റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

മഴക്കാലത്തു ദേശീയ പാതകളിലുണ്ടാകുന്ന പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ച് ദേശീയപാത അതോറിറ്റി (NHAI)

വർഷകാലത്തു ദേശീയ പാതകളിൽ വെള്ളക്കെട്ടുണ്ടാകുന്ന പ്രശ്നം പരിഹരിക്കുന്നതിനായി, ദേശീയ പാത അതോറിറ്റി (NHAI) രാജ്യമെമ്പാടും മുൻകരുതൽ നടപടികൾ സ്വീകരിച്ചു.

Posted On: 23 JUN 2025 8:06PM by PIB Thiruvananthpuram
വർഷകാലത്തു ഫലപ്രദമായ പ്രതിവിധികൾ പ്രദാനം ചെയ്യുന്നതിനായി NHAI ബഹുമുഖ സമീപനം സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ, കരാറുകാർ, കൺസൾട്ടന്റുകൾ എന്നിവർ 15 ദിവസത്തെ പ്രത്യേക യജ്ഞം ആരംഭിച്ചു. വിവിധ ദേശീയപാതാ ഭാഗങ്ങൾ പരിശോധിച്ച് വെള്ളക്കെട്ട്, മണ്ണിടിച്ചിൽ തുടങ്ങിയവയ്ക്ക് കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിഞ്ഞ്, ദേശീയപാതകളിലെ പാലങ്ങൾ, കലുങ്കുകൾ തുടങ്ങിയവയിലൂടെ വെള്ളം സുഗമമായി ഒഴുകിപ്പോകാൻ കഴിയുംവിധം നടപടികൾ സ്വീകരിക്കും.
 
കൂടാതെ, മഴവെള്ള സംഭരണ സംവിധാനങ്ങൾ ശുചീകരിക്കുകയും അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കുകയും ചെയ്യും. വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാൻ ‌ഓവുചാലുകളും ജലനിർഗമന മാർഗങ്ങളും പരിരക്ഷിക്കും. വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും സാധ്യതയുള്ള മേഖലകളിലെ താൽക്കാലിക പാതകളിലെയും/ഇടറോഡുകളിലെയും പ്രധാന റോഡുകളിലെയും കുഴികൾ അടയ്ക്കാനും ചെളിവെള്ളം പുറത്തേക്ക് ഒഴുക്കുന്ന കലുങ്കുകൾ, RE വാൾ വീപ്പ് ഹോളുകൾ, ഡ്രെയിനേജ് എന്നിവ വൃത്തിയാക്കാനും ശ്രമങ്ങൾ നടക്കുന്നു. മഴക്കാലത്തു ഗതാഗതം സുരക്ഷിതവും സുഗമവുമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനായി വെള്ളക്കെട്ടി‌നു സാധ്യതയുള്ള വിവിധ ഇടങ്ങളിൽ അടിയന്തര ഉപകരണങ്ങളും മണ്ണുമാന്തി യന്ത്രങ്ങൾ, മണൽച്ചാക്കുകൾ, അടയാളപ്പലകകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
 
ഇതിനുപുറമെ, വെള്ളപ്പൊക്കം/മണ്ണിടിച്ചിൽ എന്നിവയെക്കുറിച്ചു മുൻകൂട്ടി അറിയിക്കുന്നതിനും അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്കു യന്ത്രസാമഗ്രികളും തൊഴിലാളികളെയും വേഗത്തിൽ എത്തിക്കുന്നതിനും നിർവഹണ ഏജൻസികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഭരണസംവിധാനം എന്നിവയുമായി ചേർന്ന് NHAI പ്രവർത്തിക്കുന്നു. കൂടാതെ, ദേശീയപാതകളിൽ വെള്ളപ്പൊക്കം/വെള്ളക്കെട്ട് എന്നിവ ഉണ്ടായാൽ അതിവേഗ സഹായം നൽകുന്നതിന്, ആവശ്യമായ ഉപകരണങ്ങളും യന്ത്രസാമഗ്രികളും അടങ്ങിയ 24x7 ദ്രുത പ്രതികരണ സംഘങ്ങളെ വിവിധ സ്ഥലങ്ങളിൽ വിന്യസിക്കും. അപകടസാധ്യതാപ്രദേശങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിനായി വിവിധ NHAI ഫീൽഡ് ഓഫീസുകളിൽ ദ്രുതപ്രതികരണ സംഘങ്ങൾക്കു രൂപംനൽകിയിട്ടുണ്ട്. 
 
സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണവും മുന്നറിയിപ്പും ഉപയോഗിച്ച്, നിർമിതബുദ്ധി അധിഷ്ഠിത അത്യാധുനിക ഗതാഗത പരിപാലന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ദേശീയ പാതയിലെ യാത്രക്കാർക്കു തത്സമയ കാലാവസ്ഥയും ഗതാഗതവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും NHAI നൽകും. ഇതിനായി രാജ്മാർഗ് യാത്ര ആപ്ലിക്കേഷൻ, ഐ‌എം‌ഡി മേഘ്‌ദൂത് ആപ്ലിക്കേഷൻ, എന്നിവയിലൂടെ മൊബൈൽ ഫോണിൽ മുന്നറിയിപ്പു നൽകും. പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനും റോഡിലെ ചരിവുകൾ ശരിയായ രീതിയിൽ പരിപാലിക്കുന്നതിനും നടപ്പാതയിലെ വിള്ളലുകൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും ഡ്രോണുകളുടെ സഹായവും തേടും.
 
ഇന്ത്യയിൽ കാലവർഷം ആരംഭിച്ചതോടെ, വെള്ളപ്പൊക്കം തടയാനും അടിയന്തര പ്രതികരണം സാധ്യമാക്കുന്നതിനുമായി NHAI വിവിധ മുൻകരുതൽ നടപടികൾ ആരംഭിച്ചു. വർഷകാലത്തു ദേശീയപാത ഉപയോക്താക്കൾക്കു തടസ്സമില്ലാത്ത യാത്രാനുഭവം നൽകുന്നതിന് ഈ നടപടികൾ വളരെയധികം സഹായിക്കും.
 
****

(Release ID: 2139149)