വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വിശ്വാസം, ഉത്തരവാദിത്വം, ധാർമ്മികത എന്നീ മൂല്യങ്ങളുള്ള അടുത്ത തലമുറ പരസ്യദാതാക്കളെ രൂപപ്പെടുത്തുന്നതിനായി ഐഐഎംസിയിൽ വ്യവസായ പ്രമുഖരും അക്കാദമിക വിദഗ്ധരും ഒന്നിച്ച് ചേർന്നു

വികസിച്ചുകൊണ്ടിരിക്കുന്ന മാധ്യമ രംഗത്ത് ധാർമ്മികവും ഉത്തരവാദിത്വപരവുമായ പരസ്യവും സ്വയം നിയന്ത്രണവും ശാക്തീകരിക്കുന്നതിനായി ഐഐഎംസിയും എഎസ്‌സിഐയും ചേർന്ന് അധ്യാപക അവബോധ പരിപാടി സംഘടിപ്പിച്ചു

Posted On: 04 JUL 2025 5:36PM by PIB Thiruvananthpuram

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐഐഎംസി) കല്പിത സർവകലാശാല ഇന്ന് അതിന്റെ ന്യൂഡൽഹി ക്യാമ്പസിൽ അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ (എഎസ്‌സിഐ) യുമായി സഹകരിച്ച് ഒരു മെഗാ അധ്യാപക അവബോധ പരിപാടി (എഫ്‌ഡിപി) സംഘടിപ്പിച്ചു. മാധ്യമങ്ങൾ, പരസ്യം, മാർക്കറ്റിംഗ്, നിയമം, മാനേജ്‌മെന്റ് എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകരെ ഉത്തരവാദിത്വമുള്ള പരസ്യം, സ്വയം നിയന്ത്രണം, വികസിച്ചുകൊണ്ടിരിക്കുന്ന മാധ്യമ ലോകം എന്നിവയുടെ തത്വങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.



 കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ സി. സെന്തിൽ രാജൻ; ഐഐഎംസി വൈസ് ചാൻസലർ ഡോ. അനുപമ ഭട്‌നഗർ; എഎസ്‌സിഐ സിഇഒയും സെക്രട്ടറി ജനറലുമായ ശ്രീമതി മനീഷ കപൂർ; നെസ്‌ലെയുടെ സ്ട്രാറ്റജി, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ ഡയറക്ടറും സീനിയർ വൈസ് പ്രസിഡന്റുമായ ശ്രീ. ചന്ദൻ മുഖർജി, ഐഐഎംസി രജിസ്ട്രാർ ഡോ. നിമിഷ് റുസ്തഗി എന്നിവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.



 പരസ്യ ചട്ടങ്ങളെയും നൈതിക ചട്ടക്കൂടുകളെയും കുറിച്ച് ആവശ്യമായ അറിവ് നൽകി അടുത്ത തലമുറയിലെ ഉള്ളടക്ക സ്രഷ്ടാക്കളെ പ്രാപ്തരാക്കുന്നതിന് ഇത്തരം പരിപാടികൾ നിരന്തരം നടത്തേണ്ടതിന്റെ ആവശ്യകത മുഖ്യപ്രഭാഷണം നടത്തിയ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ (എംഐബി) ജോയിന്റ് സെക്രട്ടറി ശ്രീ സി. സെന്തിൽ രാജൻ എടുത്തുപറഞ്ഞു. “ഓരോ ഉള്ളടക്ക സ്രഷ്ടാവും പരസ്യത്തെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും മനസ്സിലാക്കണം. ഇന്ത്യയിലെ ഏറ്റവും മികച്ച സർഗ്ഗാത്മക മനസ്സുകളെ ഐഐഎംസി സൃഷ്ടിക്കുന്നു. ഇത്തരം ശില്പശാലകൾ പോലുള്ള സംരംഭങ്ങൾ അവരുടെ നൈപുണ്യത്തിന്റെ മൂർച്ച കൂട്ടുകയും അവബോധം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പരസ്യ വ്യവസായത്തിലെ ധാർമ്മികതയെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള കൂടുതൽ ശില്പശാലകളും പരിപാടികളും നടത്തുന്നതിന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയം സന്തോഷപൂർവ്വം പിന്തുണ നൽകും .” അദ്ദേഹം പറഞ്ഞു.



 സർഗാത്മക മേഖലകളിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുംബൈയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി സ്ഥാപിക്കുന്നതായി അദ്ദേഹം സദസ്സിനെ അറിയിച്ചു.

 



പരസ്യത്തിൽ ധാർമ്മികതയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ ഐഐഎംസി വൈസ് ചാൻസലർ ഡോ. അനുപമ ഭട്നാഗർ, ഇതിൽ നേടിയ ഉൾക്കാഴ്ചകൾ ക്ലാസ് മുറികളിലെ അധ്യാപനത്തിൽ സംയോജിപ്പിക്കാൻ അധ്യാപകരോട് ആഹ്വാനം ചെയ്തു."നമ്മുടെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വർദ്ധിപ്പിക്കുന്നതിലും അവരെ ധാർമ്മിക അടിത്തറയുള്ളവരാക്കുന്നതിലും ഞങ്ങൾ വിശ്വസിക്കുന്നു. നല്ല പരസ്യവും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ വിദ്യാർത്ഥികൾക്ക് കഴിയണം" എന്ന് അവർ അഭിപ്രായപ്പെട്ടു.

ASCI യുടെ സിഇഒയും സെക്രട്ടറി ജനറലുമായ ശ്രീമതി മനീഷ കപൂർ, ഇത്തരം അധ്യാപക പരിശീലന പരിപാടികൾ നടത്തേണ്ടതിന്റെ പ്രാധാന്യം ആവർത്തിച്ചു. എ എസ് സി ഐ ചട്ടങ്ങളെയും ഡിജിറ്റൽ യുഗത്തിൽ സ്വയം നിയന്ത്രണത്തിന്റെ വർദ്ധിച്ചു വരുന്ന ആവശ്യകതയെക്കുറിച്ചുമുള്ള ഉൾക്കാഴ്ചകൾ അവർ പങ്കുവെച്ചു. "ഉത്തരവാദിത്വമുള്ള പരസ്യങ്ങളിൽ നമ്മുടെ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിന്, ഭാവിയിലെ പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നവരിൽ നിന്ന് നാം ആരംഭിക്കണം. ഉപഭോക്തൃ-വിശ്വാസത്താൽ നയിക്കപ്പെടുന്ന ഒരു പരസ്യ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ ഈ ചർച്ചകൾ നിർണായകമാണ്" എന്ന് അവർ പറഞ്ഞു.

ഉത്തരവാദിത്വമുള്ള ആശയവിനിമയത്തെക്കുറിച്ച് സംസാരിച്ച നെസ്‌ലെയുടെ ശ്രീ. ചന്ദൻ മുഖർജി, ബ്രാൻഡുകൾ എല്ലാ പൊതു പരസ്യങ്ങളിലും വിശ്വാസം, ധാർമ്മികത, ഉത്തരവാദിത്വം എന്നിവ ഉയർത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെട്ടു. “പരസ്യം എന്നത് കേവലം വിൽപ്പനയല്ല.അത് സമൂഹവുമായുള്ള ബന്ധവും വിശ്വാസവും വളർത്തിയെടുക്കുന്നതിനെയും ഉൾക്കൊള്ളുന്നു. " അദ്ദേഹം പറഞ്ഞു.
"പരസ്യത്തിലെ ധാർമ്മികതയ്ക്ക് ഇന്നത്തെ ഡിജിറ്റൽ യുഗത്തിലെന്നപോലെ മുമ്പെങ്ങും ഇത്ര പ്രാധാന്യമുണ്ടായിരുന്നിട്ടില്ലെന്ന് ഉപഭോക്തൃ പെരുമാറ്റ  മേഖലയിലെ   ഗവേഷകൻ കൂടിയായ ഐഐഎംസി രജിസ്ട്രാർ ഡോ. നിമിഷ് റുസ്തഗി പറഞ്ഞു. ഓൺലൈൻ ഉപഭോക്തൃ ശീലങ്ങളുടെ ഡാറ്റ കണ്ടെത്തുന്നതിൽ പരസ്യദാതാക്കൾക്കുള്ള ശക്തി, ധാർമ്മികത ഒരു പരസ്യദാതാവിന്റെ ഒരു പ്രധാന മൂല്യമായിരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഉപഭോക്തൃ ക്ഷേമം തകരുന്നില്ല എന്നും ഉപഭോക്തൃ ഏജൻസി ബഹുമാനിക്കപ്പെടുന്നുവെന്നും ഇത് ഉറപ്പാക്കും."

"ഉത്തരവാദിത്വപരമായ പരസ്യത്തിന്റെ ആവശ്യകത", "ASCI ചട്ടം", "പ്രതികരണത്തിൽ നിന്ന് ഉത്തരവാദിത്വമുള്ള പരസ്യത്തിലേക്ക്", "ASCI യുടെ മാറുന്ന പങ്ക്" തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന സെഷനുകൾ ഏകദിന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.ഇത് പരസ്യ വ്യവസായത്തിലെ ധാർമ്മിക മാനദണ്ഡങ്ങളെയും സ്വയം നിയന്ത്രണത്തെയും കുറിച്ച് സമഗ്രമായ ധാരണ നൽകി. പരസ്യത്തിലെ സ്വയം നിയന്ത്രണത്തിന്റെ തത്വങ്ങളെയും രീതികളെയും കുറിച്ച് ആഴത്തിലുള്ള അറിവ് നൽകിക്കൊണ്ട് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ (ASCI) ഓപ്പറേഷൻസ് ഡയറക്ടർ ഡോ. സഹേലി സിൻഹയാണ് ഈ ഗഹനമായ സെഷനുകൾ നയിച്ചത്.

 "പരസ്യങ്ങളിൽ വിശ്വാസം ഉറപ്പാക്കുന്നതിനുള്ള ASCI യുടെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനമാണ് ഈ സംയുക്ത അധ്യാപക അവബോധ പരിപാടി എന്ന് ASCI അക്കാദമി ഡയറക്ടർ ശ്രീമതി നമ്രത ബച്ചാനി പറഞ്ഞു. ഈ ശിൽപ്പശാലയിൽ നിന്ന് പരിശീലനം ലഭിച്ച അധ്യാപകർ, അടുത്ത തലമുറയിലെ പരസ്യ പ്രൊഫഷണലുകൾ അടങ്ങുന്ന വിദ്യാർത്ഥികൾക്ക് അറിവ് കൈമാറും. ഇതിനായി IIMC യുമായും MIB യുമായും ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്." അവർ വ്യക്തമാക്കി

ഉദ്ഘാടന സെഷനിൽ IIMC യിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. മീത ഉജ്ജൈൻ മോഡറേറ്ററായി. പരിപാടിയുടെ കൺവീനർ പ്രൊഫ. (ഡോ.) പ്രമോദ് കുമാർ കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 98 ഫാക്കൽറ്റി അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

SKY

**********


(Release ID: 2142449) Visitor Counter : 4