ദേശീയ മനുഷ്യാവകാശ കമ്മീഷൻ
azadi ka amrit mahotsav

സർവകലാശാലാ തലത്തിലുള്ള വിദ്യാർത്ഥികൾക്കായി NHRC സംഘടിപ്പിക്കുന്ന നാല് ആഴ്ചത്തെ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം ന്യൂഡൽഹിയിൽ ആരംഭിച്ചു

Posted On: 17 JUN 2025 1:58PM by PIB Thiruvananthpuram
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (NHRC) നാല് ആഴ്ച നീണ്ടുനിൽക്കുന്ന സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം 2025, ജൂൺ 16ന് ന്യൂഡൽഹിയിൽ  ആരംഭിച്ചു. സർവകലാശാലാ തലത്തിലുള്ള വിദ്യാർത്ഥികളിൽ മനുഷ്യാവകാശ അവബോധം വളർത്തുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 42 സ്ഥാപനങ്ങളിൽ നിന്ന് വിവിധ  അക്കാദമിക വിഷയങ്ങളിൽ ബിരുദപഠനം നടത്തുന്ന  1,468 അപേക്ഷകരിൽ നിന്നും 80 വിദ്യാർത്ഥികളെ ഈ പ്രോഗ്രാമിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിയമം, സാമൂഹിക ശാസ്ത്രം, സാമൂഹിക പ്രവർത്തനം, മനഃശാസ്ത്രം, പത്രപ്രവർത്തനം, ലിംഗ പഠനം, ഡിജിറ്റൽ മാനവികത, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയിലെ വിദ്യാർത്ഥികൾ ഇതിൽ ഉൾപ്പെടുന്നു.

പരിപാടി ഉദ്ഘാടനം ചെയ്യവെ, NHRC ചെയർപേഴ്‌സൺ ജസ്റ്റിസ് ശ്രീ വി. രാമസുബ്രഹ്മണ്യൻ, ഇന്റേണുകളുടെ വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ പ്രതിഫലിക്കുന്ന ഇന്ത്യയുടെ നാനാത്വത്തിൽ  ഏകത്വത്തിന്റെ ശക്തി എടുത്തുപറഞ്ഞു.  സമാന വിദ്യാർത്ഥികളുമായി ചേർന്ന് നടത്തുന്ന  പഠനത്തിന്റെ പരിവർത്തനാത്മക ശക്തിയെ അദ്ദേഹം ഊന്നിപ്പറഞ്ഞു. അമ്മയുടെ പരിചരണം, അച്ഛന്റെ മാർഗനിർദേശം, സഹോദരങ്ങളുടെ ഉൾക്കാഴ്ചകൾ, സമാനരായ കൂട്ടാളികളുടെ സ്വാധീനം എന്നിവയാണ് ഒരു കുട്ടിയുടെ വളർച്ചയിൽ സഹായിക്കുന്നത് എന്ന്  അദ്ദേഹം പറഞ്ഞു. അവരുടെ മുൻകൈയെടുക്കാനുള്ള സന്നദ്ധതയെ  പ്രോത്സാഹിപ്പിച്ചുകൊണ്ട്, ജീവിതത്തിൽ ഒരു ലക്ഷ്യത്തിനായി അറിവ് നേടേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു. എല്ലാ മനുഷ്യർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ലഭ്യമാകുന്ന ഒരു സമൂഹത്തിന് സംഭാവന നൽകിക്കൊണ്ട് നീതിയും സഹാനുഭൂതിയും സംരക്ഷിക്കാൻ അദ്ദേഹം ഇന്റേണുകളോട് നിർദേശിച്ചു.

തന്റെ മുഖ്യ പ്രഭാഷണത്തിൽ, NHRC സെക്രട്ടറി ജനറൽ ശ്രീ ഭരത് ലാൽ, മനുഷ്യാവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ യുവാക്കളുടെ നിർണായക പങ്കിനെക്കുറിച്ച് ഊന്നിപ്പറഞ്ഞു. ലക്ഷ്യബോധത്തോടെയും സമർപ്പണത്തോടെയും സാമൂഹിക വെല്ലുവിളികളെ നേരിടുന്നതിന് യുവാക്കൾക്കിടയിൽ ആഴത്തിലുള്ള സംവേദനക്ഷമത, പ്രതികരണശേഷി, അനുകമ്പ എന്നിവ വളർത്തിയെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയുടെ നാഗരിക മൂല്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അവകാശങ്ങളോടും ഉത്തരവാദിത്തങ്ങളോടും ഉള്ള സന്തുലിതമായ ഒരു കാഴ്ചപ്പാട് സ്വീകരിക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്നതും നീതിയുക്തവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത വളർത്തിയെടുക്കാനും അദ്ദേഹം ഇന്റേണുകളെ പ്രോത്സാഹിപ്പിച്ചു. മെച്ചപ്പെട്ട ലക്ഷ്യത്തിനായി അവരുടെ ജീവിതം രൂപപ്പെടുത്തുന്നതിന് ഇന്റേണുകൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്റേൺഷിപ്പ് പ്രോഗ്രാമിനെക്കുറിച്ച് ഒരു പൊതു അവലോകനം നൽകിക്കൊണ്ട്, NHRC ജോയിന്റ് സെക്രട്ടറി ശ്രീ സമീർ കുമാർ, ഇത്തരം പരിപാടികളിലൂടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കമ്മീഷൻ നടത്തുന്ന ശ്രമങ്ങൾ  എടുത്തുപറഞ്ഞു. പരിപാടിയുടെ സംവേദനാത്മക സെഷനുകൾ, ഗ്രൂപ്പ് ഗവേഷണ പ്രോജക്ടുകൾ, പുസ്തക അവലോകനങ്ങൾ, പ്രസംഗ  മത്സരങ്ങൾ
, എൻ‌ജി‌ഒകൾ, പോലീസ് സ്റ്റേഷനുകൾ, ജയിലുകൾ, ഷെൽട്ടർ ഹോമുകൾ, മറ്റ് ദേശീയ കമ്മീഷനുകൾ എന്നിവയിലേക്കുള്ള ഫീൽഡ് സന്ദർശനങ്ങൾ എന്നിവ മനുഷ്യാവകാശ പ്രശ്‌നങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ഇന്റേണുകളുടെ അവബോധം വർദ്ധിപ്പിക്കുന്നതിനും നൂതനമായ പരിഹാരങ്ങൾക്ക് പ്രചോദനം നൽകുന്നതിനും, ഈ ലക്ഷ്യത്തോടുള്ള അവരുടെ സമർപ്പണം ശക്തിപ്പെടുത്തുന്നതിനുമായി രൂപകൽപ്പന ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. NHRC ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ വീരേന്ദർ സിംഗ് നന്ദി രേഖപ്പെടുത്തി. 
 
*****

 


(Release ID: 2136960)