രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന 9-ാമത് സംയുക്ത പ്രതിരോധ സമിതി യോഗത്തിൽ പങ്കടുത്ത ഇന്ത്യൻ പ്രതിനിധി സംഘത്തിന് പ്രതിരോധ സെക്രട്ടറി നേതൃത്വം നൽകി.

പ്രതിരോധ ഉത്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യയുടെ വളർന്നുവരുന്ന സ്വാധീനം യോഗത്തിൽ ഉയർത്തിക്കാട്ടി

അന്തർവാഹിനി സഹകരണ മേഖലയിൽ രണ്ട് കരാറുകൾ ഒപ്പുവച്ചു

Posted On: 24 JUN 2025 5:34PM by PIB Thiruvananthpuram
2025 ജൂൺ 23, 24 തീയതികളിൽ ജോഹന്നാസ്ബർഗിൽ നടന്ന 9-ാമത് സംയുക്ത പ്രതിരോധ സമിതി  (Joint Defence Committee -JDC) യോഗത്തിനായി ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യൻ പ്രതിനിധി സംഘത്തിന് പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ് നേതൃത്വം നൽകി. ദക്ഷിണാഫ്രിക്കയിലെ ആക്ടിംഗ് പ്രതിരോധ സെക്രട്ടറി ഡോ. തോബെക്കിലെ ഗമേഡാണ് ദക്ഷിണാഫ്രിക്കൻ പ്രതിനിധി സംഘത്തെ നയിച്ചത്. രണ്ട് സഹ-അധ്യക്ഷന്മാരും ചേർന്ന് അജണ്ട നിശ്ചയിക്കുകയും JDC-ക്കു മുന്നിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ട് ഉപസമിതികൾക്ക് വിശാലമായ മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്തതോടെയാണ് യോഗത്തിന്റെ ആദ്യ ദിനത്തിന് ആരംഭമായത്. ഇരുപക്ഷവും സ്വന്തം പ്രതിരോധ വ്യവസായ മേഖലകളുടെ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു.

ദക്ഷിണാഫ്രിക്കയുമായുള്ള ചരിത്രപരമായ ബന്ധങ്ങൾ അനുസ്മരിച്ച പ്രതിരോധ സെക്രട്ടറി, ഉഭയകക്ഷി പ്രതിരോധ സഹകരണത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ചു. പ്രതിരോധ ഉത്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യയുടെ വളർന്നുവരുന്ന ശേഷി അദ്ദേഹം എടുത്തു പറഞ്ഞു. ദക്ഷിണാഫ്രിക്കയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

യോഗത്തിന്റെ രണ്ടാം ദിനം, ഉഭയകക്ഷി താത്പര്യമുള്ള മേഖലകൾ ചർച്ച ചെയ്യുകയും ഇന്ത്യ-ദക്ഷിണാഫ്രിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള  മാർഗ്ഗങ്ങൾ ആരായുകയും ചെയ്തു. അന്തർവാഹിനി സഹകരണ മേഖലയിൽ പുതുതായി ഒപ്പുവച്ച രണ്ട് കരാറുകൾ യോഗത്തിൽ കൈമാറ്റം ചെയ്യപ്പെട്ടു.

പ്രതിരോധ നയവും സൈനിക സഹകരണവും; പ്രതിരോധ സംഭരണം, ഉത്പാദനം, ഗവേഷണം, വികസനം എന്നിവ സംബന്ധിച്ച രണ്ട് ഉപസമിതികൾ ചർച്ചകളുടെ ഫലങ്ങൾ JDC യെ ധരിപ്പിച്ചു. ഇന്ത്യൻ പ്രതിനിധി സംഘത്തിൽ പ്രതിരോധ വകുപ്പ്, പ്രതിരോധ ഉത്പാദന വകുപ്പ്, സേവനങ്ങൾ, ഇന്ത്യൻ ഹൈക്കമ്മീഷൻ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.

കൊളോണിയലിസത്തിനെതിരായ പോരാട്ടത്തിന്റെ പൊതു സ്വഭാവത്തിലൂടെ ആഴത്തിൽ വേരൂന്നിയ പൊതുവായ ചരിത്രമാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ബന്ധങ്ങൾക്കുള്ളത്. 1996 മുതൽ ആരംഭിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം. അന്നാണ് 'പ്രതിരോധ ഉപകരണ മേഖലയിലെ സഹകരണം' സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചത് . 2000-ലെ ധാരണാപത്രത്തിലൂടെ ഇത് കൂടുതൽ മെച്ചപ്പെടുത്തി.
 
*****

(Release ID: 2139455)