സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
ന്യൂഡൽഹിയിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണ പരിപാടിയിൽ കേന്ദ്ര സഹമന്ത്രി ശ്രീ ബി.എൽ. വർമ്മ അധ്യക്ഷത വഹിച്ചു
Posted On:
26 JUN 2025 5:41PM by PIB Thiruvananthpuram
“ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ അത് ഉപയോഗിക്കുന്ന വ്യക്തിയെയും കുടുംബത്തെയും മാത്രമല്ല, സമൂഹത്തെയും ബാധിക്കുകയും സമൂഹത്തിൽ പ്രതികൂല മാറ്റങ്ങൾക്കും അധപതനത്തിനും കാരണമാവുകയും ചെയ്യുന്നു”, എന്ന് കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ സഹമന്ത്രി ശ്രീ ബി.എൽ. വർമ്മ പറഞ്ഞു. ന്യൂഡൽഹിയിൽ ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണ പരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്തു.
ലഹരിവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനായി മന്ത്രാലയം ആവിഷ്കരിച്ച ദേശീയ കർമ പദ്ധതിയെ (NAPDDR) മന്ത്രി എടുത്തുപറഞ്ഞു. കൂടാതെ 'നശാ മുക്ത് ഭാരത് അഭിയാൻ (NMBA) ' ലഹരി വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ എങ്ങനെ സഹായിച്ചെന്ന് അദ്ദേഹം വിശദീകരിച്ചു. 2047 ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഈ ശ്രമങ്ങളിൽ ' ലഹരിപദാർത്ഥങ്ങളെ നിരസിക്കുക, ജീവിതത്തെ സ്വീകരിക്കുക' എന്ന സന്ദേശം ഒരു പ്രധാന പങ്ക് വഹിക്കും.
എല്ലാ വർഷവും ജൂൺ 26 ' അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം' ആയി ആചരിക്കുന്നു. ലഹരിവസ്തുക്കളുടെ വ്യാപനം പ്രതിരോധിക്കുന്നതിനെ കുറിച്ചുള്ള സാംസ്കാരിക പരിപാടികൾ, ലഹരി വസ്തുക്കളുടെ ഉപയോഗം തടയൽ , ചികിത്സ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ബഹുജന പ്രതിജ്ഞ, MyGov സംഘടിപ്പിച്ച നശാ മുക്ത് ഭാരത് അഭിയാൻ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം തുടങ്ങിയവ ഈ വർഷത്തെ പരിപാടിയിൽ ഉൾപ്പെടുന്നു.

രാജ്യത്തിന്റെ സാമൂഹിക ഘടനയെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നമാണ് ലഹരിവസ്തുക്കൾ എന്ന് പരിപാടിയുടെ ഭാഗമായി നടന്ന തെരുവ് നാടകവും പാന്റോമൈമും പ്രേക്ഷകരെ ഉദ്ബോധിപ്പിച്ചു . ഏതെങ്കിലും ലഹരിപദാർത്ഥത്തോടുള്ള ആസക്തി വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും സമൂഹത്തെയാകെയും പ്രതിസന്ധിയിലാക്കുന്നു. വിവിധ സൈക്കോ ആക്റ്റീവ് പദാർത്ഥങ്ങളുടെ പതിവ് ഉപഭോഗം വ്യക്തിയെ ആ പദാർത്ഥത്തോടുള്ള അമിത ആശ്രയത്വത്തിലേക്ക് നയിക്കുന്നു. ചില ലഹരി സംയുക്തങ്ങൾ നാഡി- മാനസികാരോഗ്യ പ്രശ്നങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, അപകടങ്ങൾ, ആത്മഹത്യകൾ, അക്രമം എന്നിവയിലേക്ക് നയിച്ചേക്കാം. ലഹരിവസ്തുക്കളുടെ ഉപയോഗവും ആസക്തിയും ഒരു മാനസിക-സാമൂഹിക- ആരോഗ്യപ്രശ്നമായി കാണേണ്ടതുണ്ട് എന്ന് ഈ പ്രകടനങ്ങൾ ചൂണ്ടിക്കാട്ടി
രാജ്യത്ത് ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന നോഡൽ മന്ത്രാലയമാണ് സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം. രാജ്യത്തെ എല്ലാ ജില്ലകളിലും നിലവിൽ സജീവമായ നശാ മുക്ത് ഭാരത് അഭിയാൻ (എൻഎംബിഎ) പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് ഈ മന്ത്രാലയമാണ്.യുവാക്കളിൽ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലാ കാമ്പസുകൾ, സ്കൂളുകൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുക, സമൂഹങ്ങളിലേക്ക് ലഹരി വിരുദ്ധ ബോധവൽക്കരണം എത്തിക്കുക, ലഹരിമുക്ത ഭാരതത്തിനായി സമൂഹ പങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആണ് ഈ പദ്ധതി ആരംഭിച്ചത്. എൻഎംബിഎയുടെ കീഴിലുള്ള ഏറ്റവും പുതിയ നേട്ടങ്ങൾ ഇവയാണ്:
1. ഇതുവരെ, അടിസ്ഥാനതലത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളിലൂടെ, 5.29 കോടി യുവാക്കളും 3.32 കോടി സ്ത്രീകളും ഉൾപ്പെടെ 15.9 കോടി പേരെ ലഹരിവസ്തുക്കളുടെ ദോഷഫലങ്ങളെ കുറിച്ച് ബോധവൽക്കരിച്ചിട്ടുണ്ട്.
2. 4.39 ലക്ഷത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം അഭിയാന്റെ സന്ദേശം രാജ്യത്തെ കുട്ടികളിലേക്കും യുവാക്കളിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കി.
3. 20,000-ത്തിലധികം സന്നദ്ധ പ്രവർത്തകരുടെ (Master Volunteers) ശക്തമായ ഒരു സേനയെ കണ്ടെത്തി പരിശീലനം നൽകിയിട്ടുണ്ട്.
4. അഭിയാന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളായ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ അവബോധം സൃഷ്ടിക്കൽ.
5. ജില്ല ഭരണസംവിധാനത്തിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ എൻ എം ബി എ പ്രവർത്തനങ്ങളുടെ ഡാറ്റ ശേഖരിക്കുന്നതിനും അവ തത്സമയം ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ എൻ എം ബി എ ഡാഷ്‌ബോർഡിൽ ലഭ്യമാക്കുന്നതിനും ആയി NMBA മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തു. ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്
6. എൻ എം ബി എ യുടെ വെബ്‌സൈറ്റ് (http://nmba.dosje.gov.in),- പദ്ധതി, ഓൺലൈൻ ചർച്ചാ ഫോറം, NMBA ഡാഷ്‌ബോർഡ്, ഇ-പ്രതിജ്ഞ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ഉൾക്കാഴ്ചകളും ഉപയോക്താവിന് നൽകുന്നു.
7. ലഹരിമുക്തമായിരിക്കാനുള്ള ദേശീയ ഓൺലൈൻ പ്രതിജ്ഞയിൽ 99,595 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള 1.67 കോടിയിലധികം വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.
8.യുവാക്കളുമായും മറ്റ് പങ്കാളികളുമായും സംവദിക്കുന്നതിനായി ' ഒരു ദേശീയ യുവജന-വിദ്യാർത്ഥി ആശയവിനിമയ പരിപാടി-നശാ സേ ആസാദി-', 'നയാ ഭാരത്, നശ മുക്ത് ഭാരത്', ' എൻസിസിയുമായിച്ചേർന്ന് എൻഎംബിഎ പ്രവർത്തനം ' തുടങ്ങിയ പരിപാടികൾ പതിവായി സംഘടിപ്പിക്കുന്നു.
9.എൻഎംബിഎയെ പിന്തുണയ്ക്കുന്നതിനും ബഹുജന ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി ആർട്ട് ഓഫ് ലിവിംഗ്, ബ്രഹ്മകുമാരിസ്, സന്ത് നിരൻകരി മിഷൻ, രാം ചന്ദ്ര മിഷൻ (ദാജി), ഇസ്‌കോൺ, ഓൾ വേൾഡ് ഗായത്രി പരിവാർ തുടങ്ങിയ ആത്മീയ/സാമൂഹിക സേവന സംഘടനകളുമായി ധാരണാപത്രങ്ങൾ ഒപ്പുവച്ചിട്ടുണ്ട്.
10.പൊതുജനങ്ങൾക്ക് സുഗമമായി എത്തിച്ചേരുന്നതിന് എല്ലാ ലഹരിവിമുക്ത കേന്ദ്രങ്ങളും ജിയോ-ടാഗ് ചെയ്തിട്ടുണ്ട്.
മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, മറ്റു കേന്ദ്ര മന്ത്രാലയങ്ങളുടെ പ്രതിനിധികൾ, ആത്മീയ സംഘടനകൾ, അക്കാദമിക സ്ഥാപനങ്ങൾ, എൻജിഒകൾ/സന്നദ്ധ സംഘടനകൾ, വകുപ്പിന്റെ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ പ്രതിനിധികൾ, യുവ സന്നദ്ധ പ്രവർത്തകർ തുടങ്ങി ഏകദേശം 700 പേർ പരിപാടിയിൽ പങ്കെടുത്തു. ദിനാചരണത്തിന്റെ മുന്നോടിയായി, എല്ലാ സംസ്ഥാനങ്ങളും/ കേന്ദ്ര ഭരണ പ്രദേശങ്ങളും വകുപ്പിന്റെ പിന്തുണയുള്ള എൻപിഒകളും/വിഒകളും എൻഎംബിഎയ്ക്ക് കീഴിൽ എൻഎപിഡിഡിആറിന്റെ ഭാഗമായി 2025 ജൂൺ 1 മുതൽ 26 വരെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. ഈ പരിപാടിയിലൂടെ, സാമൂഹിക നീതി& ശാക്തീകരണ വകുപ്പ് ജനപങ്കാളിത്തത്തോടെ, ലഹരി മുക്ത ഭാരതം പദ്ധതി രാജ്യമെമ്പാടും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നു.
SKY
**-**
(Release ID: 2139990)