പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബ്രിക്‌സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന: ആഗോള ഭരണ പരിഷ്കരണം

Posted On: 06 JUL 2025 9:44PM by PIB Thiruvananthpuram

ആദരണീയരെ,

വിശിഷ്ട വ്യക്തികളെ,

നമസ്‌കാരം!

17-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ മികച്ച സംഘാടനത്തിന് പ്രസിഡന്റ് ലുലയോട് എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ബ്രസീലിന്റെ ചലനാത്മകമായ അധ്യക്ഷതയിൽ, ഞങ്ങളുടെ ബ്രിക്‌സ് സഹകരണം പുതിയ ആക്കം, ഊർജ്ജസ്വലത എന്നിവ നേടിയിട്ടുണ്ട്. ഞാൻ പറയട്ടെ—നമുക്ക് ലഭിച്ച ഊർജ്ജം വെറുമൊരു എസ്‌പ്രെസോ അല്ല; അത് ഒരു ഡബിൾ എസ്‌പ്രെസോ ഷോട്ട് ആണ്! ഇതിനായി, പ്രസിഡന്റ് ലുലയുടെ ദർശനത്തെയും അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും ഞാൻ അഭിനന്ദിക്കുന്നു. ബ്രിക്‌സ് കുടുംബത്തിൽ ഇന്തോനേഷ്യയെ ഉൾപ്പെടുത്തിയതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് പ്രബോവോയ്ക്ക് ഇന്ത്യയുടെ പേരിൽ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

സുഹൃത്തുക്കളേ,

ഗ്ലോബൽ സൗത്ത് പലപ്പോഴും ഇരട്ടത്താപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. വികസനം, വിഭവങ്ങളുടെ വിതരണം, സുരക്ഷാ സംബന്ധിയായ കാര്യങ്ങൾ എന്നിവയിലായാലും, ഗ്ലോബൽ സൗത്തിന്റെ താൽപ്പര്യങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകിയിട്ടില്ല. കാലാവസ്ഥാ ധനസഹായം, സുസ്ഥിര വികസനം, സാങ്കേതികവിദ്യാ പ്രവേശനം തുടങ്ങിയ വിഷയങ്ങളിൽ ഗ്ലോബൽ സൗത്തിന് പലപ്പോഴും വാഗ്ദാനങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ.

സുഹൃത്തുക്കളേ,

ഇരുപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ആഗോള സ്ഥാപനങ്ങളിൽ മനുഷ്യരാശിയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും ഇപ്പോഴും ശരിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ഇന്നത്തെ ആഗോള സമ്പദ്‌വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന പല രാജ്യങ്ങൾക്കും ഇതുവരെ തീരുമാനമെടുക്കുന്ന മേശയിൽ ഇടം ലഭിച്ചിട്ടില്ല. ഇത് പ്രാതിനിധ്യത്തെക്കുറിച്ച് മാത്രമല്ല, വിശ്വാസ്യതയെയും ഫലപ്രാപ്തിയെയും കുറിച്ചാണ്. ഗ്ലോബൽ സൗത്ത് ഇല്ലാതെ, ഈ സ്ഥാപനങ്ങൾ നെറ്റ്‌വർക്ക് ഇല്ലാതെ ഒരു സിം കാർഡ് മാത്രമുള്ള മൊബൈൽ ഫോൺ പോലെയാണ്. അവർക്ക് ശരിയായി പ്രവർത്തിക്കാനോ 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാനോ കഴിയില്ല. ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ, പകർച്ചവ്യാധി, സാമ്പത്തിക പ്രതിസന്ധികൾ, സൈബറിലോ ബഹിരാകാശത്തിലോ ഉയർന്നുവരുന്ന വെല്ലുവിളികൾ എന്നിവയായാലും, ഈ സ്ഥാപനങ്ങൾ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ പരാജയപ്പെട്ടു.

സുഹൃത്തുക്കളേ,

ഇന്ന് ലോകത്തിന് ഒരു പുതിയ ബഹുധ്രുവവും ഏവരെയും ഉൾക്കൊള്ളുന്നതുമായ ലോകക്രമം ആവശ്യമാണ്. ഇത് ആഗോള സ്ഥാപനങ്ങളിലെ സമഗ്രമായ പരിഷ്കാരങ്ങളിൽ നിന്നാണ് ആരംഭിക്കേണ്ടത്. ഈ പരിഷ്കാരങ്ങൾ കേവലം പ്രതീകാത്മകമായിരിക്കരുത്, പക്ഷേ അവയുടെ യഥാർത്ഥ സ്വാധീനം ദൃശ്യമാകണം. ഭരണ ഘടനകളിലും വോട്ടവകാശങ്ങളിലും നേതൃത്വ സ്ഥാനങ്ങളിലും മാറ്റങ്ങൾ ഉണ്ടാകണം. ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് നയരൂപീകരണത്തിൽ മുൻഗണന നൽകണം.

സുഹൃത്തുക്കളേ,

ബ്രിക്‌സിന്റെ വികാസവും പുതിയ പങ്കാളികളെ ഉൾപ്പെടുത്തലും കാലത്തിനനുസരിച്ച് പരിണമിക്കാനുള്ള അതിന്റെ കഴിവിനെ പ്രതിഫലിപ്പിക്കുന്നു. ഇപ്പോൾ, യുഎൻ സുരക്ഷാ കൗൺസിൽ, ഡബ്ല്യുടിഒ, മൾട്ടിലാറ്ററൽ ഡെവലപ്‌മെന്റ് ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളെ പരിഷ്കരിക്കാനുള്ള അതേ ദൃഢനിശ്ചയം നാം പ്രകടിപ്പിക്കണം. സാങ്കേതികവിദ്യ എല്ലാ ആഴ്ചയും വികസിക്കുന്ന എ ഐ യുഗത്തിൽ, ആഗോള സ്ഥാപനങ്ങൾ പരിഷ്കരണമില്ലാതെ എൺപത് വർഷം മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ല. 20-ാം നൂറ്റാണ്ടിലെ ടൈപ്പ്റൈറ്ററുകളിൽ 21-ാം നൂറ്റാണ്ടിലെ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല!

സുഹൃത്തുക്കളേ,

സ്വാർത്ഥ താൽപ്പര്യങ്ങൾക്കപ്പുറം ഉയർന്നുവന്ന് മാനവികതയുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കേണ്ടത് ഇന്ത്യ എപ്പോഴും ഒരു കടമയായി കണക്കാക്കിയിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും ബ്രിക്‌സ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനും ഞങ്ങളുടെ സൃഷ്ടിപരമായ സംഭാവനകൾ നൽകാനും ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്. 

വളരെ നന്ദി.
ഡിസ്ക്ലൈമർ - പ്രധാനമന്ത്രിയുടെ പ്രസ്താവനകളുടെ ഏകദേശ വിവർത്തനമാണിത്.  പ്രസ്താവനകൾ ഹിന്ദിയിലാണ് നടത്തിയത്.

***

NK


(Release ID: 2142848)