യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ഖേലോ ഇന്ത്യ ജല കായിക മേള ഓഗസ്റ്റിൽ ; ‘ഭാരതത്തിലെ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,’ കേന്ദ്ര മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ

പ്രഥമ ഖേലോ ഇന്ത്യ ജല കായിക മേള ഓഗസ്റ്റ് 21 മുതൽ 23 വരെ ശ്രീനഗറിലെ പ്രശസ്തമായ ദാൽ തടാകത്തിൽ നടക്കുമെന്ന് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു

Posted On: 03 JUL 2025 5:17PM by PIB Thiruvananthpuram

ഖേലോ ഇന്ത്യ കലണ്ടർ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, മെയ് മാസത്തിൽ ദിയുവിൽ ആദ്യ ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് സംഘടിപ്പിച്ചതിന് പിന്നാലെയാണ് ജമ്മു കശ്മീരിൽ ജല കായിക മേള പ്രഖ്യാപിച്ചിരിക്കുന്നത്. ഉദ്ഘാടന പതിപ്പിൽ കയാക്കിംഗ്, കനോയിംഗ്, തുഴച്ചിൽ, വാട്ടർ സ്കീയിംഗ്, ഷിക്കാര റേസ്, ഡ്രാഗൺ ബോട്ട് എന്നിങ്ങനെ അഞ്ച് കായിക വിനോദങ്ങൾ ഉണ്ടാകും. 

 " കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയ്ക്കും ദേശീയ തലത്തിൽ കായികതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ശ്രമമാണ് ഖേലോ ഇന്ത്യ ജല കായികമേള. ദിയുവിൽ നടന്ന ആദ്യത്തെ ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് പോലെ, ഖേലോ ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒന്നായി മാറണമെന്നും രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിച്ചേരണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു," കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

36 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 400-ലധികം അത്‌ലറ്റുകൾ പ്രായപരിധിയില്ലാതെ ഈ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയ സ്‌പോർട്‌സ് ഫെഡറേഷൻ അവരുടെ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ നിന്നോ മറ്റ് അനുയോജ്യമായ മത്സരങ്ങളിൽ നിന്നോ അല്ലെങ്കിൽ ഗെയിംസ് ടെക്‌നിക്കൽ കണ്ടക്ട് കമ്മിറ്റി തീരുമാനിക്കുന്ന മെറിറ്റ് അടിസ്ഥാനത്തിലോ അത്‌ലറ്റുകളെ നാമനിർദ്ദേശം ചെയ്യും.

"ഏഷ്യയിൽ ജല കായിക വിനോദങ്ങളിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ സ്ഥാനമുണ്ട്. ദാൽ തടാകത്തിലെ ജല കായിക മേള വളർന്നുവരുന്ന പ്രതിഭകളെ കണ്ടെത്താനും അന്താരാഷ്ട്ര മത്സരങ്ങൾക്ക് അവരെ സജ്ജമാക്കാനും സഹായിക്കും. ജല കായിക വിനോദ മേഖലയിൽ നമുക്ക് ഏറ്റവും പുതിയ അടിസ്ഥാന സൗകര്യങ്ങളും മികച്ച പരിശീലകരുമുണ്ട്. ജല മത്സരങ്ങളിൽ മികവാർന്ന പുതിയ അത്‌ലറ്റുകളെ സൃഷ്ടിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്" ഡോ. മാണ്ഡവ്യ കൂട്ടിച്ചേർത്തു.

 ലഡാക്കിലും ജമ്മു കാശ്മീരിലും നടന്ന ഖേലോ ഇന്ത്യ വിന്റർ ഗെയിംസ്, ഡൽഹിയിലെ പാരാ ഗെയിംസ്, ബീഹാറിലും ഡൽഹിയിലും നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, ഏറ്റവും ഒടുവിൽ ദാദ്ര & നാഗർ ഹവേലി, ദാമൻ & ദിയു എന്നിവിടങ്ങളിലായി നടന്ന ബീച്ച് ഗെയിംസ് എന്നിവയ്ക്ക് ശേഷം 2025 ൽ നടക്കുന്ന അഞ്ചാമത്തെ ഖേലോ ഇന്ത്യ മത്സരമാണ് ഓഗസ്റ്റിൽ നടക്കുന്ന ജല കായിക മേള.


(Release ID: 2142167)