ധനകാര്യ മന്ത്രാലയം
കയറ്റുമതി അധിഷ്ഠിത വളർച്ച പ്രോത്സാഹിപ്പിക്കാന്ല കൈക്കൊണ്ട സുപ്രധാന നയനടപടികൾ എക്സിം ബാങ്ക് വ്യാപാര കോൺക്ലേവിൽ എടുത്തുപറഞ്ഞ് കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും രാജ്യം കയറ്റുമതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി ശ്രീമതി നിർമല സീതാരാമൻ
ഉഭർതേ സിതാരേ പരിപാടിയിലൂടെ പിന്തുണ നല്കുന്ന തിരഞ്ഞെടുത്ത ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് കേന്ദ്ര ധനമന്ത്രിയും സഹമന്ത്രിയും ചേര്‍ന്ന് അനുമതിപത്രങ്ങള്‍ കൈമാറി
Posted On:
24 JUN 2025 6:13PM by PIB Thiruvananthpuram
വികസിത ഭാരതമെന്ന ലക്ഷ്യത്തോടെ കയറ്റുമതി അധിഷ്ഠിത വളർച്ചയിലേക്ക് മുന്നേറുന്നതിന്റെ ഭാഗമായി എക്സ്പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ (എക്സിം) 2025 ജൂൺ 24-ന് വ്യാപാര കോൺക്ലേവ് സംഘടിപ്പിച്ചു.

സാമ്പത്തിക വിടവുകൾ നികത്തി അപകടസാധ്യതയേറിയ വിപണികളിലേക്ക് പ്രവേശിക്കാന്‍ രാജ്യത്തെ കയറ്റുമതിമേഖലയെ പ്രാപ്തമാക്കുന്നതിലൂടെ വ്യാപാരം സുഗമമാക്കുന്ന രാജ്യത്തെ ഇത്തരത്തിലെ ആദ്യ സംരംഭമാണ് എക്സിം ബാങ്കിന്റെ വ്യാപാര സഹായ പരിപാടിയെന്ന് (ടിഎപി) കോണ്‍ക്ലേവില്‍ കേന്ദ്ര ധന - കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ വ്യക്തമാക്കി. 2022-ൽ ടിഎപിയ്ക്ക് തുടക്കം കുറിച്ചതുമുതല്‍ 100-ലേറെ വിദേശ ബാങ്കുകളുമായി എക്സിം ബാങ്ക് പങ്കാളിത്തം സ്ഥാപിച്ചുവെന്നും 51 രാജ്യങ്ങളിലായി 1,100-ലധികം കയറ്റുമതി ഇടപാടുകൾ സുഗമമാക്കുന്നുവെന്നും മന്ത്രി എടുത്തുപറഞ്ഞു.

രാജ്യത്തെ കയറ്റുമതിക്കാരെ ശാക്തീകരിക്കാനും കയറ്റുമതി അധിഷ്ഠിത വളർച്ച പ്രോത്സാഹിപ്പിക്കാനും സർക്കാർ സ്വീകരിച്ച പ്രധാന നടപടികൾ ധനമന്ത്രി വിശദീകരിച്ചു. ഗതാഗതത്തിലും ചരക്കുനീക്കത്തിലും ഗണ്യമായ നിക്ഷേപമുണ്ടായതായും ഇത് വിതരണ ശൃംഖലയുടെ കാര്യക്ഷമതയും ആഗോള മത്സരക്ഷമതയും മെച്ചപ്പെടുത്തുവെന്നും ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.
എംഎസ്എംഇകളുടെ നിർവചന പരിഷ്കരണം, ഉദ്യം രജിസ്ട്രേഷൻ, വായ്പാ ഗ്യാരണ്ടി പദ്ധതികളുടെ നവീകരണം, ടിആർഇഡിഎസ്, എക്സിം ബാങ്കിന്റെ ഉഭർതേ സിതാരേ പരിപാടി തുടങ്ങിയ പ്രധാന സംരംഭങ്ങളിലൂടെ എംഎസ്എംഇകളെ പിന്തുണയ്ക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഐടിഎഫ്എസ്, ഗിഫ്റ്റ് സിറ്റിയിലെ എക്സിം ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ എക്സിം ഫിൻസെർവ് തുടങ്ങിയ വേദികളിലൂടെ വ്യാപാര ധനസഹായങ്ങള്‍ കൂടുതല്‍ പ്രാപ്യമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.
‘ജില്ലകള്‍ കയറ്റുമതി കേന്ദ്രങ്ങള്‍’ എന്ന സംരംഭത്തിന് കീഴിൽ കയറ്റുമതിക്കാർക്ക് പ്രത്യേക സാമ്പത്തിക മേഖലകൾക്കപ്പുറം നേരിട്ട് പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന തരത്തില്‍ ക്ലസ്റ്റർ വ്യാപാര വികസനം പിന്തുടരുന്നതായും ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.

യൂറോപ്യൻ യൂണിയനുമായും അമേരിക്കയുമായും സ്വതന്ത്രവ്യാപാര കരാറുകള്‍ (എഫ്ടിഎ) അന്തിമ ഘട്ടത്തിലെത്തിയതായും മറ്റ് നിരവധി മേഖലകളുമായി എഫ്ടിഎ സംബന്ധിച്ച് സജീവമായി ചർച്ചകൾ ഇന്ത്യ നടത്തിവരുന്നതായും ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. ഉൽപ്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയുടെ പങ്ക് എടുത്തുപറഞ്ഞ ധനമന്ത്രി പദ്ധതിയിലൂടെ കയറ്റുമതി മൂല്യം 5.3 ലക്ഷം കോടി രൂപ പിന്നിട്ടതായും അറിയിച്ചു.
ഇന്ത്യൻ കയറ്റുമതിരംഗത്തെ വർധിച്ചുവരുന്ന മത്സരശേഷിയും എംഎസ്എംഇ ഉള്‍പ്പെടെ ഇന്ത്യൻ സംരംഭങ്ങൾക്ക് വായ്പാ ലഭ്യത വർധിപ്പിക്കാന്‍ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളും ചടങ്ങിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി ശ്രീ പങ്കജ് ചൗധരി എടുത്തുപറഞ്ഞു.
വികസിത ഭാരതത്തില്‍ സുസ്ഥിര സാമ്പത്തിക വളർച്ചയും വ്യാപാരവും മുന്നോട്ടു നയിക്കാന്‍ രാജ്യത്തെ സാമ്പത്തിക സംവിധാനം പൂര്‍ണസജ്ജമാണെന്ന് കേന്ദ്ര ധനകാര്യ സേവന വകുപ്പ് സെക്രട്ടറി ശ്രീ. എം. നാഗരാജു അഭിസംബോധനയില്‍ പറഞ്ഞു.
എക്സിം ബാങ്കിന്റെ വ്യാപാര സഹായ പരിപാടിയിലൂടെ (ടിഎപി) കൈവരിച്ച സുപ്രധാന നാഴികക്കല്ലുകൾ കോൺക്ലേവിൽ പ്രത്യേകം അവതരിപ്പിച്ചു.
ചടങ്ങിൽ ലഖ്നൗ, ഇൻഡോർ, ബ്രസീലിലെ സാവോ പോളോ എന്നിവിടങ്ങളിലെ എക്സിം ബാങ്കിന്റെ പുതിയ ഓഫീസുകൾ കേന്ദ്ര ധനകാര്യ സഹമന്ത്രി ശ്രീ പങ്കജ് ചൗധരിയുടെയും കേന്ദ്ര ധനകാര്യ സേവന വകുപ്പ് സെക്രട്ടറി ശ്രീ എം. നാഗരാജുവിന്റെയും സാന്നിധ്യത്തിൽ കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നിലവിലെ കയറ്റുമതിക്കാരെയും ഈ രംഗത്തേക്ക് കടന്നുവരാനാഗ്രഹിക്കുന്നവരെയും പിന്തുണയ്ക്കുന്നതിലും പുതിയ വിപണികളിലേക്ക് പ്രവേശനം സുഗമമാക്കുന്നതിലും ഈ ഓഫീസുകൾ സുപ്രധാന പങ്കുവഹിക്കും.
ഇന്ത്യൻ കമ്പനികൾക്ക് കയറ്റുമതി ശേഷി വർധിപ്പിക്കാനും മൂല്യ ശൃംഖല ഉയർത്താനും വിവിധ ഭൂമിശാസ്ത്ര മേഖലകളിലുടനീളം സങ്കീർണ കയറ്റുമതി പദ്ധതികള്‍ ഏറ്റെടുക്കാനും ബാങ്കിന്റെ പിന്തുണ പ്രധാന സഹായമായി മാറിയെന്ന് എക്സിം ബാങ്ക് മാനേജിംഗ് ഡയറക്ടർ ശ്രീമതി ഹർഷ ബംഗാരി കോൺക്ലേവിൽ അഭിപ്രായപ്പെട്ടു.
ഉഭർതേ സിതാരേ പരിപാടിയില്‍ പിന്തുണ നല്കുന്ന തിരഞ്ഞെടുത്ത എസ്എംഇകൾക്ക് ശ്രീമതി നിർമല സീതാരാമൻ അനുമതിപത്രങ്ങള്‍ കൈമാറി. ഈ രംഗത്ത് സാധ്യതയേറിയ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാന്‍ ഐഐടി കാൺപൂരുമായി എക്സിം ബാങ്ക് ഒരു സാങ്കേതിക സഹായ കരാറും കൈമാറി.
‘ഇന്ത്യയുടെ ഊർജ പരിവർത്തനത്തിന് നിർണായക ധാതുക്കൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകത’, ‘ഇന്ത്യന്‍ പ്രതിരോധ ഉപകരണ വ്യവസായം: പുതിയ ലക്ഷ്യങ്ങള്‍ തേടുന്നു’ , ‘ആസിയാൻ-ഇന്ത്യ വ്യാപാര ചരക്ക് കരാറിന് കീഴിലെ തുണിത്തരങ്ങളുടെയും അനുബന്ധ ഉല്പന്നങ്ങളുടെയും വ്യാപാരം: മൂല്യ ശൃംഖല വിശകലനം’ എന്നീ തലക്കെട്ടുകളില്‍ എക്സിം ബാങ്കിന്റെ ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ശ്രീ പങ്കജ് ചൗധരി പുറത്തിറക്കി. മേഖലകളിലെ സമീപകാല മാറ്റങ്ങള്‍ സംബന്ധിച്ച് ഉൾക്കാഴ്ച പകരുന്ന ഈ പഠനങ്ങൾ കയറ്റുമതി മത്സരശേഷി വർധിപ്പിക്കാന്‍ തന്ത്രപരമായ രൂപരേഖയും നൽകുന്നു.
ഇന്ത്യൻ വ്യാവസായികരംഗംത്തെ പ്രമുഖര്‍, ബാങ്കിങ്- ധനകാര്യ സ്ഥാപന മേധാവികൾ, കയറ്റുമതിക്കാർ, കയറ്റുമതി പ്രോത്സാഹന സമിതികള്‍, അക്കാദമികരംഗത്തെ പ്രതിനിധികള്‍ തുടങ്ങി 200-ലധികം പേർ നേരിട്ടും ഓണ്‍ലൈനായും കോണ്‍ക്ലേവിന്റെ ഭാഗമായി.
*****
(Release ID: 2139408)