ഉപരാഷ്ട്രപതിയുടെ കാര്യാലയം
ജൂൺ 25, ‘സംവിധാൻ ഹത്യ ദിവസ്’ (ഭരണഘടന ഹത്യാദിനം) —ഇരുണ്ട കാലത്തിന്റെ ഓർമ്മപ്പെടുത്തൽ: ഉപരാഷ്ട്രപതി
യോഗ ശാന്തി പകരുമെന്നും എല്ലാ പാപങ്ങളെയും കഴുകിക്കളയുമെന്നും അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഉപരാഷ്ട്രപതി
രാജ്യസഭ ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്തവരെ ന്യൂഡൽഹിയിൽ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു
പോസ്റ്റഡ് ഓണ്‍:
20 JUN 2025 4:17PM by PIB Thiruvananthpuram
അടിയന്തരാവസ്ഥ എന്ന നിർണായക ചരിത്ര സംഭവത്തെക്കുറിച്ച് സദസ്സിനെ ഓർമ്മിപ്പിച്ചുകൊണ്ട് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു, "ഏഴു ദിവസങ്ങൾക്കുള്ളിൽ ദുഃഖകരമായ ഒരു വാർഷികത്തിന്റെ ഓർമ്മപ്പെടുത്തൽ ആഗതമാകുന്നതിനെക്കുറിച്ച് ഇന്ന് ഞാൻ ചിന്തിക്കുകയാണ്. 1975-ൽ ബ്രിട്ടീഷുകാരുടെ കൊളോണിയൽ ഭരണകൂടത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടി 28-ാം വർഷത്തിലാണ് അത് സംഭവിച്ചത്. 1975 ജൂൺ 25 ന് അർദ്ധരാത്രിയായിരുന്നു അത്. അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ് ആ ഉത്തരവിൽ ഒപ്പുവച്ചു - രാജ്യത്തെ ആദ്യ അടിയന്തരാവസ്ഥ പ്രഖ്യാപനമായിരുന്നു അത്."
“നിങ്ങൾ വിവേകമുള്ളവരാണ്. ഒരു രാഷ്ട്രപതിക്ക് പ്രധാനമന്ത്രി എന്ന വ്യക്തിയുടെ ഉപദേശപ്രകാരം പ്രവർത്തിക്കാൻ കഴിയില്ല. ഭരണഘടന ഇക്കാര്യത്തിൽ വളരെ വ്യക്തമാണ്. രാഷ്ട്രപതിയെ സഹായിക്കാനും ഉപദേശിക്കാനും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ സമിതിയുണ്ട്. ഇതൊരു ഭരണഘടനാ ലംഘനമായിരുന്നു, അതിന്റെ ഫലം എന്തായിരുന്നു? ഈ രാജ്യത്തെ 100,000-ത്തിലധികം പൗരന്മാരെ മണിക്കൂറുകൾക്കകം തടവിലാക്കി.”ന്യൂഡൽഹിയിലെ വൈസ് പ്രസിഡന്റ് എൻക്ലേവിൽ നടന്ന ഏഴാം ബാച്ച് രാജ്യസഭ ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ (RSIP-7) പങ്കെടുത്തവരുമായി സംവദിക്കവേ ശ്രീ ധൻഖർ പറഞ്ഞു.
നീതിന്യായവ്യവസ്ഥയുടെ നിർണ്ണായക പങ്കിനെക്കുറിച്ച് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു, "ജനാധിപത്യത്തിന്റെ അടിസ്ഥാന സത്ത തന്നെ തകർന്നുവീണ ദുരിതപൂർണ്ണമായ കാലമായിരുന്നു അത്. ജനങ്ങൾ നീതിന്യായ വ്യവസ്ഥയെ ആദരവോടെ കണ്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ജനങ്ങൾക്ക് മൗലികാവകാശങ്ങളുണ്ടെന്നും നീതിന്യായ വ്യവസ്ഥയെ സമീപിക്കാൻ അവകാശമുണ്ടെന്നുമുള്ള മഹത്തായ വിധിനിർണ്ണയം രാജ്യത്തെ ഒമ്പത് ഹൈക്കോടതികൾ നടത്തി. നിർഭാഗ്യവശാൽ, സുപ്രീം കോടതി ഒമ്പത് ഹൈക്കോടതികളുടെയും ഉത്തരവുകളെ റദ്ദാക്കിക്കൊണ്ട് നിയമവാഴ്ചയിൽ വിശ്വസിക്കുന്ന ലോകത്തിലെ ഏതൊരു നീതിന്യായ സ്ഥാപനത്തിന്റെയും ചരിത്രത്തിലെ ഏറ്റവും ഇരുണ്ട വിധി പുറപ്പെടുവിച്ചു. ഭരണനിർവ്വഹണ വിഭാഗത്തിന് ഉചിതമെന്ന് തോന്നുന്നിടത്തോളം കാലം അടിയന്തരാവസ്ഥ തുടരാം എന്നതായിരുന്നു തീരുമാനം."
"രണ്ടാമതായി, അടിയന്തരാവസ്ഥയിൽ മൗലികാവകാശങ്ങളൊന്നുമില്ല എന്ന് പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ സുപ്രീം കോടതി വിധിയിലൂടെ, ഏറ്റവും പഴക്കമേറിയതും ഇപ്പോൾ ഏറ്റവും ഊർജ്ജസ്വലവുമായ ജനാധിപത്യ രാജ്യമായ ഭാരതത്തിൽ, അന്ന് സ്വേച്ഛാധിപത്യം, അധികാരകേന്ദ്രീകരണം, ഏകാധിപത്യം എന്നിവയെ നിയമവിധേയമാക്കി. അതിനാൽ, നിങ്ങൾ ആ സംഭവം ഓർക്കേണ്ടതുണ്ട്, കാരണം നിങ്ങൾ അന്നുണ്ടായിരുന്നില്ല. ഞാൻ ഉണ്ടായിരുന്നു."
ഒരു പ്രധാന സംഭവവികാസത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു, "അതിനാൽ, ഇപ്പോഴത്തെ സർക്കാർ വളരെ വിവേകപൂർവ്വം ചിന്തിച്ചു, 2024 ജൂലൈ 11 ന് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. അതിന് സാധുവായ ഒരു കാരണമുണ്ടായിരുന്നു - നമ്മുടെ റിപ്പബ്ലിക്കിന്റെ 75-ാം വർഷം ആഘോഷിക്കുകയായിരുന്നു അപ്പോൾ. 1947 ൽ നാം സ്വതന്ത്രരായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം നാം നേരത്തെ ആചരിച്ചു. നാം റിപ്പബ്ലിക്കായതിന്റെ 75-ാം വർഷത്തിൽ, 2024 ജൂലൈ 11-ന് ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ ജൂൺ 25 സംവിധാൻ ഹത്യ ദിവസ് ആയി ആചരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
“ഭരണഘടനാ ഹത്യയെ ഒരു ഇരുണ്ട ഓർമ്മപ്പെടുത്തലാക്കി മാറ്റണം - നാം തന്നെയായിരിക്കണം, ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷകരും കാവൽക്കാരും. അതുകൊണ്ട്, നിങ്ങളെല്ലാവരും ശ്രദ്ധാപൂർവ്വം സംഭവങ്ങളെ വിശകലനം ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അപ്പോൾ നിങ്ങൾക്ക് ജനാധിപത്യത്തിന്റെ മൂല്യം മനസ്സിലാകും." അദ്ദേഹം കർത്തവ്യം നിർവ്വഹിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് പറഞ്ഞു.
മറ്റൊരു പ്രധാന വശം ചൂണ്ടിക്കാട്ടിക്കൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, "ഇന്ത്യ സഹവർത്തിത്വത്തിൽ വിശ്വസിക്കുന്ന ഒരു രാജ്യമാണ്. അതായത് നിങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച്, നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച്, നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് നിങ്ങൾ ഒരു മതം ആചരിക്കുന്നു. മധുരത്തിൽ ചാലിച്ച വാഗ്ദാനങ്ങൾ, പ്രലോഭനങ്ങൾ എന്നിവയിലൂടെ നിങ്ങളെ ഒരു മതത്തിലേക്ക് ആകർഷിക്കാൻ കഴിയില്ല. അത് ഇന്ത്യൻ സ്വത്വബോധം നശിപ്പിക്കുന്നതിലേക്കുള്ള ചുവടുവയ്പ്പാണ്. ആർക്കും ഇഷ്ടമുള്ള ഒരു മതം തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. എന്നാൽ വശീകരണം, പ്രലോഭനം എന്നിങ്ങനെ നമ്മുടെ സാംസ്ക്കാരിക മൂല്യങ്ങൾക്ക് വെല്ലുവിളിയുയർത്തുന്ന കെട്ടുപാടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ നമ്മുടെ അടിത്തറ ഇളകും. ഈ മാറ്റം സംഭവിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. ഓരോ വ്യക്തിക്കും ഇത് ശ്രദ്ധിക്കാൻ അവകാശവും കടമയും ഉണ്ട്."
കൂടാതെ, അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ ജഗ്ദീപ് ധൻഖർ ഇങ്ങനെ പറഞ്ഞു, "നാളെ അന്താരാഷ്ട്ര യോഗ ദിനമാണ്, അന്താരാഷ്ട്ര യോഗ ദിനം നമ്മുടെ പാരമ്പര്യത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. യോഗയുടെ ഉത്ഭവം ഭാരതത്തിലാണ്. അതിന്റെ സാരാംശം, നമ്മുടെ വേദങ്ങളിൽ ആഴത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. അഥർവ്വവേദം ആരോഗ്യം, ക്ഷേമം, ശരീരത്തെ എങ്ങനെ പരിപാലിക്കണം എന്നത് സംബന്ധിച്ച ഒരു വിജ്ഞാനകോശമാണ്. ആയതിനാൽ ആ നല്ല സമ്പ്രദായം ലോകവുമായി പങ്കുവെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിൽ തോന്നിയ ആശയത്തിലൂടെ നമുക്ക് ഒരു വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞു," അദ്ദേഹം പറഞ്ഞു.
"2014 സെപ്റ്റംബറിൽ, പ്രധാനമന്ത്രി പദത്തിൽ ആദ്യ കാലാവധി ആരംഭിച്ചപ്പോൾ, ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനിടെ അദ്ദേഹം വ്യക്തമായ ഒരു ആഹ്വാനം നടത്തി. അദ്ദേഹം പറഞ്ഞത് ഞാൻ ഉദ്ധരിക്കുന്നു, 'യോഗ ഇന്ത്യയുടെ പൗരാണിക പാരമ്പര്യത്തിന്റെ വിലമതിക്കാനാവാത്ത സ്വത്താണ്'."
ലോകം ഈ ദർശനത്തെ എപ്രകാരമാണ് സ്വീകരിച്ചതെന്ന് ഉപരാഷ്ട്രപതി വിശദീകരിച്ചു. "ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ, അതായത് 75 ദിവസങ്ങൾക്കുള്ളിൽ, ലോകം അത് ഏറ്റെടുത്തു. ഏറ്റവുമധികം രാജ്യങ്ങൾ, അതായത് 177 രാജ്യങ്ങൾ, 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ 69/131 പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു. അതിനുശേഷം, രാജ്യമെമ്പാടും ഇത് ആഘോഷിക്കപ്പെടുന്നു."
യുവ ഇന്റേണുകളെ അഭിസംബോധന ചെയ്യവേ ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു, “കുട്ടികളേ, ജൂൺ 21-ലെ അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ല യോഗ. ജൂൺ 21 എല്ലാവർക്കും അത് ഓർക്കാനുള്ള ഒരവസരമാണ്. യോഗ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകണം. അത് പരിശീലിക്കാൻ തുടങ്ങുക. ദിവസത്തിൽ ഏത് സമയത്തും നിങ്ങൾക്ക് അത് ചെയ്യാം. അത് നിങ്ങൾക്ക് ശാന്തി പകരും, എല്ലാ പാപങ്ങളിൽ നിന്നും നിങ്ങളെ ശുദ്ധീകരിക്കും, നിങ്ങളിൽ നിന്ന് നിരാശ നീക്കം ചെയ്യും.”
രാജ്യസഭാ സെക്രട്ടറി ജനറൽ ശ്രീ പി സി മോദി, രാജ്യസഭാ അഡീഷണൽ സെക്രട്ടറി ഡോ കെ എസ് സോമശേഖർ, അടക്കമുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
**************
( റിലീസ് ഐ.ഡി: 2138389)
സന്ദര്‍ശക കൗണ്ടര്‍ : 45