രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഭുവനേശ്വർ എയിംസിന്റെ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു

Posted On: 14 JUL 2025 8:22PM by PIB Thiruvananthpuram
ഇന്ന് (ജൂലൈ 14, 2025) ഒഡിഷയിലെ ഭുവനേശ്വറിൽ നടന്ന എയിംസിന്റെ അഞ്ചാമത് ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.
 
കഴിഞ്ഞ 12 വർഷത്തിനിടയിൽ ഭുവനേശ്വർ എയിംസ് ഗണ്യമായ വളർച്ച കൈവരിച്ചതിൽ രാഷ്ട്രപതി സന്തോഷം രേഖപ്പെടുത്തി. രോഗി പരിചരണം, മെഡിക്കൽ ഗവേഷണം, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി അംഗീകാരങ്ങൾ നേടിയ ഈ സ്ഥാപനം പ്രവർത്തന മികവിലൂടെ ഒഡിഷയിലെയും പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയതായി അവർ പറഞ്ഞു.
ശസ്ത്രക്രിയാ ഉപകരണങ്ങളിലും ഇംപ്ലാന്റ് റീപ്രോസസ്സിംഗിലും ഉയർന്ന നിലവാരം പുലർത്തുന്നതിൽ ഭുവനേശ്വറിലെ എയിംസിനുള്ള മികവിന്റെ അംഗീകാരമായി ലോകാരോഗ്യ സംഘടന, ഏഷ്യ സേഫ് സർജിക്കൽ ഇംപ്ലാന്റ് കൺസോർഷ്യം- ക്യുഐപി പുരസ്കാരം നൽകിയതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. മികച്ച ശുചിത്വത്തിനും മറ്റ് ആശുപത്രി സേവനങ്ങൾക്കുമായി നൽകുന്ന ദേശീയ കായകൽപ പുരസ്കാരം തുടർച്ചയായ അഞ്ചാം വർഷവും ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ചിട്ടുണ്ട്.
 
 രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിതമായ എയിംസ് സ്ഥാപനങ്ങൾ നൂതന വൈദ്യശാസ്ത്ര സംവിധാനങ്ങളിലൂടെയും പരിചയസമ്പന്നരായ ഡോക്ടർമാരിലൂടെയും ആരോഗ്യ സംരക്ഷണസേവനം നൽകുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ സ്ഥാപനങ്ങളിൽ നിന്ന് കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള മെഡിക്കൽ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. എയിംസിന്റെ വിജയത്തിന് നന്ദി രേഖപ്പെടുത്തിയ രാഷ്ട്രപതി, ലോകത്തിലെ മുൻനിര ആരോഗ്യ സംരക്ഷണ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
വൈദ്യശാസ്ത്ര മേഖലയിലെ ഗവേഷണങ്ങൾ ചികിത്സ സുഗമമാക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. നിരവധി മഹാമാരികളുടെ എണ്ണം കുറഞ്ഞു. വസൂരി, കുഷ്ഠം, പോളിയോ, ക്ഷയം തുടങ്ങിയ രോഗങ്ങളുടെ വ്യാപനം ഇപ്പോൾ മുൻകാലങ്ങളിലെ പോലെ ഉയർന്നതല്ല. ഇതിനായി പ്രവർത്തിക്കുന്ന ഡോക്ടർമാർ, ഗവേഷകർ, ആരോഗ്യ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, ഗവൺമെന്റുകൾ എന്നിവർ അഭിനന്ദനം അർഹിക്കുന്നു.
 
സമൂഹത്തിൽ വിഷാദരോഗം ഒരു പ്രധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. മരുന്നുകൾക്ക് പുറമേ, വിഷാദരോഗ ചികിത്സയ്ക്ക് അവബോധവും ആവശ്യമാണ്. ജീവിതശൈലിയിൽ മാറ്റം വരുത്തുന്നത് മാനസിക സമാധാനം നൽകും. യോഗയും പ്രാണായാമവും മാനസികാരോഗ്യത്തിന് സഹായകമാകുമെന്ന് അവർ പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലിയുടെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ അവബോധമുള്ളവരാക്കാൻ രാഷ്ട്രപതി ഡോക്ടർമാരോട് അഭ്യർത്ഥിച്ചു.
ജീവിതശൈലി രോഗമായ അമിതവണ്ണം ആശങ്കാജനകമാണെന്ന് രാഷ്ട്രപതി പറഞ്ഞു. അച്ചടക്കമുള്ള ദിനചര്യ, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ,പതിവ് വ്യായാമം എന്നിവയിലൂടെ ഈ അവസ്ഥയിൽ നിന്ന് മുക്തി നേടാം. ഈ വിഷയത്തിൽ സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ അവർ ഡോക്ടർമാരോട് ആഹ്വാനം ചെയ്തു.
 
പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ രാഷ്ട്രപതി ഡോക്ടർമാരോട് നിർദ്ദേശിച്ചു. ഗോത്ര സമൂഹത്തിൽ ജാപ്പനീസ് എൻസെഫലൈറ്റിസ്, സിക്കിൾ സെൽ അനീമിയ എന്നീ രണ്ട് രോഗങ്ങൾ വ്യാപകമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി . ഈ ദിശയിൽ നിരവധി നടപടികൾ ഗവൺമെന്റ് സ്വീകരിച്ചിട്ടുണ്ട്. ഈ രോഗങ്ങളുടെ ചികിത്സയ്ക്കായി ഡോക്ടർമാർ കഴിയുന്നത്ര ഗവേഷണം നടത്തണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു
 
*****

(Release ID: 2144715)