ശാസ്ത്ര സാങ്കേതിക മന്ത്രാലയം
വടക്കുകിഴക്കൻ ഇന്ത്യയിൽ വീഗൻ ലെതർ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST), നോർത്ത് ഈസ്റ്റ് സെന്റർ ഫോർ ടെക്നോളജി ആപ്ലിക്കേഷൻ ആൻഡ് റീച്ച് (NECTAR) എന്നിവ കൈകോർക്കുന്നു.
Posted On:
23 JUN 2025 5:52PM by PIB Thiruvananthpuram
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ സുസ്ഥിര സാങ്കേതികവിദ്യകളും ചാക്രിക സമ്പദ്‌വ്യവസ്ഥയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പിൽ, തിരുവനന്തപുരത്തെ സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർ-എൻഐഐഎസ്ടി), ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നോർത്ത് ഈസ്റ്റ് സെന്റർ ഫോർ ടെക്നോളജി ആപ്ലിക്കേഷൻ ആൻഡ് റീച്ച് (എൻഇസിടിഎആർ) യുമായി ഒരു ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു.
മേഘാലയയിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പൊതു സൗകര്യ കേന്ദ്രങ്ങളും നിർമ്മാണ യൂണിറ്റുകളും സ്ഥാപിക്കുന്നതിനായി സിഎസ്‌ഐആർ-എൻഐഐഎസ്‌ടിയുടെ സസ്യാധിഷ്ഠിത വീഗൻ ലെതർ സാങ്കേതികവിദ്യ NECTAR ന് കൈമാറുന്നതിന് ധാരണാപത്രം സഹായിക്കുന്നു. കാർഷിക മാലിന്യങ്ങളെ ഉയർന്ന മൂല്യമുള്ള സുസ്ഥിര ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിൽ കർഷകർ, എംഎസ്‌എംഇകൾ, സ്ത്രീകൾ നയിക്കുന്ന സ്വയം സഹായ ഗ്രൂപ്പുകൾ എന്നിവയെ ഈ കേന്ദ്രങ്ങൾ പിന്തുണയ്ക്കും.
ന്യൂഡൽഹിയിലെ സിഎസ്ഐആർ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സിഎസ്ഐആർ ഡയറക്ടർ ജനറൽ ഡോ. എൻ. കലൈശെൽവിയുടെ സാന്നിധ്യത്തിൽ, സിഎസ്ഐആർ-എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. ആനന്ദരാമകൃഷ്ണനും എൻഇസിടിഎആർ ഡയറക്ടർ ഡോ. അരുൺ കുമാർ ശർമ്മയും തമ്മിൽ ധാരണാപത്രം കൈമാറി.

വടക്കുകിഴക്കൻ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന കാർഷിക മാലിന്യ വെല്ലുവിളിയെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഡോ. കലൈശെൽവി ഊന്നിപ്പറഞ്ഞു.തുകൽ വ്യവസായത്തിന്റെ പാരിസ്ഥിതിക ആഘാതം ഗണ്യമായി കുറയ്ക്കുന്നതിലൂടെ ഈ സാങ്കേതികവിദ്യ ഒരു സുസ്ഥിര പരിഹാരം നൽകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ, ഇന്നൊവേറ്റ് ഇൻ ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങിയ ദേശീയ ദൗത്യങ്ങളുമായി ഈ സംരംഭം യോജിപ്പിച്ചിരിക്കുന്നു. പ്രാദേശികമായി ലഭ്യമായ കാർഷിക മാലിന്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ, പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വടക്കുകിഴക്കൻ മേഖലയിലെ പരിസ്ഥിതി ഉത്തരവാദിത്തമുള്ള ഉൽപാദന രീതികൾ വളർത്തുക എന്നിവയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം. പൊതുവായ ഉൽപാദന കേന്ദ്രങ്ങളുടെ വികസനത്തിലൂടെ, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിലും, പ്രാദേശിക സമൂഹങ്ങളെ, പ്രത്യേകിച്ച് സ്ത്രീ സംരംഭകരെ, പ്രോത്സാഹിപ്പിക്കുന്നതിലും
ശ്രദ്ധ കേന്ദ്രീകരിച്ച്, NECTAR ഈ പദ്ധതി നടപ്പിലാക്കുന്നതിന് നേതൃത്വം നൽകും.
ഇൻഡോ-ജർമ്മൻ എനർജി പ്രോഗ്രാമിന് കീഴിൽ, CSIR-NIIST, Deutsche Gesellschaft für Internationale Zusammenarbeit (GIZ)-മായി ചേർന്ന് ഒരു സംയുക്ത ഉദ്ദേശ്യ പ്രഖ്യാപനവും (JDI) പ്രഖ്യാപിച്ചു. ഈ സഹകരണം മേൽക്കൂരകളിലും ചുവരുകളിലും ജനാലകളിലും സുഗമമായി ഉൾച്ചേർത്ത ഒരു പരിവർത്തനാത്മക സൗരോർജ്ജ സാങ്കേതികവിദ്യയായ ബിൽഡിംഗ് ഇന്റഗ്രേറ്റഡ് ഫോട്ടോവോൾട്ടെയ്‌ക്‌സ് (BIPV)-നുള്ള ഒരു മികവിന്റെ കേന്ദ്രം (CoE) സ്ഥാപിക്കും. സംയുക്ത പരിശീലനം, ഗവേഷണം, പരിശോധന, സ്റ്റാൻഡേർഡൈസേഷൻ എന്നിവയിലൂടെ, BIPV നവീകരണം വേഗത്തിലാക്കാനും, പ്രാദേശിക ഉൽപ്പാദനത്തെ പിന്തുണയ്ക്കാനും, 309 GW-ൽ കൂടുതൽ ശുദ്ധമായ ഊർജ്ജ സാധ്യതകൾ തുറക്കാനും CSIR-NIIST-ഉം GIZ ഇന്ത്യയും ലക്ഷ്യമിടുന്നു. സൗരോർജ്ജ സംയോജിത അടിസ്ഥാന സൗകര്യങ്ങളിലും ഹരിത കെട്ടിടങ്ങളിലും ലോകത്തെ നയിക്കാനുള്ള ഇന്ത്യയുടെ അഭിലാഷത്തെ ഈ സംരംഭം ശക്തിപ്പെടുത്തുന്നു.
*****
NK
(Release ID: 2139022)