ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

യുഐഡിഎഐ ജൂണിൽ രേഖപ്പെടുത്തിയത് 230 കോടിയോളം ആധാർ സ്ഥിരീകരണ ഇടപാടുകൾ; കഴിഞ്ഞ വർഷത്തേക്കാൾ 7.8% വളർച്ച

ജൂണിലെ മുഖനിര്‍ണയ സ്ഥിരീകരണം റെക്കോഡ് നേട്ടത്തോടെ 15.87 കോടിയില്‍; നിര്‍മിതബുദ്ധി നിയന്ത്രിത തിരിച്ചറിയലിന്റെ അതിവേഗ സ്വീകാര്യത പ്രകടം


ജൂണിൽ 39 കോടിയിലേറെ ഇ-കെവൈസി ഇടപാടുകൾ; ജീവിതവും വ്യാപാരവും സുഗമമാക്കുന്നത് തുടര്‍ന്ന് ആധാര്‍

Posted On: 03 JUL 2025 6:17PM by PIB Thiruvananthpuram

2025 ജൂണിൽ ആധാർ ഉടമകൾ 229.33 കോടി ആധാര്‍ അധിഷ്ഠിത സ്ഥിരീകരണ ഇടപാടുകൾ നടത്തി.  കഴിഞ്ഞ മാസത്തെയും  മുൻ സാമ്പത്തിക വർഷം ഇതേ മാസത്തെയും ഇടപാടുകളെക്കാള്‍ കൂടുതലാണിത്. ആധാറിന്റെ വ്യാപക ഉപയോഗത്തെയും പ്രയോജനത്തെയും രാജ്യത്തെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ അഭിവൃദ്ധിയെയും ഈ വളർച്ച അടിവരയിടുന്നു.

 

ഇതോടെ ആധാര്‍ സ്ഥിരീകരണത്തിന്റെ തുടക്കം മുതൽ കണക്കാക്കിയ ഇടപാടുകളുടെ ആകെ എണ്ണം 15,452 കോടി കവിഞ്ഞു. 2024 ജൂണിൽ രേഖപ്പെടുത്തിയ ഇത്തരം ഇടപാടുകളേക്കാൾ ഈ വര്‍ഷത്തെ സ്ഥിരീകരണ ഇടപാടുകൾ ഏകദേശം 7.8% അധികമാണ്. 

 

ക്ഷേമവിതരണം ഫലപ്രദമാക്കാനും സേവന ദാതാക്കളുടെ  വിവിധ സേവനങ്ങൾ സ്വമേധയാ ലഭ്യമാക്കാനും ആധാർ അധിഷ്ഠിത സ്ഥിരീകരണം എങ്ങനെ  സൗകര്യമൊരുക്കുന്നുവെന്ന്  വ്യക്തമാക്കുന്നതാണ് ഇടപാടുകളിലെ വളര്‍ച്ച.  ദശലക്ഷക്കണക്കിന് പേരുടെ ജീവിതം സുഗമമാക്കാന്‍ ഉത്തേജകമാണിത്. 

 

യുഐഡിഎഐ വികസിപ്പിച്ച എഐ/എംഎല്‍ അധിഷ്ഠിത ആധാർ മുഖനിര്‍ണയ സംവിധാനങ്ങളും സുസ്ഥിര വളർച്ച കൈവരിച്ചു. 2025 ജൂണിൽ 15.87 കോടി റെക്കോഡ് മുഖനിര്‍ണയ ഇടപാടുകളാണ്  രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജൂണില്‍ ഇത് 4.61 കോടിയായിരുന്നു.

 

ഇതുവരെ ഏകദേശം 175 കോടി മുഖനിര്‍ണയാധിഷ്ഠിത ഇടപാടുകളാണ് നടത്തിയത്.  ഈ സ്ഥിരീകരണ രീതിയുടെ കൂടിവരുന്ന സ്വീകാര്യതയും ആധാർ ഉടമകൾക്ക് ഇതുമൂലം ലഭിക്കുന്ന പ്രയോജനവുമാണ് വര്‍ധന സൂചിപ്പിക്കുന്നത്.  

 

നിര്‍മിതബുദ്ധി അധിഷ്ഠിത മുഖനിര്‍ണയ രീതി ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്നു. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം പ്രവര്‍ത്തനം സുഗമമാക്കുന്ന ഈ സംവിധാനത്തില്‍  മുഖം സ്കാന്‍ ചെയ്യുന്നതിലൂടെ ലളിതമായി തിരിച്ചറിയല്‍ സ്ഥിരീകരിക്കാം. .  

 

സർക്കാർ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ധനകാര്യ സ്ഥാപനങ്ങൾ, എണ്ണ വിപണന കമ്പനികൾ, ടെലികോം സേവന ദാതാക്കൾ എന്നിവയടക്കം 100-ലേറെ സ്ഥാപനങ്ങൾ സേവനങ്ങളുടെയും ആനുകൂല്യങ്ങളുടെയും  സുഗമമായ വിതരണത്തിന്  മുഖനിര്‍ണയ സ്ഥിരീകരണം ഉപയോഗപ്പെടുത്തുന്നു. 

 

സമാനമായി 39.47 കോടിയിലധികം ഇ-കെവൈസി ഇടപാടുകളാണ് ജൂണിൽ നടന്നത്. ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സേവനങ്ങൾ ഉൾപ്പെടെ  മേഖലകളിൽ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും നടപടികള്‍ സുഗമമാക്കുന്നതിലും ആധാർ ഇ-കെവൈസി സേവനം സുപ്രധാന പങ്കുവഹിക്കുന്നു.

 
*************

(Release ID: 2141980)