വാണിജ്യ വ്യവസായ മന്ത്രാലയം
ദേശീയ സ്റ്റാർട്ടപ്പ് പുരസ്ക്കാരത്തിന്റെ അഞ്ചാം പതിപ്പിന് അപേക്ഷകൾ ക്ഷണിച്ചു
നൂതനാശയങ്ങൾ, സ്വാധീനവും ഗുണഫലങ്ങളും, സമഗ്ര വികസനം എന്നീ മേഖലകളിൽ നേതൃപരമായ പങ്ക് വഹിക്കുന്ന ഇന്ത്യയിലുടനീളമുള്ള സ്റ്റാർട്ടപ്പുകളെ ആദരിക്കുന്നതിനാണ് പുരസ്‌ക്കാരങ്ങൾ
Posted On:
14 JUL 2025 6:22PM by PIB Thiruvananthpuram
സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയ്ക്ക് കീഴിലുള്ള സുപ്രധാന സംരംഭമായ ദേശീയ സ്റ്റാർട്ടപ്പ് പുരസ്ക്കാരത്തിന്റെ (National Startup Awards -NSA) അഞ്ചാം പതിപ്പിനുള്ള അപേക്ഷകൾ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) ക്ഷണിച്ചു.
ആത്മനിർഭര ഭാരതം എന്ന സർക്കാരിന്റെ ദർശനത്തിനും അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിനും അനുസൃതമായി, സ്റ്റാർട്ടപ്പ് പദവി, നികുതി ഇളവുകൾ, നിയന്ത്രണ സൗകര്യം, ധനസഹായ ലഭ്യത, കാര്യക്ഷമത വർദ്ധിപ്പിക്കൽ തുടങ്ങിയ വിവിധ സംരംഭങ്ങളിലൂടെ സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നു.
ഉന്നത സ്വാധീനമുളവാക്കുന്ന സംരംഭങ്ങളെ പ്രകീർത്തിക്കുന്നതിനും അവയെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നതിനുമായി, 2019 ലാണ് DPIIT ദേശീയ സ്റ്റാർട്ടപ്പ് പുരസ്ക്കാരങ്ങൾക്ക് (National Startup Awards -NSA) തുടക്കമിട്ടത്. വാണിജ്യ വിജയത്തിലുപരി, സാമൂഹിക സ്വാധീനം, സുസ്ഥിരത, വൈപുല്യം എന്നിവ
യും പുരസ്ക്കാരത്തിലൂടെ അംഗീകരിക്കപ്പെടുന്നു. ഏറ്റവും പുതിയ പതിപ്പിനായി 2,300-ലധികം അപേക്ഷകൾ ലഭിച്ചു. ഇത് സംരംഭത്തിന്റെ ആഴവും പരപ്പും ജനപ്രീതിയും പ്രതിഫലിപ്പിക്കുന്നു.
യോഗ്യതാ പരിശോധന, മേഖലാ ഷോർട്ട്‌ലിസ്റ്റിംഗ് എന്നിവയ്‌ക്കൊപ്പം വ്യവസായ പ്രമുഖർ, നിക്ഷേപകർ, വിദ്യാഭ്യസ വിചക്ഷണന്മാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ വിദഗ്ദ്ധ പാനലുകളുടെ വിലയിരുത്തൽ ഉൾപ്പെടെയുള്ള കർശനമായ ബഹുമുഖ പ്രക്രിയയിലൂടെയാണ് ദേശീയ സ്റ്റാർട്ടപ്പ് പുരസ്ക്കാരങ്ങൾക്ക് അപേക്ഷിക്കുന്ന സ്റ്റാർട്ടപ്പുകൾ വിലയിരുത്തപ്പെടുന്നത്. വിജയികൾ, ദേശീയ മുൻഗണനകളും മേഖലാ വൈവിധ്യവും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സജീവ പങ്കാളിത്തത്തോടെ, DPIIT ആണ് പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്.
കൃഷി, ശുദ്ധമായ ഊർജ്ജം, ഫിൻടെക്, ബഹിരാകാശം, ആരോഗ്യം, വിദ്യാഭ്യാസം, സൈബർ സുരക്ഷ, പ്രവേശനക്ഷമത എന്നിവയുൾപ്പെടെ വിവിധ മേഖലകൾ ദേശീയ സ്റ്റാർട്ടപ്പ് പുരസ്ക്കാരത്തിനായി പരിഗണിക്കപ്പെടുന്ന മേഖലകളാണ്. ഉയർന്നു വരുന്ന വെല്ലുവിളികളും അവസരങ്ങളും അടിസ്ഥാനമാക്കി ഓരോ പതിപ്പിലും പുതിയ വിഭാഗങ്ങൾ അവതരിപ്പിക്കുന്നു.
ക്യാഷ് പ്രൈസിനുപരിയായി, ദേശീയ വിശ്വാസ്യതയുടെ പ്രതീകമായി ദേശീയ സ്റ്റാർട്ടപ്പ് പുരസ്ക്കാരം വർത്തിക്കുന്നു. പങ്കാളിത്തങ്ങൾ, നിക്ഷേപങ്ങൾ, നയ പിന്തുണ, ആഗോള ദൃശ്യപരത, മെന്ററിംഗ് അവസരങ്ങൾ എന്നിവയിലേക്ക് വിജയികൾക്ക് സുഗമമായ പ്രവേശനം ലഭിക്കുന്നു. മുൻകാല വിജയികളിൽ നയരൂപീകരണത്തെ സ്വാധീനിക്കുകയും, പ്രധാന ഗ്രാന്റുകൾക്ക് അർഹമാവുകയും, അന്താരാഷ്ട്രതലത്തിൽ സാന്നിധ്യം വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇനിപ്പറയുന്നവ ഉദാഹരണങ്ങളാണ്:
ഇന്നോമേഷൻ മെഡിക്കൽ ഉപകരണങ്ങൾ:
വോയ്‌സ് പ്രോസ്റ്റസിസിലെ നൂതനാശയത്തിന് അംഗീകാരം ലഭിച്ചു. പിന്നീട് ടാറ്റ സോഷ്യൽ എന്റർപ്രൈസ് ചലഞ്ചിലും അന്താരാഷ്ട്ര വേദികളിലും സാന്നിധ്യമറിയിച്ചു.
മൈക്കോബ്:
'പ്രസിഡന്റ് വിത്ത് സ്റ്റാർട്ടപ്പ്സ്' സംരംഭത്തിലേക്ക് ക്ഷണിക്കപ്പെടുകയും iDEX മുഖേന പ്രതിരോധ ഓർഡറുകൾ നേടുകയും ചെയ്തു.
ബ്ലാക്ക്ഫ്രോഗ് ടെക്നോളജീസ്:
ലോകാരോഗ്യ സംഘടനയുടെ പ്രീക്വാളിഫൈഡ് വാക്സിൻ കാരിയർ, ബ്ലാക്ക്ഫ്രോഗ് ടെക്നോളജീസിന്റെ ഉത്പന്നമായ എംവോളിയോ ഇപ്പോൾ 16 ഇന്ത്യൻ സംസ്ഥാനങ്ങളിലും കെനിയ, നൈജീരിയ, ഫിജി തുടങ്ങിയ രാജ്യങ്ങളിലും ഉപയോഗിക്കുന്നു.
ദേശീയ സ്റ്റാർട്ടപ്പ് പുരസ്‌ക്കാരങ്ങൾ 2025 നൂതനാശയ മേഖലയിലെ ഇന്ത്യയുടെ പ്രയാണത്തിൽ, സുപ്രധാന സ്തംഭമായി നിലകൊള്ളുന്നു. പരിവർത്തനത്തിന്റെ സ്രഷ്ടാക്കളെ അംഗീകരിക്കുകയും ധീരവും സർവ്വാശ്ലേഷിയും സ്വാശ്രയവുമായ വികസിത ഭാരതം രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
അപേക്ഷകൾ https://rb.gy/3bg0yf എന്ന ലിങ്കിൽ ഇപ്പോൾ ലഭ്യമാണ്:
2016 ൽ ആരംഭിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി, ഇന്ത്യയുടെ സംരംഭകത്വ ഭൂമികയെ മാറ്റിമറിച്ചു. നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവജനങ്ങൾ, വനിതകൾ, വിദ്യാർത്ഥികൾ, രണ്ടാംനിര മൂന്നാംനിര (ടയർ 2, ടയർ 3) നഗരങ്ങളിലെ പൗരന്മാർ എന്നിവരെ ശാക്തീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ജില്ലകളെയും പ്രതിനിധീകരിക്കുന്നതും കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഊർജ്ജം, ഡീപ് ടെക് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ വ്യാപിച്ചുകിടക്കുന്നതുമായ 1.75 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളെ DPIIT ഇതിനോടകം ആദരിച്ചിട്ടുണ്ട്.
SKY
*****
(Release ID: 2144749)
|