ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

ജപ്പാനിൽ വ്യാവസായിക ബന്ധങ്ങൾക്കു കരുത്തു പകർന്ന് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ് ; ടോക്കിയോയിൽ ‘ഇന്ത്യ ട്രെൻഡ് ഫെയർ 2025’ ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 16 JUL 2025 3:32PM by PIB Thiruvananthpuram
ജപ്പാൻ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ 2025 ജൂലൈ 15 ന്, കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി  ശ്രീ ഗിരിരാജ് സിംഗ്   ജപ്പാനിലെ പ്രമുഖ കമ്പനികളുമായി ഉന്നതതല യോഗങ്ങൾ നടത്തി. ടോക്കിയോയിൽ 16-ാമത് ‘ഇന്ത്യ ട്രെൻഡ് ഫെയർ 2025’ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ടെക്സ്റ്റൈൽ കയറ്റുമതിക്കാർക്കു ജപ്പാനിലെ കമ്പനികളുമായി നേരിട്ടു ബന്ധപ്പെടുന്നതിനുള്ള ഏറ്റവും വലിയ വേദികളിൽ ഒന്നാണിത്. ഇതിലൂടെ ഉഭയകക്ഷി ടെക്സ്റ്റൈൽ വ്യാപാരം കൂടുതൽ ആഴത്തിലാകുമെന്നും പ്രതീക്ഷിക്കുന്നു.

സിപ്പറുകളുടെയും ഫാസ്റ്റനിങ് ഉൽപ്പന്നങ്ങളുടെയും ലോകത്തിലെ ഏറ്റവും വലിയ നിർമാതാക്കളായ YKK കോർപ്പറേഷൻ (
YKK Corporation) നേതൃത്വവുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ഹരിയാനയിൽ ഇതിനകം പ്രവർത്തിക്കുന്ന YKK-യെ മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. പിഎം മിത്ര പാർക്കുകളിൽ നിക്ഷേപിക്കാൻ മന്ത്രി അവരെ ക്ഷണിക്കുകയും ഇതിനു വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു.

വർക്ക്‌വെയർ-ഫങ്ഷണൽ വസ്ത്രമേഖലയിലെ മുൻനിര കമ്പനിയായ വർക്ക്മാൻ (Workman Co)
കമ്പനിയുടെ അധ്യക്ഷനുമായുള്ള സുപ്രധാന കൂടിക്കാഴ്ചയിൽ, ഇന്ത്യയുടെ വളർന്നുവരുന്ന ഉൽപ്പാദന ആവാസവ്യവസ്ഥ മന്ത്രി എടുത്തുകാട്ടി. ഇന്ത്യയിൽ പിഎം മിത്ര ചട്ടക്കൂടിനു കീഴിൽ നിർമാണയൂണിറ്റുകൾ സ്ഥാപിക്കുന്നതിൽ വർക്ക്മാൻ ശക്തമായ താൽപ്പര്യം പ്രകടിപ്പിച്ചു.

ഡിജിറ്റൽ-വ്യാവസായിക അച്ചടിയിലെ ആഗോള കമ്പനിയായ കോണിക്ക മിനോൾട്ടയുമായും (Konica Minolta)  മന്ത്രി ചർച്ച നടത്തി. ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ESG, സുസ്ഥിരതാ ലക്ഷ്യങ്ങൾ എന്നിവയ്ക്ക് സംഭാവനയേകാനും അദ്ദേഹം അവരെ ക്ഷണിച്ചു. ഇന്ത്യയിൽ വ്യവസായം വികസിപ്പിക്കാനുള്ള അവസരം കമ്പനി സ്വാഗതം ചെയ്തു.

കൂടാതെ, ഫൈബർ, വ്യാവസായിക സാമഗ്രികൾ, പ്രത്യേക തുണിത്തരങ്ങൾ എന്നീ  മേഖലകളിൽ 20  ബില്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള അസാഹി കസി കോർപ്പറേഷന്റെ (Asahi Kasei Corporation) നേതൃത്വവുമായി  ശ്രീ ഗിരിരാജ് സിംഗ്   കൂടിക്കാഴ്ച നടത്തി. ‘മേക്ക് ഇൻ ഇന്ത്യ ഫോർ ദി വേൾഡ്’ സംരംഭത്തിനുകീഴിൽ നിക്ഷേപത്തിനു കമ്പനി താൽപ്പര്യം പ്രകടിപ്പിച്ചു.

ടെക്സ്റ്റൈൽ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഇന്ത്യ-ജപ്പാൻ പങ്കാളിത്തം ആഘോഷിക്കുന്നതിനായി ടോക്കിയോയിലെ ഇന്ത്യൻ എംബസിയിൽ നടന്ന റോഡ്ഷോ, വ്യാവസായിക ആശയവിനിമയം എന്നിവയോടെയാണ് ഈ ദിവസത്തെ പരിപാടികൾ അവസാനിപ്പിച്ചത്. അംബാസഡർ ശ്രീ സിബി ജോർജും ടെക്സ്റ്റൈൽസ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ നൂറിലധികം വ്യവസായ പ്രമുഖരും ഭാഗമായി. ആഗോള ടെക്സ്റ്റൈൽ ഹബ് എന്ന നിലയിൽ ഇന്ത്യയുടെ ശക്തി 
 ശ്രീ ഗിരിരാജ് സിംഗ്    ഉയർത്തിക്കാട്ടുകയും ഇന്ത്യയുടെ ടെക്സ്റ്റൈൽ വളർച്ചാഗാഥയിൽ പങ്കാളികളാകാൻ ജപ്പാനിലെ കമ്പനികളെ ക്ഷണിക്കുകയും ചെയ്തു.
 
SKY
 
********

(रिलीज़ आईडी: 2145271) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , हिन्दी , Punjabi , Gujarati , Tamil