സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
2025 ജൂൺ 26 ന് മയക്കുമരുന്ന് ദുരുപയോഗത്തിനും നിയമവിരുദ്ധ കടത്തിനുമെതിരായ അന്താരാഷ്ട്ര ദിനാഘോഷത്തിനൊരുങ്ങി ഇന്ത്യാ ഗവണ്മെന്റ്
ജനകീയ പങ്കാളിത്തമുറപ്പാക്കാന്‍ നശാമുക്ത് ഭാരത് അഭിയാൻ എന്ന പേരിൽ ജൂണില്‍ രാജ്യവ്യാപക ബോധവൽക്കരണ പരിപാടികള്‍ നടത്തി
ഇതിനകം 15.78 കോടിയിലധികം പേരെ ലഹരി ഉപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരിച്ചു; ദൗത്യത്തിന് തിരഞ്ഞെടുത്ത 20,000-ത്തിലധികം മുഖ്യ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നൽകി
Posted On:
25 JUN 2025 1:13PM by PIB Thiruvananthpuram
2025 ജൂൺ 26 ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ രാജ്യാന്തരകേന്ദ്രത്തില്‍ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് മയക്കുമരുന്ന് ദുരുപയോഗത്തിനും നിയമവിരുദ്ധ മയക്കുമരുന്ന് കടത്തിനുമെതിരായ അന്താരാഷ്ട്ര ദിനാചരണപരിപാടി സംഘടിപ്പിക്കുന്നു. വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ സഹമന്ത്രി ശ്രീ ബി.എൽ. വർമ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
രാജ്യത്ത് മയക്കുമരുന്ന് ലഭ്യത കുറയ്ക്കാനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം മയക്കുമരുന്ന് ദുരുപയോഗം തടയൽ, പ്രശ്ന വ്യാപ്തി വിലയിരുത്തൽ, പ്രതിരോധ നടപടി, മയക്കുമരുന്ന് ഉപയോക്താക്കളുടെ ചികിത്സയും പുനരധിവാസവും, വിവര വ്യാപനം തുടങ്ങിയ വശങ്ങള്‍ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു.
മന്ത്രാലയം തുടക്കംകുറിച്ച നശാമുക്ത് ഭാരത് അഭിയാന്‍ (NMBA) രാജ്യത്തെ എല്ലാ ജില്ലകളിലും നിലവില്‍ സജീവമാണ്. ലഹരി പദാര്‍ത്ഥങ്ങളുടെ ദുരുപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് യുവാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാല കാമ്പസുകളിലും സ്കൂളുകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിലൂടെ സാമൂഹ്യപങ്കാളിത്തവും ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് പ്രചാരണ പരിപാടിയുടെ ലക്ഷ്യം.
നശാമുക്ത് ഭാരത് അഭിയാന്റെ നേട്ടങ്ങൾ:
- ഇതിനകം വിവിധ പ്രവർത്തനങ്ങളിലൂടെ 5.26 കോടി യുവാക്കളും 3.31 കോടി സ്ത്രീകളുമടക്കം 15.78 കോടി പേരെ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരിച്ചു.
- 4.31 ലക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം പ്രചാരണ പരിപാടിയുടെ സന്ദേശം രാജ്യത്തെ കുട്ടികളിലേക്കും യുവാക്കളിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കി.
- 20,000-ത്തിലധികം മുഖ്യ സന്നദ്ധപ്രവര്‍ത്തകരുടെ ശക്തമായ സേനയെ തിരഞ്ഞെടുത്ത് പരിശീലനം നൽകി.
- ഔദ്യോഗിക ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ക്യാമ്പയിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നു.
- നശാമുക്ത് ഭാരത് അഭിയാന്‍ പ്രവർത്തനങ്ങളുടെ വിവരശേഖരണം നടത്താനും ജില്ലകള്‍ക്കും മുഖ്യ സന്നദ്ധപ്രവര്‍ത്തകര്‍ക്കും അവ തത്സമയം ജില്ലാ - സംസ്ഥാന - ദേശീയ തലങ്ങളിൽ പങ്കിടാനും മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്ത് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കി.
- ഉപയോക്താവിനും മറ്റുള്ളവര്‍ക്കും ക്യാമ്പയിനെക്കുറിച്ച് വിശദവിവരങ്ങളും ഉള്‍ക്കാഴ്ചകളും, ഓൺലൈൻ ചർച്ചാ ഫോറം, എന്‍എംബിഎ ഡാഷ്‌ബോർഡ്, ഇ-പ്രതിജ്ഞ എന്നിവ എന്‍എംബിഎ വെബ്‌സൈറ്റില്‍ (http://nmba.dosje.gov.in ) നല്‍കി.
- 99,595 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 1.67 കോടിയിലേറെ വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു.
- യുവാക്കളുമായും മറ്റ് പങ്കാളികളുമായും പരസ്പരം ഇടപഴകാനും ബന്ധപ്പെടാനുമായി 'നശേ സേ ആസാദി- ഒരു ദേശീയ യുവജന-വിദ്യാർത്ഥി ഇടപെടൽ പരിപാടി', 'നയാ ഭാരത്, നശാമുക്ത് ഭാരത്', 'NMBA -യും NCC-യും തമ്മില്‍ സംവാദം' തുടങ്ങിയവ പതിവായി സംഘടിപ്പിച്ചുവരുന്നു.
- NMBA -യെ പിന്തുണയ്ക്കാനും ബഹുജന അവബോധ പ്രവർത്തനങ്ങൾ നടത്താനും ദി ആർട്ട് ഓഫ് ലിവിംഗ്, ബ്രഹ്മ കുമാരീസ്, സന്ത് നിരങ്കാരി മിഷൻ, രാം ചന്ദ്ര മിഷൻ (ദാജി), ഇസ്‌കോൺ, ഓൾ വേൾഡ് ഗായത്രി പരിവാർ തുടങ്ങിയ ആത്മീയ- സാമൂഹ്യ സേവന സംഘടനകളുമായി ധാരണാപത്രങ്ങൾ ഒപ്പുവെച്ചു.
- പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് എല്ലാ ലഹരിമുക്തി കേന്ദ്രങ്ങളും ജിയോ-ടാഗ് ചെയ്തു.
ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ രാജ്യത്തിന്റെ സാമൂഹ്യഘടനയെ പ്രതികൂലമായി ബാധിക്കുന്നു. ഏതെങ്കിലും ലഹരി പദാർത്ഥത്തിന് അടിമപ്പെടുന്നത് വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല, കുടുംബത്തെയും മുഴുവൻ സമൂഹത്തെയും തകര്‍ക്കുന്നു. മാനസികതലത്തെ ബാധിക്കുന്ന വിവിധ വസ്തുക്കളുടെ പതിവ് ഉപഭോഗം വ്യക്തിയെ ഇതിന് അടിമപ്പെടുത്തുന്നു. ചില ലഹരി പദാര്‍ത്ഥങ്ങള്‍ നാഡി - മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കും ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്കും അപകടങ്ങൾ, ആത്മഹത്യകൾ, അക്രമം മുതലായവയിലേക്കും നയിച്ചേക്കാം. അതിനാൽ ലഹരിവസ്തുക്കളുടെ ഉപയോഗവും ആസക്തിയും മാനസിക-സാമൂഹ്യ-ആരോഗ്യ പ്രശ്നമായി കാണേണ്ടതുണ്ട്.
ഓരോ വർഷവും ജൂൺ 26 'മയക്കുമരുന്ന് ദുരുപയോഗത്തിനും നിയമവിരുദ്ധ കടത്തിനും എതിരായ അന്താരാഷ്ട്ര ദിന’മായി ആചരിക്കുന്നു. 2025 ജൂൺ 1 മുതൽ 26 വരെ നശാമുക്ത് ഭാരത് അഭിയാന് കീഴില്‍ ബോധവൽക്കരണ പരിപാടികളും ചടങ്ങുകളും സംഘടിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും രാജ്യത്തുടനീളം മയക്കുമരുന്ന് ലഭ്യത കുറയ്ക്കുന്നതിനായി ആവിഷ്ക്കരിച്ച ദേശീയ പ്രവർത്തന പദ്ധതി (NAPDDR ) പ്രകാരം മന്ത്രാലയം പിന്തുണയ്ക്കുന്ന ഗവണ്മെന്റിതര സംഘടനകളോടും സന്നദ്ധ സംഘടനകളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാജ്യമെങ്ങും ഒരു ജനകീയപ്രസ്ഥാനമായി ഈ ക്യാമ്പയിന്‍ എത്തിച്ചേരുമെന്ന് ഉറപ്പാക്കാന്‍ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.
*****
(Release ID: 2139756)