ യുനെസ്കോയുടെ കൺഫ്യൂഷ്യസ് സാക്ഷരതാ സമ്മാനവും, 2017-ൽ ടാഗോർ സാക്ഷരതാ പുരസ്‌ക്കാരവും ഇതിന് ലഭിച്ചു. 2021–22ലെ മന്ത്രാലയത്തിന്റെ ഗ്രേഡിംഗിൽ, ജെഎസ്എസ് മലപ്പുറം 98% സ്കോർ നേടി, ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന സ്കോറുകളിൽ ഒന്നാണ്. സ്‌കിൽ ഇന്ത്യ ഡിജിറ്റൽ ഹബ്ബിന്റെ (SIDH) പൂർണ്ണ പങ്കാളിത്തത്തോടെ, ഗ്രാമീണ നൈപുണ്യ വികസനത്തിൽ ഡിജിറ്റൽ സംയോജനത്തിനും സുതാര്യതയ്ക്കും സ്ഥാപനം നേതൃത്വം നൽകുന്നു, ഇതിൽ തത്സമയ നിരീക്ഷണവും ആധാർ അധിഷ്ഠിത ഹാജർ സംവിധാനങ്ങളും ഉൾപ്പെടുന്നു.
ജെഎസ്എസ് ഗുണഭോക്താക്കൾക്ക് 1,800 സർട്ടിഫിക്കറ്റുകളും പിഎം വിശ്വകർമ പദ്ധതി പ്രകാരം പരിശീലനം നേടിയവർക്ക് 300 സർട്ടിഫിക്കറ്റുകളും ആഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്തു. ഡിജിറ്റൽ അന്തരം നികത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയപ്പെന്ന നിലയിൽ, നാസ്കോമുമായി സഹകരിച്ച് ഗ്രാമീണ ഗുണഭോക്താക്കൾക്കായി AI സാക്ഷരതാ മൊഡ്യൂളുകൾ ആരംഭിച്ചതും ഈ പരിപാടിയുടെ പ്രത്യേകതയായിരുന്നു.
നേരത്തെ, നിലമ്പൂരിലെ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ, പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമത്തിന് (PMJVK) കീഴിൽ, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം സ്ഥാപിച്ച നൈപുണ്യ വികസന കേന്ദ്രം ശ്രീ ചൗധരി ഉദ്ഘാടനം ചെയ്തു. MSDE ലഭ്യമാക്കുന്ന AI, മെഡിക്കൽ കോഡിംഗ്, ഡിജിറ്റൽ, സാമ്പത്തിക സാക്ഷരത എന്നിവയുൾപ്പെടെ പുതുതലമുറ കോഴ്‌സുകൾക്കും ബഹുമാനപ്പെട്ട മന്ത്രി തുടക്കം കുറിച്ചു.
₹7.92 കോടി ചെലവിൽ വികസിപ്പിച്ച ഈ കേന്ദ്രം, ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളിലെ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിനായി ലോകോത്തര പരിശീലന അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന അത്യാധുനിക സൗകര്യമാണ്.
സമർപ്പിത ലബോറട്ടറികൾ, സെമിനാർ ഹാളുകൾ, ഇന്നൊവേഷൻ ഹബ്ബുകൾ എന്നിവയടങ്ങുന്ന ഈ കേന്ദ്രം, പ്രാദേശിക അസമത്വങ്ങൾ പരിഹരിക്കുന്നതിനും യുവാക്കളെ - പ്രത്യേകിച്ച് വനിതകളെയും പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങളെയും - ആധുനിക തൊഴിൽ ശക്തികളിൽ അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ നൈപുണ്യങ്ങളാൽ സജ്ജരാക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു. സമഗ്ര വികസനം, 2047-ൽ വികസിത് ഭാരത് ദർശനം എന്നിവ സമന്വയിപ്പിക്കുന്ന, വിദ്യാഭ്യാസത്തിന്റെയും തൊഴിലവസരങ്ങളുടെയും പരസ്പരപൂരക മാതൃകയാണ് ഈ സംരംഭമെന്ന് മന്ത്രി പ്രശംസിച്ചു.
**************
(Release ID: 2145720)
Visitor Counter : 4