വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ഇന്ത്യ പോസ്റ്റ് ബിസിനസ് മീറ്റ് 2025–26 ൽ അടിസ്ഥാന തല വികസനത്തിനായുള്ള വീക്ഷണം മുന്നോട്ടു വച്ച് കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ

Posted On: 15 JUL 2025 6:21PM by PIB Thiruvananthpuram
തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക ബിസിനസ് മീറ്റ് 2025–26, കേന്ദ്ര വാർത്താവിനിമയ,വടക്കുകിഴക്കൻ മേഖല വികസന ( DoNER)  മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യയുടെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ സംഘടിപ്പിച്ചു. ഇന്ത്യ പോസ്റ്റിന്റെ ബിസിനസ് പരിവർത്തനത്തിനായുള്ള രൂപരേഖ സംബന്ധിച്ചും, പ്രീമിയം ലോജിസ്റ്റിക്സും പൗര കേന്ദ്രീകൃത സേവന ദാതാവും എന്ന നിലയിലുള്ള അതിന്റെ പരിണാമാത്മക പങ്കിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി രാജ്യത്തുടനീളമുള്ള സർക്കിൾ മേധാവിമാർ ഈ തന്ത്രപരമായ ഒത്തുചേരലിൽ പങ്കാളികളായി.  

ഊഷ്മളവും ഉൾക്കാഴ്ച പകരുന്നതുമായ പ്രസംഗത്തോടെ സെക്രട്ടറി (പോസ്റ്റ്) ശ്രീമതി വന്ദിത കൗൾ പരിപാടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷത്തെ വകുപ്പിന്റെ സുപ്രധാന നേട്ടങ്ങൾ അവർ ഉയർത്തിക്കാട്ടി. നൂതനാശയയുക്തവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, സേവനാധിഷ്ഠിതവും, ആധുനികവുമായ സ്ഥാപനമെന്ന നിലയിലേക്കുള്ള ഇന്ത്യാ പോസ്റ്റിന്റെ തുടർ പരിണാമം ഉൾപ്പെടെ ഭാവി ലക്ഷ്യമിട്ടുള്ള തന്ത്രപരമായ മുൻഗണനകൾ അവർ ഊന്നിപ്പറഞ്ഞു.

ആന്തരിക ആശയവിനിമയവും വിജ്ഞാന കൈമാറ്റവും മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പെന്ന നിലയിൽ, ശ്രീ സിന്ധ്യ ഡാക് സംവാദ് എന്ന പുതിയ പ്രതിമാസ ഇ-വാർത്താക്കുറിപ്പിന്  തുടക്കം കുറിച്ചു. പരിവർത്തനത്തിന്റെ കഥകൾ, ഇന്ത്യാ പോസ്റ്റ് ജീവനക്കാർ സാധ്യമാക്കുന്ന നിശബ്ദ വിപ്ലവം, അവർ സേവിക്കുന്ന പൗരന്മാരുടെ അചഞ്ചലമായ വിശ്വാസം എന്നിവ വെളിച്ചത്തു കൊണ്ടുവരാനുതകുന്ന നൂതനാശയങ്ങൾ, ബിസിനസ്സ് ഉൾക്കാഴ്ചകൾ, പ്രവർത്തന മണ്ഡലത്തിലെ വിജയഗാഥകൾ എന്നിവ ഈ പ്ലാറ്റ്‌ഫോമിലൂടെ പ്രദർശിപ്പിക്കും. വിശാലമായ ഇന്ത്യാ പോസ്റ്റ് ശൃംഖലകളിലെമ്പാടുമുള്ള പങ്കാളികളെ പ്രചോദിപ്പിക്കുക, ഉദ്ബോധിപ്പിക്കുക, ബന്ധിപ്പിക്കുക എന്നിവയാണ് ഡാക് സംവാദിലൂടെ ലക്ഷ്യമിടുന്നത്.

കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യയും സെക്രട്ടറി (പോസ്റ്റ്) ശ്രീമതി വന്ദിത കൗളും ചേർന്ന് പ്രതിമാസ ഇ-വാർത്താക്കുറിപ്പ് പുറത്തിറക്കി.

യോഗത്തിൽ, എല്ലാ സർക്കിൾ മേധാവിമാരും അവരവരുടെ ബിസിനസ് പ്രകടനങ്ങൾ, പ്രാദേശിക സംരംഭങ്ങൾ, വെല്ലുവിളികൾ, വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ എന്നിവ അവതരിപ്പിച്ചു. ദേശീയ മുൻഗണനകൾക്ക് അനുപൂരകവും, ലോജിസ്റ്റിക്സ്, ബാങ്കിംഗ്, ഇ-കൊമേഴ്‌സ്, പൊതു സേവന വിതരണം എന്നിവയിൽ ഇന്ത്യാ പോസ്റ്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള ഊർജ്ജസ്വലവും അടിസ്ഥാനപരവുമായ ഉദ്യമങ്ങൾ ഈ അവതരണങ്ങളിലൂടെ വിശദീകരിച്ചു.

ശ്രീ സിന്ധ്യ പ്രതിനിധികളുമായി ആഴത്തിലുള്ള ആശയവിനിമയം നടത്തി. ഓരോ പ്രദേശത്തിന്റെയും വികസന സാധ്യതകൾ, തടസ്സങ്ങൾ, അഭിലാഷങ്ങൾ എന്നിവ ശ്രദ്ധയോടെ കേട്ടു. തന്റെ പ്രസംഗത്തിൽ, ഗ്രാമ-നഗര അന്തരം പരിഹരിക്കുന്നതിനും ശക്തമായ ലോജിസ്റ്റിക്സ്, സാമ്പത്തിക ശാക്തീകരണം, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവയിലൂടെ സർവ്വാശ്ലേഷിയായ വളർച്ച ത്വരിതപ്പെടുത്തുന്നതിലും ഇന്ത്യാ പോസ്റ്റിന്റെ നിർണ്ണായക പങ്ക് അദ്ദേഹം ആവർത്തിച്ചു.

“ഇന്ത്യാ പോസ്റ്റ് കേവലമൊരു സേവനമല്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ വിദൂര കോണുകളെ ബന്ധിപ്പിക്കുന്ന ജീവനാഡിയാണ്. രാജ്യത്തിന്റെ സമസ്ത കോണുകളിലെയും ഊർജ്ജം, പ്രതിബദ്ധത, ആശയങ്ങൾ എന്നിവ അനുഭവവേദ്യമാകുന്നതിൽ അഭിമാനമുണ്ട്,” ശ്രീ സിന്ധ്യ പറഞ്ഞു.

ഇന്ത്യാ പോസ്റ്റിന്റെ മുന്നേറ്റത്തെ അഭിനന്ദിക്കവേ, പ്രകടന മാനദണ്ഡങ്ങൾ, നൂതനാശയങ്ങൾ, ഉത്തരവാദിത്തം എന്നിവയ്ക്ക് മുൻഗണന നൽകുന്ന കോർപ്പറേറ്റ് ശൈലിയിലുള്ള ഘടന സ്വീകരിച്ചതിന് മന്ത്രി സ്ഥാപനത്തെ പ്രശംസിച്ചു. പൊതു സേവന ദൗത്യം ഉയർത്തിപ്പിടിക്കുന്നതിനൊപ്പം ലോജിസ്റ്റിക്സിലും സാമ്പത്തിക സേവനങ്ങളിലും ശക്തമായ മത്സരം കാഴ്ച്ച വയ്ക്കാൻ ഇന്ത്യാ പോസ്റ്റിനെ പ്രാപ്തമാക്കുന്നതിന് വൈദഗ്ദ്ധ്യ പൂർണ്ണവും സേവനാധിഷ്ഠിതവുമായ സംസ്‌ക്കാരം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

കൂടാതെ, 2025–26 സാമ്പത്തിക വർഷത്തിൽ വിവിധ സർക്കിളുകൾക്കായി 20% മുതൽ 30% വരെ വളർച്ചാ ലക്ഷ്യം ബഹുമാനപ്പെട്ട മന്ത്രി നിശ്ചയിച്ചു. നിർദ്ദിഷ്ട മേഖലകളിലെ അവരുടെ സാധ്യതകൾക്ക് അനുസൃതമായാണ് വളർച്ചാ ലക്ഷ്യം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സാമൂഹിക ഉത്തരവാദിത്തത്തിൽ വിട്ടുവീഴ്ച ചെയ്യാതെ,  ഇന്ത്യാ പോസ്റ്റിനെ ഭാരത സർക്കാരിന്റ സുസ്ഥിര ലാഭ കേന്ദ്രമാക്കി പരിവർത്തനം ചെയ്യുക എന്ന വിശാല ദൗത്യത്തിന്റെ ഭാഗമായാണ് ഈ ലക്ഷ്യങ്ങൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനം, പ്രക്രിയകളുടെ ലളിതവത്ക്കരണം, കാര്യക്ഷമത വർദ്ധിപ്പിക്കൽ, ഡിജിറ്റൽ സ്വീകാര്യത എന്നിവയിലും ഇന്ത്യാ പോസ്റ്റിനെ ഭാവി സജ്ജമായ, ആദ്യാവസാന ലോജിസ്റ്റിക്സ്, സേവന ശക്തികേന്ദ്രമായി സ്ഥാപിക്കുന്നതിലും ആവശ്യമായ  ഘടകങ്ങളിലെല്ലാം ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.

ബിസിനസ്സ് വളർച്ചയെ മുന്നോട്ട് നയിക്കുക, സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുക, സ്ഥാപനങ്ങളിലുടനീളം സേവനം, നവീകരണം, മികവ് എന്നിവയുടെ സംസ്‌ക്കാരം വളർത്തിയെടുക്കുക എന്നീ സംയുക്ത ദൃഢനിശ്ചയത്തോടെയാണ് വാർഷിക ബിസിനസ് മീറ്റ് അവസാനിച്ചത്.
 
SKY
 
*****

(Release ID: 2145080) Visitor Counter : 2