ധനകാര്യ മന്ത്രാലയം
‘ഓപ്പറേഷൻ ഡീപ് മാനിഫെസ്റ്റ്’ മുഖേന ഏകദേശം 9 കോടി രൂപയുടെ 1,115 മെട്രിക് ടൺ ചരക്കുകൾ അടങ്ങിയ 39 പാകിസ്ഥാൻ കണ്ടെയ്‌നറുകൾ DRI പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ.
Posted On:
26 JUN 2025 6:19PM by PIB Thiruvananthpuram
ദുബായ്, യുഎഇ തുടങ്ങി മൂന്നാം രാജ്യങ്ങളിലൂടെ പാക്കിസ്ഥാനിൽ നിന്നുള്ള ചരക്കുകൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് കണ്ടെത്താൻ ലക്ഷ്യമിട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) "ഓപ്പറേഷൻ ഡീപ്പ് മാനിഫെസ്റ്റ്" എന്ന രഹസ്യനാമത്തിൽ ഒരു ഓപ്പറേഷൻ ആരംഭിച്ചു. ഏകദേശം 9 കോടി രൂപ മൂല്യമുള്ള 1,115 മെട്രിക് ടൺ സാധനങ്ങൾ വഹിക്കുന്ന 39 കണ്ടെയ്‌നറുകൾ ഈ ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. ഇറക്കുമതി നയ വ്യവസ്ഥകളുടെയും, നേരിട്ടോ അല്ലാതെയോ പാകിസ്ഥാനിൽ നിന്നുള്ള ചരക്കുകളുടെ ഇറക്കുമതിക്കും ഗതാഗതത്തിനും സർക്കാർ ഏർപ്പെടുത്തിയ വിലക്കുകളുടെയും നഗ്നമായ ലംഘനമാണ് ഇത്തരം ഇറക്കുമതികൾ. ഇറക്കുമതി ചെയ്യാൻ ശ്രമിച്ച സ്ഥാപനവുമായി ബദ്ധപ്പെട്ട ഒരാളെ 26.06.2025 ന് അറസ്റ്റ് ചെയ്തു.
നേരിട്ടോ അല്ലാതെയോ, പാകിസ്ഥാനിൽ നിന്നുള്ള ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനും, പാകിസ്ഥാൻ വഴി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും, പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന്, 2025 മെയ് 2 മുതൽ പ്രാബല്യത്തോടെ, സർക്കാർ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരുന്നു. മുമ്പ്, അത്തരം ചരക്കുകൾക്ക് 200% കസ്റ്റംസ് തീരുവ ബാധകമായിരുന്നു. ഈ കർശന നിയന്ത്രണങ്ങൾ നിലനിൽക്കെയാണ്, ചില ഇറക്കുമതി സ്ഥാപനങ്ങൾ ചരക്കുകളുടെ പ്രഭവസ്‌ഥാനം തെറ്റായി രേഖപ്പെടുത്തിക്കൊണ്ടും അനുബന്ധ ഷിപ്പിംഗ് രേഖകളിൽ കൃത്രിമം കാട്ടിയും സർക്കാർ നയത്തെ മറികടക്കാൻ ശ്രമിച്ചത്.
രണ്ട് വ്യത്യസ്ത കേസുകളിൽ, നവ ഷേവ തുറമുഖത്ത് വച്ചാണ് ചരക്കുകൾ പിടിച്ചെടുത്തത്. ഉണങ്ങിയ ഈന്തപ്പഴമടങ്ങിയ ചരക്കുകൾ യുഎഇ യിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും, അവയുടെ ഉത്ഭവം പാകിസ്ഥാനിൽ നിന്നാണ് എന്നത് മറച്ചു വയ്ക്കുകയും ചെയ്തു. ഈ സാധനങ്ങൾ യഥാർത്ഥത്തിൽ പാകിസ്ഥാനിൽ നിന്നാണ് വരുന്നെതെന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനായി ദുബായ് വഴി ട്രാൻസ്ഷിപ്പ് ചെയ്തതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ചരക്കുകൾ ആദ്യം പാകിസ്ഥാനിൽ നിന്ന് ദുബായിലേക്ക് കണ്ടെയ്നറുകളിലും കപ്പലുകളിലുമായി കൊണ്ടുപോയെന്നും, പിന്നീട് ഇന്ത്യയിലേക്കുള്ള കണ്ടെയ്നറുകളിലേക്കും കപ്പലുകളിലേക്കും മാറ്റിയെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതുവരെ നടത്തിയ അന്വേഷണങ്ങളിലും ശേഖരിച്ച വസ്തുതകളുടെ വിശദ പരിശോധനയിലും രേഖകളുടെ വിശകലനത്തിലും പാകിസ്ഥാനിലെ കറാച്ചി തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കവും ഇന്ത്യൻ തുറമുഖങ്ങളിലേക്കുള്ള പാതയിൽ ദുബായിലെ ജബൽ അലി തുറമുഖത്തെ ട്രാൻസ്ഷിപ്പ്മെന്റും കണ്ടെത്തി. കൂടാതെ, പാകിസ്ഥാൻ സ്ഥാപനങ്ങളുമായുള്ള പണ കൈമാറ്റവും/സാമ്പത്തിക ബന്ധങ്ങളും കണ്ടെത്തി. ഇത് നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. ചരക്കുകളുടെ യഥാർത്ഥ ഉത്ഭവം, പാകിസ്ഥാനിൻ നിന്നാണ് എന്ന വസ്തുത മറച്ചു വയ്ക്കുന്നതിനായി, പാകിസ്ഥാൻ, യുഎഇ പൗരന്മാരെ ഉൾപ്പെടുത്തിയുള്ള സങ്കീർണ്ണമായ ഇടപാടുകളുടെ ശൃംഖല സൃഷ്ടിച്ചാണ് പദ്ധതി നടപ്പാക്കിയത്.
"ഓപ്പറേഷൻ സിന്ദൂറി" ന്റെയും നിലവിലുള്ള കർശന സുരക്ഷാ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ, പാകിസ്ഥാനിൽ നിന്ന് വരുന്ന ചരക്കുകൾ ലക്ഷ്യം വച്ച്, വിപുലമായ രഹസ്യാന്വേഷണ വിവര ശേഖരണത്തിലൂടെയും ഡാറ്റ വിശകലനത്തിലൂടെയും DRI ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഈ മുൻകരുതലിന്റെയും നിരീക്ഷണത്തിന്റെയും ഫലമായി വൻതോതിൽ സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
നിലവിലുള്ള പ്രാദേശിക, ആഗോള സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ, സർക്കാരിന്റെ നയവും, കസ്റ്റംസ് നിയമങ്ങൾ ഉൾപ്പെടെയുള്ള മറ്റ് പ്രസക്തമായ നിയമങ്ങളും ഉയർത്തിപ്പിടിക്കുന്നതിലും, രാജ്യത്തിന്റെ ദേശീയ, സാമ്പത്തിക സുരക്ഷ സംരക്ഷിക്കുന്നതിലും, പാകിസ്ഥാനിൽ നിന്നുള്ള ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള വ്യാപാര മാർഗങ്ങളുടെ ദുരുപയോഗം തടയുന്നതിലും ഉള്ള DRI യുടെ ഉറച്ച പ്രതിബദ്ധതയെ "ഓപ്പറേഷൻ ഡീപ് മാനിഫെസ്റ്റ്" ഉദാഹരിക്കുന്നു. തന്ത്രപരമായ രഹസ്യസന്വേഷണ വിവരങ്ങൾ, ലക്ഷ്യവേധിയായ നിയമനടപടികൾ, ഏജൻസികൾ തമ്മിലുള്ള ഏകോപനം എന്നിവയിലൂടെ, ഇന്ത്യയുടെ സാമ്പത്തിക അതിർത്തികൾ സുരക്ഷിതമാക്കുന്നതിൽ DRI നിർണ്ണായക പങ്ക് വഹിക്കുന്നു .
SKY
*****
(Release ID: 2140044)