തൊഴില്, ഉദ്യോഗ മന്ത്രാലയം
രാജ്യത്തുടനീളമുള്ള 50 ലക്ഷത്തിലധികം അസംഘടിത തൊഴിലാളികൾക്ക്, പിന്തുണ നൽകുന്ന വിവിധ തൊഴിലാളി ക്ഷേമ പദ്ധതികൾ
ക്ഷേമം മുതൽ ശാക്തീകരണം വരെ: മോദി ഗവൺമെന്റിന്റെ കീഴിൽ തൊഴിലാളി ക്ഷേമത്തിനായി കഴിഞ്ഞ 11 വർഷത്തിൽ നടപ്പാക്കിയ സുപ്രധാന പരിഷ്കാരങ്ങൾ
Posted On:
17 JUN 2025 12:53PM by PIB Thiruvananthpuram
രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ, പ്രത്യേകിച്ച് ബീഡി, സിനിമ, ഖനന മേഖലകളിലുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി നിരവധി ക്ഷേമ പദ്ധതികൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ (DGLW) വഴി കേന്ദ്ര തൊഴിൽ, ഉദ്യോഗസ്ഥ മന്ത്രാലയം നിരന്തരമായി നടപ്പിലാക്കുന്നു. 50 ലക്ഷത്തിലധികം തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും നേരിട്ട് സ്വാധീനിക്കുന്ന ഈ പദ്ധതികൾ ഗവൺമെന്റിന്റെ സമഗ്രവും അനുകമ്പ പൂർവവുമായ തൊഴിൽ ക്ഷേമനയത്തിന്റെ നാഴികക്കല്ലായി മാറിയിരിക്കുന്നു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലേബർ വെൽഫെയർ ഓർഗനൈസേഷൻ (LWO), 18 ക്ഷേമ കമ്മീഷണർമാരുടെ മേൽനോട്ടത്തിലൂടെ പ്രാദേശിക തലത്തിൽ സുസ്ഥിര ശൃംഖല സൃഷ്ടിച്ചു കൊണ്ട് രാജ്യമെമ്പാടും ഈ പദ്ധതികൾ നിയന്ത്രിക്കുന്നു. വിദൂര പ്രദേശങ്ങളിലും സേവനങ്ങളുടെ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലും താമസിക്കുന്ന തൊഴിലാളികൾക്ക് സാമൂഹിക സംരക്ഷണം, ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം, ഭവന സഹായം തുടങ്ങിയവ നൽകുക എന്നതാണ് പ്രധാന ലക്ഷ്യം.
ക്ഷേമ സംവിധാനത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് വിദ്യാഭ്യാസ സഹായ പദ്ധതിയാണ്. ഇതിലൂടെ ബീഡി, സിനിമ, കൽക്കരി ഖനി ഇതര തൊഴിലാളികളുടെ കുട്ടികൾക്ക് 1,000 മുതൽ 25,000 രൂപ വരെ വാർഷിക സ്കോളർഷിപ്പുകൾ നൽകുന്നു. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് എല്ലാ വർഷവും ഒരു ലക്ഷത്തിലധികം അപേക്ഷകൾ ലഭിക്കുന്നു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) സ്കോളർഷിപ് തുകയുടെ സുതാര്യവും സമയബന്ധിതവുമായ വിതരണം ഉറപ്പാക്കുന്നു.
ആരോഗ്യ പദ്ധതി പ്രകാരമുള്ള ആരോഗ്യ പരിരക്ഷാസഹായത്തിൽ, ദേശീയ ഡിസ്പെൻസറി ശൃംഖലയിലൂടെയുള്ള ഔട്ട്പേഷ്യന്റ് സേവനങ്ങളും, ഹൃദ്രോഗം, വൃക്ക മാറ്റിവയ്ക്കൽ, അർബുദം, ക്ഷയം, തുടങ്ങിയ ഗുരുതര രോഗങ്ങൾക്കും ലഘു ശസ്ത്രക്രിയകൾ പോലുള്ള പ്രത്യേക ചികിത്സകൾക്കുമുള്ള റീഇംബേഴ്സ്മെന്റും ഉൾപ്പെടുന്നു. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് ജീവൻ രക്ഷയേകുന്ന ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി ലഘു ശസ്ത്രക്രിയകൾക്ക് 30,000 രൂപ മുതൽ അർബുദ ചികിത്സയ്ക്ക് 7.5 ലക്ഷം രൂപ വരെയാണ് സാമ്പത്തിക സഹായം നൽകുന്നത്
2016-ൽ അവതരിപ്പിച്ച പരിഷ്കരിച്ച സംയോജിത ഭവന പദ്ധതി (RIHS) നിർത്തലാക്കുകയും ഇപ്പോൾ അത് പ്രധാനമന്ത്രി ആവാസ് യോജനയിൽ (PMAY) ലയിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, എല്ലാവർക്കും അന്തസ്സുള്ള ഭവനം എന്ന ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയെ മാനിച്ചുകൊണ്ട് 2024 മാർച്ച് 31 വരെ അർഹരായ ഗുണഭോക്താക്കൾക്കുള്ള കുടിശ്ശിക ഗഡു മന്ത്രാലയം വിതരണം ചെയ്യുന്നത് തുടരുന്നു
ഈ ലക്ഷ്യ പദ്ധതികൾ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ജീവിത നിലവാരവും സാമൂഹിക സുരക്ഷയും മെച്ചപ്പെടുത്തുക മാത്രമല്ല, 'എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം' എന്ന ഗവൺമെന്റിന്റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
ക്ഷേമാധിഷ്ഠിത ഭരണത്തോടുള്ള പ്രതിജ്ഞാബദ്ധത മന്ത്രാലയം ആവർത്തിച്ച് സ്ഥിരീകരിക്കുന്നു. വരും വർഷങ്ങളിൽ ഇത് കൂടുതൽ പ്രാപ്യവും സാങ്കേതികവിദ്യ അധിഷ്ഠിതവും ഗുണഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാക്കി മാറ്റുന്നതിനായി ഈ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നത് മന്ത്രാലയം തുടരും.
SKY
******
(Release ID: 2136961)