യുവജനകാര്യ, കായിക മന്ത്രാലയം
11-ാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ 1500-ലധികം യോഗ പ്രേമികൾക്കൊപ്പം ഡോ. മൻസുഖ് മാണ്ഡവ്യ യോഗ ചെയ്തു.
Posted On:
21 JUN 2025 5:11PM by PIB Thiruvananthpuram
2025 ലെ അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾക്ക് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു, "യോഗ ലോകത്തെ ഒന്നിപ്പിച്ചു, അതിർത്തികൾക്കപ്പുറം, പശ്ചാത്തലങ്ങൾക്കപ്പുറം, പ്രായത്തിനോ പാടവത്തിനോ അപ്പുറം എല്ലാവർക്കും വേണ്ടിയുള്ളതാണ് യോഗ." പ്രധാനമന്ത്രിയുടെ ദർശനം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ സൈക്ലിംഗ് വെലോഡ്രോമിൽ നടന്ന ഫിറ്റ് ഇന്ത്യ കൾട്ട് യോഗത്തോണിൽ 400 ൽ അധികം മൈ ഭാരത് സന്നദ്ധ പ്രവർത്തകർക്കും 1500 ൽ അധികം യോഗ പ്രേമികൾക്കുമൊപ്പം സൂര്യനമസ്‌ക്കാരം ഉൾപ്പെടെയുള്ള വിവിധ യോഗാഭ്യാസങ്ങൾ പ്രദർശിപ്പിച്ചു. 400 ൽ അധികം മൈ ഭാരത് സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു.


യോഗ സംഗമം മുന്നോട്ടു വച്ച 'ഏക ഭൂമിക്കും ഏകാരോഗ്യത്തിനും യോഗ' എന്ന പ്രമേയത്തെ പിന്തുണച്ചുകൊണ്ട്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) മേഖലാ കേന്ദ്രങ്ങൾ, നാഷണൽ സെന്റർസ് ഓഫ് എക്സലൻസ് (NCOEs), SAI പരിശീലന കേന്ദ്രങ്ങൾ, ഖേലോ ഇന്ത്യ സെന്ററുകൾ (KICs), ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർസ് ഓഫ് എക്സലൻസ് (KISCEs) എന്നിവയുൾപ്പെടെ എല്ലാ കേന്ദ്രങ്ങളിലും യോഗ സംഗമം സംഘടിപ്പിച്ചു. മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ, കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവ് പ്രിയങ്ക ഗോസ്വാമി, പ്രശസ്ത അഭിനേതാക്കളായ ജാക്കി ഭഗ്നാനി, രാകുൽ പ്രീത് സിംഗ്, മധുരിമ തുലി എന്നിവരോടൊപ്പം ഡോ. മാണ്ഡവ്യയും പങ്കെടുത്തു. ഇവരെല്ലാവരും യോഗ ചെയ്തു. കൂടാതെ, ചലച്ചിത്ര അഭിനയ-നിർമ്മാണ ദമ്പതിമാരായ രാകുൽപ്രീത് സിംഗ്, ജാക്കി ഭഗ്നാനി എന്നിവരെ ഫിറ്റ് ഇന്ത്യ ഐക്കണുകളായി പ്രഖ്യാപിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു.

മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജൻ, ടെക്സ്റ്റൈൽസ് മന്ത്രി സഞ്ജയ് സാവ്കറെ, 3000 ത്തിലധികം യോഗ പരിശീലകർ എന്നിവരുടെ സാന്നിധ്യത്തിൽ തന്റെ മണ്ഡലമായ ജൽഗാവിൽ നടന്ന യോഗ സംഗമ പരിപാടിക്ക് കേന്ദ്ര സഹമന്ത്രി രക്ഷ നിഖിൽ ഖഡ്സെ നേതൃത്വം നൽകി. അന്താരാഷ്ട്ര യോഗ ദിനത്തെക്കുറിച്ചും യോഗ സംഗമ സംരംഭത്തെക്കുറിച്ചും സംസാരിച്ച ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു: “അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു. യോഗ നമ്മുടെ സംസ്‌കാരമാണ്. അത് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തണം. 'ഏക ഭൂമിക്കും ഏകാരോഗ്യത്തിനും യോഗ' എന്ന പ്രമേയത്തിലൂന്നിയുള്ള യോഗ സംഗമത്തിന്റെ ഭാഗമായി രാജ്യമെമ്പാടും യോഗ ദിനം ആഘോഷിക്കുന്നു. ഫിറ്റ് ഇന്ത്യ കൾട്ട് യോഗത്തോണിലൂടെ, കായിക മന്ത്രാലയം അന്താരാഷ്ട്ര യോഗ ദിനവും ആഘോഷിക്കുന്നു. ആരോഗ്യത്തോടെയിരിക്കാനും കായികക്ഷമത നിലനിർത്താനും രാജ്യത്തെ എല്ലാ പൗരന്മാരോടും പതിവായി യോഗ പരിശീലിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. കായികക്ഷമതയ്ക്കും ആരോഗ്യകരമായ ജീവിതത്തിനുമുള്ള മന്ത്രമാണ് യോഗ.” ധ്യാനവും യോഗ നിദ്രയും ഉൾപ്പെടെ ഏകദിന യോഗ പരിപാടിയിൽ പങ്കെടുക്കാൻ വ്യത്യസ്ത പ്രായം, പശ്ചാത്തലം, കായികക്ഷമത തലങ്ങളിലുള്ള വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു. ഈ കൂട്ടായ ആഘോഷത്തിന്റെ ഭാഗമായി, യുവജനകാര്യ-കായിക മന്ത്രാലയം യോഗയുടെ നിരന്തര പരിശീലനത്തിനും സമകാലിക ലോകത്ത് അതിന്റെ പ്രസക്തിക്കും വേണ്ടിയുള്ള സമാന പ്രതിബദ്ധത അവർത്തിച്ചുറപ്പിച്ചു.


********************
(Release ID: 2138655)